റിട്ടയേഡ് മേജര്‍ ആണ് താന്‍!
തന്‍റെ ജ്യേഷ്ഠന്‍ ഈ നഗരത്തില്‍ വളരെ സ്വാധീന ശേഷിയുള്ളയാളാണ്.
തന്നെ എത്രകാലം വേണമെങ്കിലും സംരക്ഷിക്കാന്‍ അദ്ധേഹത്തിന് സാധിക്കും.
എന്നിട്ടാണ് ഒരു എലിയെപ്പോലെ താന്‍ ഇവിടെ ഭയപ്പെട്ട് ഒളിച്ചുകഴിയുന്നത്!
അങ്ങോട്ട് പോവുക തന്നെ!
ജയകൃഷ്ണന്‍ മേശപ്പുറത്ത് വെച്ചിട്ട് പോയ റിവോള്‍വര്‍ അയാള്‍ എടുത്തു.
പുറത്തേക്ക് നടക്കാന്‍ തുടങ്ങിയ നരിമറ്റം മാത്തച്ചന്‍ പെട്ടെന്ന് നിന്നു.
വാതില്‍ക്കല്‍ നിശ്ചലമായി ഒരു ദീര്‍ഘരൂപം നില്‍ക്കുന്നു!
ആ രൂപതിന്റെ ഗന്ധവും പ്രത്യേകതകളും അയാള്‍ തിരിച്ചറിഞ്ഞു.
“വിമല്‍…!! നീ ??”
അയാളില്‍ നിന്ന്‍ വിറയാര്‍ന്ന ശബ്ദം പുറത്ത് വന്നു.
അ രൂപം സാവധാനം അയാളെ സമീപിച്ചു.
ഭിത്തിയിലെ രോഹിതിന്‍റെ ഫോട്ടോ കാറ്റിലുലയുന്നത് അയാള്‍ കണ്ടു.
ഇരുട്ടിലൂടെ തന്നെ സമീപിക്കുന്ന വിമലിന്റെ നേരെ അയാള്‍ റിവോള്‍വര്‍ ചൂണ്ടി.
“അടുക്കരുത്!!”
സംഭീതമായ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
“ഐല്‍ ഷൂട്ട് യൂ!!”
പക്ഷെ വിമല്‍ താകീതിനെ വകവെക്കാതെ സാവധാനം നടന്ന്‍ അയാളുടെ അടുത്തെത്തി.
മുറിയിലേ അരണ്ട പ്രകാശത്തില്‍ അവന്‍റെ മുഖം അയാള്‍ വ്യക്തമായി കണ്ടു.
“ആരാന്‍റെ മക്കളെ വെടിവെച്ചിടുന്ന ശൌര്യം തനിക്ക് ഇപ്പോഴുമുണ്ടോ?”
മരവിച്ച സ്വരത്തില്‍ വിമല്‍ ചോദിച്ചു.
“തന്‍റെ തന്നെ നശിച്ച വിത്തായ എന്നെയും വെടിവെച്ചിടാന്‍??”
അയാള്‍ റിവോള്‍വര്‍ താഴ്ത്തി.
“ജയകൃഷ്ണന്‍ ഇവിടെ വന്നില്ലേ?”
ഇരുട്ടിലൂടെ വികാരരഹിതമായ ശബ്ദത്തിന്റെ മരവിപ്പ് നരിമറ്റം മാത്തച്ചനെ തൊട്ടു.
“ങ്ങ്ഹാ, വന്നിരുന്നു. പക്ഷെ…”
“എന്നിട്ട്? എന്നിട്ട് ആ മാപ്പ് നിങ്ങള്‍ അവനെ എല്പ്പിച്ചോ?”
“വിമല്‍! നീ എന്താ…നിന്നോടല്ലേ പറഞ്ഞെ ഞാന്‍ അതെന്‍റെ കൈയ്യില്‍ …!!”
“യൂ റെച്ചഡ് ഓള്‍ഡ് റാസ്ക്കല്‍…!!”
അവന്‍റെ ശബ്ദത്തിലെ മരവിപ്പ് മാറുന്നതും ദേഷ്യത്തിന്റെ ചൂട് ആ മുറിയില്‍ നിറയുന്നതും അയാള്‍ അറിഞ്ഞു.
അവന്‍റെ ശ്വാസത്തില്‍ നിന്ന്‍ കഞ്ചാവിന്‍റെ ചൂര് തന്‍റെ നാസാരന്ദ്രങ്ങളിലൂടെ ആത്മാവിലെക്കിറങ്ങുന്നതും.
വിമലിന്റെ കൈകള്‍ അയാളുടെ കോളറില്‍ അമര്‍ന്നു.
“നോക്കട്ടെ ഞാന്‍ നേര് പറയിക്കാമോന്ന്‍!!”
അയാള്‍ കുതറി.
പക്ഷെ വിഫലമായി.
വിമലിന്റെ കായിക കരുത്തും മയക്ക് മരുന്നിന്‍റെ ഉന്മാദവും അവന്‍റെയുള്ളിലെ ഐശാചിക ശക്തിയും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ അമിതമായി മദ്യപിച്ച് നിലതെറ്റിയ നരിമറ്റം മാത്തച്ചന് ദയനീയമായി പിടയാനേ കഴിഞ്ഞുള്ളു.
“പറ!!”
വിമല്‍ അലറി.
താന്‍ നില്‍ക്കുന്നിടം കുലുങ്ങുന്നത് അയാള്‍ അറിഞ്ഞു.
“സത്യം പറ1 എവിടെ? എവിടെയാ മാപ്പ് ??”
അവന്‍റെ കൈകള്‍ അയാളുടെ കഴുത്തിന് ചുറ്റും മരണച്ചങ്ങല തീര്‍ത്തു.
“മോനേ…”
അയാള്‍ വിലപിച്ചു.
“മോനേ ..ഞാന്‍…”
വിമലിന്റെ കൈകളുടെ മരണതാളം മുറുകി.
“ഞാന്‍ നിന്‍റെ അപ്പനാണ്…! എന്നെ വിശ്വസ്സിക്ക്!! ഞാന്‍ ..ഞാന്‍ ..നിന്‍റെ അപ്പന്‍…!!”
ശ്വാസം കിട്ടാതെ അയാളില്‍ നിന്ന്‍ അസ്പഷ്ടമായി വാക്കുകള്‍ പുറത്ത് വന്നു.
“എല്ലാ പേപ്പട്ടിയും പട്ടിക്കുഞ്ഞിനോട് പറയുന്നതും ഇത് തന്നെയാ…!!”
കോബ്രാഹില്‍സിലെ നിധി 28 [Smitha]
Posted by