“രണ്ട് ദെവസം കൂടെ തരും,ഇറങ്ങീല്ലേൽ ഇത്തിരി വിഷമാവും.എല്ലാര്ക്കും ” എന്നിട്ടും മതിയാവാത്ത ചന്ദ്രന്റെ വിളിച്ചു പറയൽ. ഏട്ടത്തി അവസാനം റോട്ടിൽ നിന്ന് മായുന്ന സമയം ഒന്നുകൂടെ എന്നെ തിരിഞ്ഞു നോക്കി.വയലിനും,മ്രുതംഗവും വീണ്ടും എന്‍റെ പിന്നില്‍ നിന്ന് ഒച്ചവെച്ചു. ഞാൻ കരഞ്ഞില്ലന്നെയുള്ളൂ. ആ രംഗം ഉള്ളിൽ നന്നേ കരയിച്ചു.അമ്മയറിയാതെ ആവില്ല ചന്ദ്രന്റെ ഈ പ്രഹസനം. അമ്മയെ രണ്ട് ചീത്ത പറയാൻ മനസ്സിൽ കണ്ട് ഞാൻ ദേഷ്യത്തോടെ നടന്നു.
“ആ ചെക്കൻ പോയിട്ട് കുറേയായി,പെണ്ണാണെൽ വാടക തരണ്ടേ? വെറുതെ അങ്ങ് കഴിഞ്ഞു കൂടാമെന്നാണോ ?”. കുറച്ചു ദൂരെ എത്തീട്ടും ചന്ദ്രന്റെ ചിരിച്ചുകൊണ്ടുള്ള നീട്ടിയ പറച്ചിൽ ഞെട്ടലായി. ചേട്ടനെവിടെ? ? ഏട്ടത്തി ഒറ്റക്കാണോ ഇപ്പോ കഴിയുന്നത്?
ഏട്ടത്തിയുടെ നോട്ടത്തിന്റെ വിങ്ങൽ മാറാതെ ഞാൻ വീട്ടിലേക്ക് നടന്നു. മുറ്റത്ത് എന്നെ കണ്ട് കൂട്ടിൽ നിന്ന് ചാടിയ അമ്മയുടെ സ്വന്തം കിട്ടു വാലാട്ടി രണ്ടു കുര കുരച്ചു. എന്നോട് ഒട്ടാൻ അവനൊന്നു നോക്കിയെങ്കിലും പെട്ടന്നവന്‍ കൂട്ടിലേക്ക് തന്നെ കേറി. അമ്മ എവിടുന്നോ നോക്കുന്നുണ്ട്. എന്നേക്കാൾ മുന്നേ അത് കണ്ടിട്ടാണ്,കിട്ടു കൂട്ടിലേക്ക് ഓടിയത്.കിട്ടുവിന്റെ കൂടിനു വാതിലുണ്ടേലും,അത് ആരും അടക്കലേയില്ല. ആരേലും വന്ന അമ്മയുണ്ടേൽ അവന്‍ പുറത്തിറങ്ങി കുരച്ചു കൂട്ടിലേക്ക് തന്നെ പോവും. അമ്മ വീട്ടിലില്ലേൽ ആരെയും വീടിന്റെ പരിസരത്തേക്കേ അടുപ്പിക്കില്ല. അമ്മയുടെ ഒരു വിളിപ്പുറത്തു അവനുണ്ട്. അമ്മയോടുള്ള സ്നേഹതിന്‍റെ ഒരംശം പോലും അവന്‍ വേറേ ആരോടും കാണിക്കലില്ല.
കഴിഞ്ഞ വട്ടം വന്നപ്പോ അമ്മയുടെ മാറ്റം കണ്ട് എന്നെ സ്വീകരിക്കാൻ അമ്മ ഉമ്മറത്തുണ്ടാവും എന്ന് കരുതി സ്വപ്നം കണ്ട ഞാന്‍ പൊട്ടനായി. പരിസരത്തു പോലും എന്‍റെ നോട്ടത്തില്‍ അമ്മയില്ല. ഞാൻ എത്തിയത് അമ്മ കണ്ടു എന്നത് കിട്ടുവിന്റെ കൂട്ടിൽ കേറലിൽ നിന്ന് മനസ്സിലായി. ആ കണ്ണുകൾ എന്റെ നേർക്ക് എവിടെനിന്നോ ഉണ്ടെന്ന് ഉറപ്പായപ്പോ,എത്രയായിട്ടും വിട്ട് പോവാത്ത എന്തോരു അനുസരണ,എന്നെ വേഗം അകത്തേക്ക് നടത്തിച്ചു.
ബാഗ് സൈഡിൽ വെച്ചു ഞാൻ സോഫയിലേക്ക് അമർന്നിരുന്നു.ഏട്ടത്തിയമ്മയുടെ കരച്ചിലാണ് കൺ മുന്നിൽ നിറയെ. അമ്മയെ ചീത്ത പറയാൻ അപ്പോ വിചാരിച്ചെങ്കിലും, ഈ വീട്ടിലേക്ക് കേറിയപ്പോ മുതൽ,പുറത്തെ ഈർപ്പമുള്ള ഇരുട്ട് പോലെ എന്റെ മനസ്സിലും പഴയ അമ്മപ്പേടി കയറി തുടങ്ങി.