നിമിഷങ്ങള്‍ക്ക് ശേഷം ലത്തീഫും ജയകൃഷ്ണനും ആലിംഗനത്തില്‍ നിന്നകന്നു.
ജയകൃഷ്ണന്‍ എല്ലാവരേയും നോക്കി കൈകള്‍ കൂപ്പി.
കൂട്ടുകാര്‍ അവനെ പുഞ്ചിരിയോടെ നോക്കി.
“ദിവ്യേ…ഞാന്‍…”
ദിവ്യ നീട്ടിയ കൈകള്‍ കൂട്ടിപ്പിടിച്ച് കണ്ണുനീരിനിടയില്‍ ജയകൃഷ്ണന്‍ പറയാന്‍ ശ്രമിച്ചു.
“നോ ..നോ…”
നിറഞ്ഞ മന്ദഹാസത്തോടെ ദിവ്യ പറഞ്ഞു.
“കൂട്ടുകാര്‍ക്കിടയില്‍ കണ്ണുനീരില്ല. ക്ഷമാപണങ്ങളില്ല. കൂട്ടുകാര്‍ക്കിടയില്‍ സ്നേഹം മാത്രം…ഓക്കേ…?”
സുഖദമായ നിശബ്ദത.
“ലതീഫേ,”
രാഹുല്‍ വിളിച്ചു.
“ടീമില്‍ അംഗം ആകണം എന്ന്‍ പറഞ്ഞപ്പോള്‍ ജയകൃഷ്ണന്‍ യെസ് എന്ന്‍ പറഞ്ഞില്ല. ശ്രദ്ധിച്ചോ? അതിനു കാരണമുണ്ട്…”
കൂട്ടുകാര്‍ മനസ്സിലാകാതെ പരസ്പ്പരം നോക്കി.
“ശരിയാ..ജയകൃഷ്ണന്‍ യെസ് എന്ന്‍ പറഞ്ഞില്ലല്ലോ…”
ആബിദ് പറഞ്ഞു.
എല്ലാവരും ജയകൃഷ്ണനെ നോക്കി.
“അതിനു കാരണമുണ്ട്…”
രാഹുല്‍ തുടര്‍ന്നു.
എല്ലാവരും രാഹുലിനെ നോക്കി.
“ഇന്നലെ രാത്രിയാണ്..അര്‍ദ്ധരാത്രി കഴിഞ്ഞാണ് ….ജയകൃഷ്ണന്‍ ഉറങ്ങാതെ കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത്….കാരണം തിരക്കിയപ്പോള്‍ …ഞാന്‍ …എന്താ പറയുക…”
രാഹുല്‍ ഒരു നിമിഷം നിര്‍ത്തി.
“എന്താ സാര്‍?”
കൂട്ടുകാര്‍ ഒരുമിച്ച് ചോദിച്ചു.
“ജയകൃഷ്ണന്‍…ഗുരുജിയോടൊപ്പം ഉജ്ജയിനിയിലേക്ക് പോവുകയാണ്…അവിടെ വേദപഠനത്തിന് …പിന്നെ സന്ന്യാസത്തിലേക്കും…”
അതിരില്ലാത്ത വിസ്മയത്തോടെ എല്ലാവരും ജയകൃഷ്ണനെ നോക്കി.
അഭിമാനവും ലജ്ജയും മിശ്രിതമായ ഒരു ഭാവം അവന്‍റെ മുഖത്ത് എല്ലാവരും കണ്ടു.
“ഭാഗ്യത്തിനാണ്….ഈശ്വരന്‍ അന്ന്‍ നിങ്ങളുടെ രൂപത്തില്‍ പ്രത്യേകിച്ച് ദിവ്യയുടെ രൂപത്തില്‍ അവിടെ വന്നില്ലായിരുന്നേല്‍ ഞാന്‍…”
ജയകൃഷ്ണന്‍ പറഞ്ഞു.
“ആദ്യത്തെ ജന്മം ഈശ്വരനെ അറിയാതെ ജീവിച്ചു…”
വികാരഭരിതനായി അവന്‍ തുടര്‍ന്നു.
“…രണ്ടാം ജന്മമാണിത്….അത് ഈശ്വരനുള്ളതാണ്…അതാണ് എന്‍റെ …എന്‍റെ തീരുമാനം,”
കോബ്രാഹില്‍സിലെ നിധി 29 [Smitha]
Posted by