രാകേഷിന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ ഷബ്നം ഗായത്രി നീട്ടിയ കയ്യില്‍ മുറുകെപ്പിടിച്ചു. ഗായത്രി അവളെന്താണ് പറയാന്‍ പോകുന്നതെന്നറിയാന്‍ കാതുകള്‍ കൂര്‍പ്പിച്ചു.
“പാവാ എന്‍റെ ഏട്ടന്‍….പൊന്നുപോലെ നോക്കണം…”
മുഖത്തേക്ക് ഇറ്റുവീഴുന്ന കണ്ണുനീര്‍ക്കണങ്ങളോടെ ഗായത്രി തലകുലുക്കി.
“വിട്ടു കളയരുത്…ഇനി…”
“ഇല്ല…”
കണ്ണുനീര്‍കൊണ്ട് മുറിഞ്ഞിടറിയ സ്വരത്തില്‍ ഗായത്രി ഷബ്നത്തിന്‍റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
“അല്ലാഹ്…”
പുഞ്ചിരിയോടെ ഷബ്നം മുകളിലെ ഇലച്ചാര്‍ത്തുകളുടെ വിടവിലൂടെ തെളിയുന്ന ആകാശത്തേക്ക് നോക്കി.
“എനിക്കിനി സന്തോഷത്തോടെ പോകാം…ഒഹ് ..വേദന സഹിക്കാനാവുന്നില്ല…ഏട്ടാ എനിക്ക്….”
“മോളെ..പറ…ഞാന്‍…”
അവളുടെ കയ്യില്‍ പിടിച്ചുകൊണ്ട് ജോയല്‍ ചോദിച്ചു.
“എനിക്ക് …എനിക്ക് ഒരു … എനിക്കൊരുമ്മ തരാമോ…”
ജോയലിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
“മോളെ….”
നുറുങ്ങിയ സ്വരത്തോടെ ജോയല്‍ അവളുടെ മുഖത്തിനു നേരെ ചുണ്ടുകളടുപ്പിച്ചു.
ഷബ്നം ചുണ്ടുകള്‍ അവന്‍റെ ചുണ്ടുകളിലേക്ക് അമര്‍ത്തി.
വിയര്‍പ്പും രക്തവും കണ്ണുനീരും ഉമിനീരും കുതിര്‍ത്തിയ ചുടു ചുംബനം. ദീര്‍ഘനേരം. അസഹ്യമായ വേദനയില്‍ ഗായത്രിയപ്പോള്‍ മിഴികള്‍ തുടച്ചു. രംഗത്തിന്റെ വികാരവായ്പ്പ് കാണാനാവാതെ രാകേഷ് നോട്ടം മാറ്റി. സമീപമുള്ള മരച്ചില്ലകള്‍ ഭീമാകാരമായ കണ്ണുകളോടെ കഴുകന്മാര്‍ പറന്നിറങ്ങുന്നത് രാകേഷ് കണ്ടു. ചുംബനം അവസാനിപ്പിച്ച് ജോയല്‍ അവളുടെ തോളില്‍ അമര്‍ത്തി ഷബ്നത്തെ നോക്കി. അവളുടെ കണ്ണുകളില്‍ പക്ഷെ അപ്പോള്‍ ജീവനില്ലായിരുന്നു. അവന്‍ സാവധാനം അവളുടെ നിശ്ചല ദേഹം നിലത്തേക്ക് കിടത്തി. ഷബ്നം കിടക്കുന്നത് കണ്ട് ജോയലിനെ ചേര്‍ത്ത് പിടിച്ച് ഗായത്രി വിതുമ്പി. അവളെ ചേര്‍ത്ത് പിടിച്ച് ജോയലും അല്‍പ്പനേരം ഷബ്നത്തേ നോക്കി നിന്നു.
“എനിക്ക് ഷബ്നത്തേ ഞാന്‍ പോകുന്നിടത്തേക്ക് കൊണ്ടുപോകണം രാകേഷ്…”
ജോയല്‍ പറഞ്ഞു.
“ഇവള്‍ അനാഥയല്ല…എന്‍റെ … എന്‍റെ അനിയത്തിയാണ്….”
“ചെയ്യാം…”
രാകേഷ് അവന്‍റെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.
“എങ്ങോട്ടാണ് അയയ്ക്കേണ്ടത്?”
ജോയല്‍ രാകേഷിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.