കോബ്രാഹില്‍സിലെ നിധി 29 [Smitha]

Posted by

വിമല്‍ മുഖം കുനിച്ചു.
ഷാര്‍മ്മിലിയുടെ നോട്ടം രാജശേഖരവര്‍മ്മയിലെത്തി.
കുറ്റബോധം നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം അവളെ നോക്കി.
അദ്ദേഹം അവളുടെ നേരെ കൈകള്‍ കൂപ്പി.
ഗായത്രിദേവിയും.
ജയകൃഷ്ണനില്‍ നിന്ന്‍ രാഹുലും ലത്തീഫും ദിവ്യയും കൂട്ടുകാരും കേട്ട അവിശ്വസനീയമായ കഥ വിമല്‍ ആവര്‍ത്തിച്ചു.
ഓരോ വിവരണവും പിന്നിടുമ്പോള്‍ രാജശേഖര വര്‍മ്മയ്ക്കും ഗായത്രിദേവിക്കും തങ്ങളുടെ വിസ്മയം നിയന്ത്രിക്കാനായില്ല.
ലൈബ്രറിയിലെ മാപ്പ് മോഷണ ശ്രമവും രോഹിതുമായുള്ള സംഘട്ടനവും അയാളുടെ കൊലപാതകവും വിവരിക്കപ്പെട്ടപ്പോള്‍ രാജശേഖര വര്‍മ്മ ദുഃഖാകുലനായി.
രോഹിതുമായി താന്‍ പിന്നിട്ട ദിവസങ്ങള്‍ അദ്ധേഹത്തിന്റെ ഓര്‍മ്മയിലേക്ക് വന്നു.
തന്‍റെ നേര്‍ക്കുണ്ടായ അയാളുടെ വിശ്വസ്ഥതയുടെ ആഴമോര്‍ത്തപ്പോള്‍ അദ്ധേഹത്തിന് ആത്മന്ദതോന്നി.
എത്ര ക്രൂരമായി താന്‍ രോഹിതിനെ അവിശ്വസിച്ചു.
അയാളുടെ മരണത്തിനു താനാണ് കാരണം.
അദ്ദേഹം ഷാര്‍മ്മിലിയെ നോക്കി.
കൈത്തലം കൊണ്ട് മുഖം മറച്ച് കുനിഞ്ഞിരിക്കയാണ് അവള്‍.
അദ്ദേഹം അവളെ സമീപിച്ചു.
“മോളെ…”
അദ്ദേഹം അവളുടെ തോളില്‍ കൈത്തലമമര്‍ത്തി.
ഷാര്‍മ്മിലി കണ്ണുനീരോടെ അദ്ധേഹത്തെ നോക്കി.
അതിനിടയില്‍ മറ്റൊരു സത്യം കൂടി പുറത്ത് വന്നു.
രാജശേഖര വര്‍മ്മയുടെ സെക്രട്ടറി ഷേര്‍ലിയെ കൊല്ലാനും വിമല്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയിരുന്നു.
ഷേര്‍ലിയും ജയകൃഷ്ണനുമാണ് തനിക്കെതിരെ വരാവുന്ന തെളിവുകള്‍ എന്ന് വിമല്‍ അറിഞ്ഞിരുന്നു.
അവര്‍ ജീവിച്ചിരുന്നാലുണ്ടാവുന്ന ആപത്തുകള്‍ അവന്‍ മുന്‍കൂട്ടി കണ്ടിരുന്നു.
വിവരണം കഴിഞ്ഞപ്പോള്‍ സംഘം വീണ്ടും വിമലിനെ യജ്ഞകുണ്ഡത്തിനടുത്തെക്ക് നടത്തിച്ചു.
വിമലാണ് ദിവ്യയുടെ നേര്‍ക്കുണ്ടായ വധശ്രമങ്ങളുടെയൊക്കെ പിന്നില്‍ എന്നറിഞ്ഞ് ജനക്കൂട്ടം ഇരമ്പി മറിഞ്ഞു.
അവര്‍ അയാളുടെ നേര്‍ക്ക് ഇരച്ചെത്തി.
രാഹുലിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ഇന്‍സ്പെകടര്‍ അബ്രാഹം കോണ്‍സ്റ്റബിള്‍ മാരോടൊപ്പം വിമലിനെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിനടുത്തേക്ക് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *