വലിയ പ്രതാപമുള്ള വീട്ടിൽ നിന്ന് അച്ഛൻ അമ്മയെ കൊണ്ടു വന്നപ്പോൾ,വീട്ടിൽ ഒരുപാട് പേരുണ്ടായിരുന്നു. അച്ഛന്റെ- അച്ഛനും,ചേട്ടനും,ചേട്ടന്റെ ഭാര്യയും,അവരുടെ മക്കളും അങ്ങനെ എല്ലാവരും. അച്ഛൻ പ്രഭാകറിനും അമ്മ ശ്രീദേവിക്കും ആദ്യം ഉണ്ടായ പുത്രനാണ് എന്റെ ചേട്ടൻ അർജുൻ പ്രഭാകർ.രണ്ടു വർഷം കഴിഞ്ഞപ്പോ ചേച്ചിയുണ്ടായി അനുഷ, അതിനു ശേഷം മൂന്ന് വർഷം കഴിഞ്ഞപ്പോഴാണ് എന്റെ വരവ് എനിക്കവർ ആദിത്യൻ എന്ന് പേരിട്ടു. പുറമെ അടുപ്പം കാണിക്കുമെങ്കിലും എന്റെ വരവിനു ശേഷം അമ്മ, അച്ഛനോടുള്ള അടുപ്പം നന്നേ കുറച്ചിരുന്നു.ആരും അറിയാത്ത അച്ഛന്റെ സ്വഭാവം അമ്മക്ക് ആദ്യമേ മനസ്സിലായി കാണും.
അച്ഛനായത് കൊണ്ട് പറഞ്ഞു കൂടാ.എന്നാലും ഈ അവസരത്തിൽ അതോർക്കാതെ വയ്യ!!. നാട്ടിൽ അച്ഛനെക്കാളും വലിയ ചെറ്റ വേറെയുണ്ടായിരുന്നില്ല. ഒളിഞ്ഞു നിന്നിരുന്ന അച്ഛന്റെ വൃത്തികെട്ട സ്വഭാവം,ഏതോരു പെണ്ണിന്റെ കൂടെ റൂമിൽ നിന്ന് പിടിച്ചപ്പോ നാട്ടില്‍ എല്ലാവരുമറിഞ്ഞു. എന്നാ അമ്മയോ? കരഞ്ഞില്ല,നെഞ്ചത്തടിച്ചില്ല,മറ്റുള്ളവരുടെ ആശ്വസിപ്പിക്കലിനോ സഹതാപത്തിനോ മുഖം കൊടുത്തതേയില്ല. അത് മുതലായിരിക്കണം അമ്മായിത്ര ശക്തയാവാൻ തുടങ്ങുയത്.
രഹസ്യമാക്കി വെച്ച സൂക്കേട് അച്ചന്‍ തന്നെ പരസ്യമായി ചെയ്യാൻ തുടങ്ങിയപ്പോഴും . വരവും പോക്കും അമ്മയുടെ ചെവിയിൽ എത്തുമ്പോഴും ഒരിറ്റു കണ്ണുനീർ എന്റമ്മ ഒഴിക്കിയില്ല.
ഞാൻ ആറിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്.സ്കൂൾ വിട്ട് വരുമ്പോ വീട്ടിലെ നിറഞ്ഞ ആള്‍ക്കൂട്ടത്തില്‍ അങ്കലാപ്പു നിറഞ്ഞ മനസ്സുമായി ഞാൻ തിരഞ്ഞത് അമ്മയെയാണ്. വരാന്തയിൽ വെച്ച അച്ഛന്റെ ശരീരത്തിന്റെ അപ്പുറത്ത് മാറി. അച്ഛഛന്റെ ചാരു കസാരയിൽ കാലിൽ കാൽ കേറ്റി വെച്ച് ഇരിക്കുന്ന ആ പ്രൗഡ സ്ത്രീക്ക് അത്ര ശക്തിയും കരുത്തുമുണ്ടെന്ന് വന്നവരുടെ നോട്ടത്തിൽ നിന്നും,പുറു പുറുപ്പില്‍ നിന്നും മനസ്സിലായിരുന്നു.
“ചത്താൽ കത്തിക്കണം!! ഇല്ലേൽ കുഴിച്ചിടണം ”എന്ന് അമ്മയെ ഉപദേശിക്കാന്‍ വന്ന ആരോടോ അമ്മ ഉച്ചത്തിൽ പറയുന്നത് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. അച്ഛന്‍റെ മരണാന്തര ചടങ്ങുകള്‍ പോലും വീട്ടില്‍ നടത്തിയിരുന്നില്ല ,അടിയന്തരത്തിന് വരെ ഞങ്ങളെ അമ്മ സ്കൂളിലേക്ക് അയച്ചിരുന്നു.
അമ്മയുടെ രൗദ്രഭാവം ഞാനാദ്യമായി കണ്ടത് എട്ടിൽ പടിക്കുമ്പോഴാണ്. ഓണത്തിന്റെ അവധിക്ക് വീട്ടിൽ ഇരിക്കുന്ന സമയം.ഡൽഹിയിൽ നിന്ന് ഓണത്തിന് അന്ന് വല്യച്ഛനും വന്നിരുന്നു. കെട്ട് ബീഡി വലിക്കുന്ന അയാളെ എനിക്ക് ഇഷ്ടമല്ലായിരുന്നു.പറമ്പിലും വീടിന്റെ മൂലയിലും ,താഴത്തെ മുറിയിലും, എന്തിന് കുളിമുറിയിൽ വരെ ആ ബീഡിയുടെ മണം നിറഞ്ഞു നിക്കും. കറ പിടിച്ച പല്ല് കാട്ടി അയാൾ ചിരിക്കുമ്പോ ഓക്കാനം വരും. ചേച്ചി അയാളെ കാണുമ്പോത്തന്നെ ഓടി ഒളിക്കും.