“നിന്‍റെ പപ്പായെയോ?”
“എന്‍റെ മുമ്പിലിപ്പോള്‍ പപ്പായും മമ്മീം ഒന്നുവില്ല!”
അവന്‍റെ മുഖം ഭീഷണമായി.
മുഖത്ത് വെറുപ്പും ക്രൂരതയും നിറഞ്ഞു.
“ദേ ആര്‍ ഡാംഡ് ആന്‍ഡ് ഡൂംഡ്…!!”
പക നിറഞ്ഞ സ്വരത്തില്‍ അവന്‍ പറഞ്ഞു.
ജയകൃഷ്ണന് വിമലിന്റെ വാക്കുകള്‍ മനസ്സിലായില്ല.
അവന്‍ ചോദ്യരൂപത്തില്‍ വിമലിനെ നോക്കി.
“അന്ന്‍ ലൈബ്രറീന്ന്‍ കിട്ടിയ മാപ്പ് അയാടെ കയ്യിലുണ്ട്,”
വിമല്‍ തുടര്‍ന്നു.
“ഈ ഗണ്‍ കാണിച്ച് നീ അത് വാങ്ങിക്കണം!”
ജയകൃഷ്ണന്‍ തലകുലുക്കി.
“ദിവ്യേനെ സൊന്തം കൊന്നോളാന്ന്‍ പറഞ്ഞിട്ട് ഇപ്പ എന്നായി?”
ജയകൃഷ്ണന്‍ പരിഹാസത്തോടെ ചോദിച്ചു.
“എന്താവാന്‍!”
ആത്മനിന്ദയോടെ വിമല്‍ പറഞ്ഞു.
“അന്ന്‍ രണ്ട് വെടി ശരിക്കേറ്റതാ. വളരെ കണ്ണിങ്ങായി ഇന്ന്‍ ബോംബും വെച്ചു. അവളെങ്ങനെ ചാകാന്‍! അതെങ്ങനാ ചത്ത് പോയ ഏതോ ഒരു മറ്റവളുടെ പ്രേതവല്ലേ അകത്ത് കെടക്കുന്നെ!”
അന്ന്‍ സന്ധ്യക്കാണ് നരിമറ്റം മാത്തച്ചന്‍ ഉറക്കത്തില്‍ നിന്നും മദ്യ ലഹരിയില്‍ നിന്നുമുണര്‍ന്നത്.
ഉറക്കതില്‍ നിന്ന്‍ കണ്ണുകളും ഓര്‍മ്മകളും നേരെ പോയത് രോഹിതിന്‍റെ ഫോട്ടോയിലേക്കാണ്.
അയാളുടെ പുഞ്ചിരിക്കുന്ന മുഖവും തറച്ചിറങ്ങുന്ന നോട്ടവും അയാളെ വീണ്ടും പരിഭ്രാന്തനാക്കി.
പുറത്തേ നിലാവും ഇരുട്ടും കലര്‍ന്ന ഭൂവിഭാഗവും ആകാശത്തിലേക്ക് ഉയര്‍ന്ന്‍ നില്‍ക്കുന്ന കോബ്രാഹില്‍സിന്‍റെ ശിഖരങ്ങളും അയാളുടെ ഭീതി വര്‍ധിപ്പിച്ചു.
ഫോട്ടോയിലെ രോഹിതിനു ജീവന്‍ വക്കുന്നത് അയാള്‍ അറിഞ്ഞു.
അയാള്‍ ഫോട്ടോയുടെ ഫ്രെയിമില്‍ നിന്ന്‍ ഗ്ലാസ്സുകള്‍ പൊട്ടിച്ച് ഇറങ്ങി വരികയാണ്.
രാജശേഖരവര്‍മ്മയുടെ ലൈബ്രറിയിലെ നിലവറയില്‍, താനും വിമലും മാപ്പുകളുമായി പുറത്തേക്ക് ഇറങ്ങി വന്നുകൊണ്ടിരുന്നപ്പോള്‍ തങ്ങളെ എതിരേറ്റ അതേ രോഹിത്!
കയ്യില്‍ റിവോള്‍വര്‍!
കണ്ണുകളില്‍ അതേ തീയ്! അയാളുടെ രൂപം തന്‍റെ അടുത്തെത്തിയതും അയാള്‍ റിവോള്‍വറിന്‍റെ ബാരല്‍ തന്‍റെ നെറ്റിയില്‍ മുട്ടിച്ചതും അയാള്‍ അറിഞ്ഞു.
“രോഹിത്!!”
അലറി നിലവിളിച്ചുകൊണ്ട് അയാള്‍ ചാടി എഴുന്നേറ്റു.
ആ രൂപം ലൈറ്റര്‍ തെളിയ്ക്കുന്നത് അയാള്‍ കണ്ടു.
തെളിച്ചുപിടിച്ച ലൈറ്റര്‍ അയാള്‍ മുഖത്തിന്‍റെയടുത്തേക്ക് കൊണ്ടുപോയി.
ലൈറ്ററിന്റെ വെളിച്ചത്തില്‍ തനിക്കഭിമുഖമായി നില്‍ക്കുന്ന ആളുടെ മുഖം അയാള്‍ കണ്ടു.
ജയകൃഷ്ണന്‍!
നരിമറ്റം മാത്തച്ചന്‍ ആശ്വാസത്തോടെ ദീര്‍ഘ നിശ്വാസം ചെയ്തു.
തന്‍റെ നെറ്റിയില്‍ മുട്ടി നില്‍ക്കുന്ന റിവോള്‍വറിന്റെ ബാരലിലേക്ക്നോക്കി അയാള്‍ പുഞ്ചിരിച്ചു.
“കമോണ്‍!!”
അയാള്‍ പറഞ്ഞു.
“ആ സാധനം എന്‍റെ നെറ്റീന്ന്‍ മാറ്റ്! മുലകുടി മാറാത്ത പിള്ളേര്‍ക്ക് കളിക്കാനുള്ളതല്ല അത്! ദെന്‍ ടേക് യുവര്‍ സീറ്റ്!”
ജയകൃഷ്ണന്‍ പുഞ്ചിരിച്ചില്ല.
നിര്‍വ്വികാരമായി അവന്‍ അയാളുടെ മുഖത്തേക്ക് നോക്കി.
“എന്‍റെ മിഷന്‍ എന്താണ് എന്ന് തനിക്കറിയോ? അറിഞ്ഞിരുന്നേല്‍ താന്‍ എന്നെ ഇത് പോലെ സ്വാഗതം ചെയ്യുമോ?”
അവന്‍ ചോദിച്ചു.
“മിഷനോ?”
സംഭ്രാന്തിയോടെ അയാള്‍ ചോദിച്ചു.
“എന്ത് മിഷന്‍?”
“യെസ്!!”
അയാളുടെ കണ്ണുകളിലേക്ക് തറച്ചുനോക്കി അവന്‍ പറഞ്ഞു.
“ഐം ഓണ്‍ എ മിഷന്‍! എ മിഷന്‍ റ്റു കില്‍ യൂ!!”
“ജയകൃഷ്ണാ!!”
കോബ്രാഹില്‍സിലെ നിധി 28 [Smitha]
Posted by