മഞ്ജു എല്ലാവരോടും സോറി പറഞ്ഞു കൊണ്ട് തുടങ്ങി. മൂഡ് ശരിയല്ലാത്തോണ്ട് പറ്റിയതാണ്. എല്ലാവരും ക്ഷമിക്കണം. ഐആം റിയലി റിയലി സോറി.
എല്ലാവരും മഞ്ജുവിനോട് ചിരിച്ചപ്പോൾ, മഞ്ജിമയുടെ ചുവന്ന കണ്ണുകളും വീർത്ത മുഖവും, ചുണ്ടിലെ വ്യാജ പുഞ്ചിരിയും കണ്ട് ജ്യുവലും ഫാത്തിമയും ഉറപ്പിച്ചു മനസ്സിൽ എന്തോ കാര്യമായ സങ്കടം ഉണ്ട് മഞ്ജുവിന്, ആരോടും പറയാൻ ഇഷ്ടപെടാത്ത, ഒരു സങ്കടം.
എച്ച് കെട്ടിയ പുഞ്ചിരിയുമായി മഞ്ജു തന്റെ ജോലിക്കാര്യങ്ങൾ തുടർന്നു കൊണ്ട് പോയി. നിഴല് പോലെ ഫാത്തിമ പിന്തുടർന്നിരുന്നു മഞ്ജുവിനെ എപ്പോഴും.
ഈവെനിംഗ് 6 മണിക്ക് ഫാത്തിമ പറഞ്ഞു : മഞ്ജു, നമുക്ക് ഇന്ന് അല്പം നേരത്തെ ക്ലോസ് ചെയ്തു പോവാം.
മഞ്ജു : 4 ദിവസമേ നമ്മുടെ കയ്യിൽ ഉള്ളു. അതിനു മുൻപേ തീർക്കണം.
ഫാത്തിമ : അതൊക്കെ തീരും ഞാനല്ലേ പറയണത്.
ഫാത്തിമ പറഞ്ഞാൽ അത് അന്തിമം ആണ്. പിന്നെ മഞ്ജിമ മറിച്ച് ഒന്നും പറയാൻ പോയില്ല.
കായലരികെ ഉള്ള മഞ്ജിമയുടെ ഇഷ്ടപ്പെട്ട ഹോട്ടലിൽ ഇഷ്ടപ്പെട്ട സീറ്റിൽ മഞ്ജിമക്ക് ഇഷ്ടപ്പെട്ട ഭക്ഷണം മുന്നിൽ വച്ച ശേഷവും യാതൊരു മാറ്റവും ഫാത്തിമ മഞ്ജുവിൽ കണ്ടില്ല. ഉള്ളിൽ എന്തോ കാര്യമായി കിടന്നു കളിക്കുന്നുണ്ട് എന്ന് മനസ്സിലായി ഫാത്തിമക്ക്.
അവിടെ നിന്ന് കുറച്ച് മാത്രം ദൂരമുള്ള വ്യൂ സ്പോട്ടിൽ വണ്ടി നിർത്തി ഫാത്തിമ ചോദിച്ചു : എന്ത് പറ്റി??…
മഞ്ജിമ ഫാത്തിമയെ നോക്കി കണ്ണ് തുറിച്ചു : ഒന്നുല്ല ഇത്ത..
ഫാത്തിമ : മഞ്ജു.. നിനക്ക് അറിയാം, ഈ ഫാത്തിമയിൽ നിന്ന് ആർക്കും ഒന്നും ഒളിക്കാൻ ആവില്ല എന്ന്. പ്രത്യേകിച്ച് നിനക്ക്. പറ…….
മഞ്ജിമയുടെ തൊണ്ട വരണ്ടു. ഉള്ളിൽ അടക്കി പിടിച്ച സങ്കടം പുറത്തു കരച്ചിലായി മാറി.
കാലങ്ങൾക്ക് ശേഷം മഞ്ജിമ കരയുന്നത് കണ്ടപ്പോൾ ഫാത്തിമയുടെ പിടിയും വിട്ടു പോയി. അറിയാതെ ഫാത്തിമക്കും കണ്ണുകൾ നിറഞ്ഞു. മഞ്ജിമയുടെ സ്ഥാനവും അത്രക്കായിരുന്നു ഫാത്തിമയുടെ മനസ്സിൽ.