“ആ പെണ്ണിനെ നിനക്ക് ഇഷ്ട്ടം ആയിരുന്നു എങ്കില്‍ എന്തുകൊണ്ട് അവളുടെ വിവാഹത്തിന് മുന്‍പ് അവളോട് നീ പറഞ്ഞില്ല? എന്തുകൊണ്ട് നിന്‍റെ അമ്മയോട് പറഞ്ഞ് നിങ്ങളുടെ വിവാഹം നിശ്ചയിച്ചില്ല? അവളും നിന്നെ തീര്‍ച്ചയായും സ്നേഹിച്ചിട്ടുണ്ടാവും, വിക്രം. എത്ര വലിയ വിഡ്ഢിയാണ് നീ!” മറിയ ദേഷ്യത്തില്‍ ചീറി.
“പക്ഷേ അവളുടെ കല്യാണം കഴിഞ്ഞ ശേഷമാണ് ആദ്യമായി ഞാൻ അവളെ കണ്ടത്.” ഞാൻ നിഷ്കളങ്കനായി പറഞ്ഞു.
“ങേ…!!” മറിയ വായും പൊളിച്ച് എന്നെ തുറിച്ചു നോക്കി. “ഈ വിവാഹം കഴിഞ്ഞവരോട് മാത്രം നിനക്ക് സ്നേഹം തോന്നാനുള്ള കാരണം എന്താണ്, വിക്രം!?” അവൾ കുറ്റപ്പെടുത്തും പോലെ ചോദിച്ചു.
“നിന്‍റെ വിവാഹത്തിന് ശേഷം നിന്നെ കണ്ടുമുട്ടിയത് എന്റെ കുറ്റമാണോ? അവളെ ഞാൻ കാണുന്നതിന് മുന്‍പ് അവളുടെ വിവാഹം കഴിഞ്ഞത് എന്റെ കുറ്റം ആണോ?.” ഞാൻ ദേഷ്യത്തില്‍ ചോദിച്ചു.
അതുകേട്ട് മറിയ പൊട്ടിച്ചിരിച്ചതും അവള്‍ക്ക് കണ്ണുരുട്ടി കാണിച്ചിട്ട് ഞാൻ നേരെ നോക്കി വണ്ടി ഓടിച്ചു.
അതുകഴിഞ്ഞ് ഞങ്ങൾ അവരവരുടെ ചിന്തകളില്‍ മുഴുകി.
***************
9:50ന് മീറ്റിംഗ് കഴിഞ്ഞ് തിരികെ പോകുന്ന വഴിക്ക് ഞാൻ മറിയയോട് അഞ്ചന ചേച്ചിയെ കുറിച്ച് പറയാൻ തുടങ്ങി.
ഒരിക്കല്‍ മാത്രം എന്നോടൊപ്പം ഒരു മാളിൽ വച്ച് പ്രഷോബ് ചേട്ടനെ മറിയ കണ്ടിട്ടുണ്ട്.
പക്ഷേ പ്രഷോബ് ചേട്ടനെ അവള്‍ക്ക് ഇഷ്ടമായില്ല എന്ന് അടുത്ത ദിവസം ഓഫീസില്‍ വച്ച് മറിയ പറഞ്ഞു.
കാരണം ചോദിച്ചതിന്,
“കുടിച്ചു മുഖം വീര്‍ത്ത് കണ്ണുകള്‍ ചുവന്ന, വായിൽ നിന്ന് സിഗരറ്റും പിന്നേ പാക്ക് ഐറ്റംസിന്റെ സ്മെൽ മാത്രം വരുന്ന അയാളെ എനിക്ക് ഇഷ്ടപ്പെട്ടില്ല.” എന്നായിരുന്നു മറുപടി.
അവസാനം അഞ്ചന ചേച്ചിയെ കുറിച്ച് ഞാൻ അവളോട് വിശദമായി പറഞ്ഞു. എന്റെ മനസ്സും ഞാൻ തുറന്നു. എന്തായാലും എനിക്ക് പറയാനുള്ളതെല്ലാം കേട്ടു കഴിഞ്ഞിട്ട് എനിക്ക് വട്ടാണെന്ന് മറിയ പ്രഖ്യാപിച്ചു.
“വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞിട്ടും അവളെ നി സ്നേഹിക്കുന്നത് തെറ്റാണ്, വിക്രം!”
ഞാൻ അവളെ തുറിച്ചുനോക്കി. അതിനു ശേഷം അവളോട് മിണ്ടാതെ ഞാൻ മുഖം വീർപ്പിച്ചിരുന്നു.