“ഡാ…ആടെ നില്ലടാ …” മുറുക്കാൻ വായിലിട്ട ശബ്‌ദം വ്യത്യാസത്തോടെ അയാളെന്നെ പുറകിൽ നിന്ന് വിളിച്ചു.നാശം!!എനിക്കങ്ങു കലി കേറി. അമ്മയോടുള്ള ഭയവും ഭക്തിയുമൊന്നും അയാളെന്നോട് കാണിക്കലില്ല.വേണമെന്നില്ല!! എന്നാലെന്നെ ചെറിയ കുട്ടിയെപ്പോലെ ഡാ. ….നിക്കെടാ…..എന്നൊക്കെ അയാള് പറയുമ്പോ ആ ചെപ്പക്കുറ്റിക്ക് ഒന്ന് കൊടുക്കാൻ തോന്നും. ഞാൻ അയാളെ അടിമ ഒന്നുമല്ലല്ലോ! എന്നാലും ഞാൻ നിന്നു. ചന്ദ്രൻ കടയിൽ നിന്ന് ഇറങ്ങി.വായിൽ കവിഞ്ഞ വെറ്റിലയുടെ ചുവന്ന ദ്രാവാകം സൈഡിലേക്ക് തുപ്പി,എന്നെയൊന്നു ആകെ നോക്കി.
“ക്ലാസ്സ് കഴിഞ്ഞല്ല്യോ…മഴയായോണ്ട് വൈകി വൈകി ക്കാണും….” ചുറ്റിനുമുള്ള ആളുകളെ കാണിക്കാൻ പുള്ളി കൃത്രിമമായി ഉണ്ടാക്കിയ വളിഞ്ഞ ചിരിയോടെ എന്നോട് ചോദിച്ചു. ഞാൻ അയാളെ കക്ഷത്താണ് ന്ന് നാട്ടുകാരെ കാണിക്കാനുള്ള ആയാളുടെ വ്യഗ്രത. എനിക്കാ ചോദ്യങ്ങൾ തീരെ പിടിക്കുന്നില്ലന്ന് പുള്ളി എന്റെ മുഖത്തു നോക്കി കണ്ടെത്തിക്കാണും. ഞാനതിന് പട്ടിയുടെ വില കൊടുത്തില്ല!!
“നിനക്ക് മുട്ടായിയോ,ചായയോ വല്ലതും വാങ്ങി തരണോടാ ..?”ചന്ദ്രന്റെ ശബ്‌ദം പൊന്തി.ഞാൻ വില കൊടുക്കാത്തത് അയാളെ ചൊടിപ്പിച്ചെന്ന് ആ ചോദ്യം കേട്ടാലറിയാം.നാലാളു കേൾക്കാൻ പാകത്തിന് അയാളെന്നെ കൊച്ചു കുട്ടിയെ പോലെയാക്കി.അച്ഛനും,ചേട്ടനും നാട്ടുകാരുടെ മുന്നിൽ പരിഹാസ്യരാവുന്ന പോലെ എന്നെയും കൊച്ചക്കാനുള്ള ആയാളുടെ ശ്രമം. ചന്ദ്രന്റെ ചോദ്യം കേട്ടവർ ചെറിയ പുച്ഛത്തോടെ എന്നെ നോക്കി. എനിക്ക് കൈപ്പത്തിയിലൂടെ ഒരു തരിപ്പങ്ങു കേറി.
“ഡാ ചന്ദ്രാ…” ഞാൻ പല്ല് കടിച്ചു മെല്ലെ മുരണ്ടു. അണ്ടിക്ക് അടി കിട്ടിയപോലെ ചന്ദ്രൻ ആ വിളി കേട്ട് ഞെട്ടി.
“അച്ഛനും,എന്റെ ഏട്ടനും നാട്ടുകാർക്കും,നിനക്കും വാലാട്ടിന്ന് കരുതി എന്റെ മുന്നിൽ വെന്ന് ഇമ്മാതിരി ചോദ്യം ചോദിച്ചാലുണ്ടല്ലോ….” അയാളുടെ നേർക്ക് ഇത്തിരികൂടെ അടുത്തുകൊണ്ട് വേറെ ആർക്കും സംശയം വരാതെ ഞാൻ വീണ്ടും മുരണ്ടു. പാവമാണെന്ന് ഇത്രേം കാലം വിചാരിച്ച എന്റെ അടുത്ത് നിന്ന് അയാളിത് പ്രതീക്ഷിച്ചു കാണില്ല.
“പള്ളയിൽ കത്തി കേറ്റും ഞാൻ..പറഞ്ഞില്ലാന്നു വേണ്ട….!!” ഞാനതും കൂടെ പറഞ്ഞു.നാട്ടുകാരെ സംശയിപ്പിക്കാതെ ചിരിച്ചു കൊണ്ട് മാറി. ചന്ദ്രൻന്റെ മുഖത്തു നീര് വെച്ചു. എന്നെ നോക്കാൻ കഴിയാതെ കണ്ണട കയറ്റി വെച്ചയാൾ ചുറ്റിനും നോക്കി.
“മുട്ടായിയും ചായയും പൊതിഞ്ഞു വീട്ടിലേക്ക്, കൊണ്ടുവന്നാ മതി ചന്ദ്രേട്ടാ,ഞാനാടെയിരിക്കാം ഇപ്പൊ സമയം തീരെയില്ല!!….” ഞങ്ങളുടെ സംസാരം പരുങ്ങിയെങ്കിലും നോക്കി നിന്ന,ആളുകൾ കേൾക്കട്ടേന്ന് കരുതിത്തന്നെ ഞാന്‍ വിളംബി.മനസ്സിന് പിടിച്ചു വെച്ച വളി വിട്ട സുഖം.പറയാൻ എനിക്കെവിടുന്ന് ധൈര്യം കിട്ടി? .ചന്ദ്രൻ ചമ്മി നാറിയോന്ന് അറിയില്ല.അയാൾക്ക് നല്ല തൊലിക്കട്ടിയാണ്.എന്നെ നോക്കതെ മുഖത്തു വരുന്ന ഭാവമാറ്റം നാട്ടുകാരെ കാണിക്കാതെ കിട്ടിയതും വാങ്ങി ചന്ദ്രൻ മെല്ലെ എന്റെ അടുത്ത് നിന്ന് മാറി.സന്തോഷം!!അയാൾക്കിട്ട് ഇനിയും കൊട്ടണം.വീട്ടുകാര്യവും,കാര്യങ്ങളും നോക്കുന്നതിന് പകരമായി വടക്കേ പറമ്പിലെ രണ്ടേക്കർ അമ്മ അയാൾക്ക് വർഷങ്ങളായി വിട്ട് കൊടുത്തതാണ്.അതിലെ ആദായം തന്നെ ലക്ഷങ്ങൾ വരും.ഇപ്രാവശ്യം അയാൾ അതിൽ നിന്ന് ഒരു ഇല പറിക്കുന്നത് എനിക്ക് കാണണം. സമ്മതിക്കരുത്!!