ജോയല്‍ കൃതജ്ഞതയോടെ രാകേഷിനെ നോക്കി.
“നന്ദി..ഒരുപാട് …എങ്ങനെയാണ് …ഞാന്‍….”
രാകേഷിനെ ആശ്ലേഷിച്ചുകൊണ്ട് ജോയല്‍ പറഞ്ഞു.
വികാരാധിക്യം കാരണം അവന് വാക്കുകള്‍ മുറിഞ്ഞു.
“റിയ അകത്ത് തനിച്ചാണോ?”
രാകേഷ് ചോദിച്ചു.
“അല്ല വേറെ ഒന്നുരണ്ടു പേരുകൂടിയുണ്ട്….ഇപ്പം വന്നതേയുള്ളൂ…”
രവി പുഞ്ചിരിയോടെ പറഞ്ഞു.
“നമുക്ക് അകത്തേക്ക് പോകാം,”
അവര്‍ മൂവരും തിരികെ ഓഫീസിലേക്ക് കയറി.
“വൌ!!”
അകത്ത് കയറിയ നിമിഷം രാകേഷ് ആഹ്ലാദം കൊണ്ട് വിളിച്ചു കൂവി. ഓഫീസില്‍, വാളിനോട് ചേര്‍ന്ന് കിടന്നിരുന്ന സോഫമേല്‍ റിയയിരിക്കുന്നു. കൂടെ ഗായത്രിയും. ചുവന്ന സാരിയില്‍, ചുവന്ന ബ്ലൌസ്സില്‍ സൌന്ദര്യത്തിന്റെ നിറകുടം പോലെയൊരു രൂപം.
റിയയുടെ മടിയില്‍ ഒരു ഏകദേശം മൂന്ന്‍ വയസ്സ് പ്രായമുള്ള, നീലക്കണ്ണുകളുള്ള, തുടുത്ത കവിളുകളുള്ള, ചെറിപ്പഴങ്ങള്‍ പോലെ ചുണ്ടുകളുള്ള ഒരു പെണ്‍കുഞ്ഞ്! റിയയും ഗായത്രിയും കൈകള്‍ കോര്‍ത്ത് പിടിച്ച്, അത്യാഹ്ലാദത്തോടെയാണ് ഇരുന്നിരുന്നത്. രാകേഷിനെ കണ്ട് ഗായത്രി എഴുന്നേറ്റു. രാകേഷ് അവളുടെ നേരെ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. സുഖവും വിശ്രാന്തി നിറഞ്ഞതുമായ ഒരാലിംഗനത്തില്‍ അവരമര്‍ന്നു. പിന്നെ അവന്‍ റിയയുടെ മടിയില്‍ ഇരുന്ന് ആ രംഗമത്രയും കണ്ട് കൌതകത്തോടെ അവരെ നോക്കുന്ന കുഞ്ഞിനെ എടുത്തു.
“ഹായ്…”
അവളുടെ കവിളില്‍ അരുമയോടെ ചുംബിച്ച് രാകേഷ് ചോദിച്ചു.
“എന്താ മോള്‍ടെ പേര്?”
റിയയും ജോയലും ഗായത്രിയും രവിയും രാകേഷിനോടൊപ്പം അവളുടെ കൊഞ്ചുന്ന മൊഴികള്‍ക്കായി കാതോര്‍ത്തു.