പറയാനായില്ല. അപ്പോഴേക്കും അയാളുടെ മൊബൈലിലേക്ക് ഒരു കോള്‍ വന്നു.
“ഹോം സെക്രട്ടറി!”
പദ്മനാഭന്‍ സാവിത്രിയോടടക്കിയ ശബ്ദത്തില്‍ പറഞ്ഞു.
അയാള്‍ ഫോണിലൂടെ ഗൌരവത്തില്‍ സംസാരിക്കുന്നത് സാവിത്രി കണ്ടു.
“ശ്യെ!!”
ഫോണിലൂടെയുള്ള സംസാരമാവസാനിപ്പിച്ച് നിരാശ നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
“ആ പരനാറീടെ ഡിമാന്‍ഡ് ഗവണ്മെന്റ് അംഗീകരിച്ചു….”
“അപ്പം സന്തോഷിക്കുവല്ലേ വേണ്ടത്?”
സാവിത്രി പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു.
“ഇങ്ങനെ ബുദ്ധി ഇല്ലാതെ സംസാരിക്കല്ലേ!”
അയാള്‍ കയര്‍ത്തു.
“രാകേഷ് ഏത് നിമിഷോം അവനെ പിടിക്കും. തൊട്ടടുത്ത് എത്തി. അപ്പോള്‍ അയാടെ ഡിമാന്‍ഡ് അംഗീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?”
അയാള്‍ ചോദിച്ചു.
“മാത്രമല്ല അവന്‍ നമ്മുടെ മോളെ ഒരു ചുക്കും ചെയ്യില്ല!”
“നിങ്ങള്‍ക്ക് അക്കാര്യത്തില്‍ ഉറപ്പുണ്ട് അല്ലെ?”
സാവിത്രിയുടെ പെട്ടെന്നുള്ള ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം പദ്മനാഭന്‍ ഒന്ന് പതറി.
“നിങ്ങള്‍ക്ക് ഉറപ്പുണ്ട്…”
അവര്‍ തുടര്‍ന്നു.
“അതിനേക്കാള്‍ ഉറപ്പുണ്ട് എനിക്ക്. ജോയല്‍ നമ്മുടെ മോളെ ഒന്നും ചെയ്യില്ല എന്ന്!”
“ജോയലോ?”
അവജ്ഞ നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.
“എന്തൊരു സ്നേഹം അവന്‍റെ പേര് ഉച്ചരിക്കുമ്പോള്‍! എന്ത് പറ്റി നിനക്ക്?”
“പഴയ ജോയല്‍ ഇപ്പോഴത്തെ ജോയലായത് നിങ്ങള്‍ ഒരാള്‍ മൂലമാണ് എന്നറിഞ്ഞത് കൊണ്ട്!”
“സാവിത്രി!”
അയാള്‍ ഞെട്ടിവിറച്ചു. അയാളുടെ കണ്ണുകള്‍ വെളിയിലേക്ക് വന്നു. വായ് പൂര്‍ണ്ണവൃത്താകൃതിയിലായി.
“കഥകളിയില്‍ വേഷം ചെയ്യുവാണോ?”
അവരുടെ സ്വരത്തില്‍ ദേഷ്യം കലര്‍ന്നിരുന്നു.
“നീയെന്താ പറഞ്ഞെ?”
“ഞാന്‍ പറഞ്ഞത് വ്യക്തമായും നിങ്ങള്‍ കേട്ടു. ഒരു ആവര്‍ത്തനത്തിന്റെ ആവശ്യമിനിയില്ല!”
പദ്മനാഭന്‍ തമ്പി സമീപത്തുള്ള ഇരിപ്പിടത്തില്‍ ഇരുന്നു. നെറ്റിയില്‍