കോബ്രാ ഹില്‍സിലെ നിധി 17
CoBra Hillsile Nidhi Part 17 | Author : SmiTha click here for all parts
“ദിവ്യേ,”
ഗായത്രി ദേവി ഡൈനിംഗ് ടേബിളിനരികില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ചു.
“മോളെ, ദിവ്യേ..!”
അവര്‍ ജനാലക്കരികില്‍ നിന്ന്‍ പുറത്തേക്ക് നോക്കി.
“ഈ പെണ്ണിതെവിടെപ്പോയി?”
അവര്‍ സ്വയം ചോദിച്ചു.
“ഒരിക്കല്‍പ്പോലും വീട്ടില്‍ കാണില്ല ദിവ്യേ?”
“മമ്മീ, ഞാനിവിടെയാണ്.
ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം പ്രതികരണം വന്നു.
പുറത്ത് നിന്ന്‍ ദിവ്യയുടെ ശബ്ദം അവര്‍ കേട്ടു.
അവര്‍ വീണ്ടും ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.
“എവിടെ?”
അവര്‍ വിളിച്ചു ചോദിച്ചു.
“ഇവിഎ മമ്മീ, ലോണില്‍,”
അവര്‍ മറ്റൊരു ജനാലയിലേക്ക് ചെന്ന്‍ താഴേക്ക് നോക്കി.
പുറത്ത് ലോണില്‍ ഒരു ബെഞ്ചില്‍ ചാരിയിരിക്കയാണ് ദിവ്യ.
അവള്‍ ക്ഷീണിച്ചിരിക്കുന്നു എന്ന്‍ അവര്‍ കണ്ടു.
“വാ, വന്ന് ലഞ്ച് കഴിക്ക്,”
അവര്‍ അവളെ നോക്കി വിളിച്ചു പറഞ്ഞു.
“മമ്മി ഇങ്ങ് വന്നേ,”
“ഇവളെക്കൊണ്ട് മടുത്തൂലോ ഈശ്വരാ!”
പിറുപിറുത്തുകൊണ്ട് അവര്‍ പുറത്തേക്ക് പോയി.
പോകാന്‍ നേരം ഡൈനിംഗ് ടേബിളിന്‍മേല്‍ വിളമ്പി വെച്ച ഭക്ഷണവും അവര്‍ എടുത്തു.
ലോണിലെ ബെഞ്ചില്‍ കൈകള്‍ പിമ്പിലേക്ക് പിണച്ച് വെച്ച് ചാരിയിരിക്കയായിരുന്നു ദിവ്യ.
നീല ഷര്‍ട്ടും പച്ചനിറമുള്ള മുട്ടപ്പമെത്തുന്ന സ്കര്‍ട്ടും അവള്‍ ധരിച്ചിരുന്നു.
“ഓ..എനിക്ക് വേണ്ടായിരുന്നു മമ്മീ,”
അവരുടെ കൈയിലെ ട്രേയിലേക്ക് നോക്കി ദിവ്യ പറഞ്ഞു.
അവര്‍ ട്രേ ബെഞ്ചില്‍ വെച്ചു.
പിന്നെ അവളുടെ അടുത്ത് ഇരുന്നു.
“ഇത്രേം വലിയ പെണ്ണിനെ ഇപ്പോഴും പിന്നാലെ നടന്ന്‍ ഊട്ടുന്നത്…എവിടേലും കേട്ടിട്ടുണ്ടോ മോളെ നീ?”
“മമ്മീ, ഞാന്‍ പിന്നെ കഴിച്ചോളാം,”
ട്രേ തന്‍റെ നേരെ നീട്ടിയപ്പോള്‍ ദിവ്യ പറഞ്ഞു.
അവള്‍ ആ ട്രേ വാങ്ങി ബെഞ്ചില്‍ വെച്ചു.
“രാധചേച്ചീ ഇങ്ങ് വന്നേ,”
അല്‍പ്പം അകലെ പച്ചക്കറിത്തോട്ടത്തില്‍ ചെടികള്‍ നനയ്ക്കുകയായിരുന്ന ജോലിക്കാരിയെ ദിവ്യ വിളിച്ചു.
“ഇത് കൊണ്ടുപോയി ഭംഗിയായി അടച്ച് ഡൈനിംഗ് ടേബിളില്‍ വെക്ക്,”
ട്രേ രാധയുടെ കയ്യില്‍ കൊടുത്ത് ദിവ്യ പറഞ്ഞു.
“ഇതിലെ ഒരു മണിച്ചോറുപോലും പാഴാക്കാതെ, കളയാതെ എനിക്ക് കഴിക്കേണ്ടതാണ്. ചന്ദ്രനുദിച്ചു കഴിഞ്ഞ്. …”
“മോള് ബാക്കി പറയാന്‍ പോകുന്നത് എന്താണെന്ന് എനിക്കറിയാം,”
രാധ ചിരിച്ചു.
ദിവ്യ അവളെ ചോദ്യരൂപത്തില്‍ കുസൃതിയോടെ നോക്കി.
“അറിയാമോ സോമാലിയായിലും നമ്മുടെ ഒറീസ്സയിലെ കോരാപ്പുട്ടിലും എത്ര കുഞ്ഞുങ്ങളാ ഒരു ദിവസം മരിക്കുന്നതെന്ന്, ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ? ഇതല്ലേ മോള്‍ പറയാന്‍ പോകുന്നെ?”
രാധ ചിരിച്ചു.