കോബ്രാ ഹില്‍സിലെ നിധി 3 [smitha]

Posted by

കോബ്രാ ഹില്‍സിലെ നിധി 3

CoBra Hillsile Nidhi Part 3 Author : [—smitha—]  click here to all parts

 

“സമയം നാല് കഴിഞ്ഞല്ലോ, അവരെന്താ വരാത്തേ?”
മനോജ്‌ ആത്മഗതമായി ചോദിച്ചു.
കോബ്രാഹില്‍സിന്‍റെ അടിവാരത്ത്, നദീ തീരത്തെ തകര്‍ന്ന്‍ തുടങ്ങിയ ക്ഷേത്രാവഷിഷ്ട്ടങ്ങള്‍ക്കടുത്തിരിക്കുകയായിരുന്നു ലത്തീഫും മനോജും.
‘കഴിഞ്ഞ പ്രാവശ്യം നാല് പി എമ്മിന്‍റെ സ്ഥാനത്ത് നാല് എ എം എന്നാ നീ എഴുതീത്.”
ലത്തീഫ് നീരസം കലര്‍ത്തി പറഞ്ഞു.
“ഏതായാലും കാത്തിരിക്കാം.”
കോബ്രാ ഗ്യാങ്ങിന്‍റെ ഒരടിയന്തിര മീറ്റിംഗ് വിളിച്ചുകൂട്ടിയതായിരുന്നു ലത്തീഫ്.
മീറ്റിംഗ് സമയം നാലുമണിയെന്നറിയിച്ചിട്ടും സംഘാംഗങ്ങളെ കാണാത്തതിനാല്‍ അവന്‍ അക്ഷമനായി.
മനോജും ആകാംക്ഷയോടെ പരിസരങ്ങളിലെക്ക് കണ്ണോടിച്ചു.
രാജശേഖര വര്‍മ്മയുടെ എസ്റ്റേറ്റ് പരിധിയിലാണ് കോബ്രാഹില്‍സ്‌.
മേഘങ്ങള്‍ ചൂടിനില്‍ക്കുന്ന ആ കൊടുമുടികള്‍ അതിഗഹനമായ വനമേഖലയാണ്.
അത്യപൂര്‍വ്വവും അതിപ്രാചീനവുമായ മരങ്ങള്‍ നിറഞ്ഞ കോബ്രാഹില്‍സിന്‍റെ, ചില ഭാഗങ്ങളില്‍, ഉള്ളില്‍, സൂര്യപ്രകാശം കടന്നുചെല്ലാറില്ല.
പുരാതനകാലത്ത് കോബ്രാഹില്‍സ്‌ ശ്മശാന ഭൂമിയായിരുന്നു.
മലനിരകളിലെവിടെയോ. ഒരജ്ഞാത ഭൂഗര്‍ഭത്തിലെ നിധിയുടെ കാവല്‍ക്കാരനെന്ന്‍ വിശ്വസിക്കപ്പെടുന്ന രാജവെമ്പാലയുടെ ആസ്ഥാനമാണ് കോബ്രാഹില്‍സ്‌ എന്നും ആളുകള്‍ കരുതുന്നു.
ഇക്കാരണത്താല്‍ മനുഷ്യരാരും നിഗൂഡവും വിസ്മയാവഹവുമായ ആ ആരണ്യസൌന്ദര്യത്തിലേക്ക് കടന്ന്‍ ചെല്ലാറില്ല.
കോബ്രാഹില്‍സിന്‍റെ മരതകപ്പച്ചയെ രണ്ടായി ഭാഗിച്ചുകൊണ്ട് ശന്തിപുരം പുഴ ഒഴുകുന്നു.

ദൂരെ മലഞ്ചെരിവിലെ ഒറ്റയടിപ്പാതയിലൂടെ മോട്ടോര്‍ ബൈക്കുകളുടെ ശബ്ദം കേട്ടു തുടങ്ങി.
“അവരാ വരുന്നേന്ന്‍ തോന്നുന്നു,”
സമീപത്തേക്ക് ഓടിയടുത്തുകൊണ്ടിരിക്കുന്ന മോട്ടോര്‍ബൈക്കുകളിലെ ആളുകളെ നോക്കി മനോജ്‌ പറഞ്ഞു.
“പക്ഷെ അവരെന്തിനാ ഇതിലെ വരുന്നെ?”
ലത്തീഫും അവരെ ശ്രദ്ധിച്ചു.
“ലത്തീഫ് ദാദാ..!”
അവരെ സൂക്ഷിച്ചുനോക്കിക്കൊണ്ട് സംഭ്രമത്തോടെ മനോജ്‌ വിളിച്ചു.
“അത്..അത് ജയകൃഷ്ണനും അവന്‍റെ ഫുള്‍ ഗ്യാങ്ങുമാ …അന്ന്‍ നമ്മള്‍ അവനെ തല്ലീല്ലേ? ഇന്നവന്‍ ഫുള്‍ ഗ്യാങ്ങുമായി വരുവാ. മറുപടി പറയാന്‍..”
“ഗോഡ്!”
ലതീഫിന്‍റെയും മുഖത്ത് പരിഭ്രമം ദൃശ്യമായി.
“നമ്മള്‍ രണ്ടുപേര്‍! അവമ്മാര്‍ പത്തിരുപത് പേരുണ്ട്!”
ജയകൃഷ്ണനും കൂട്ടരും അവരുടെയടുത്തെത്തി.
മോട്ടോര്‍ ബൈക്കുകള്‍ കൊണ്ട് അവര്‍ ലതീഫിനും മനോജിനും ചുറ്റും ഒരു വലയം തീര്‍ത്തു.
പിന്നെ ഓരോരുത്തര്‍ ചാടിയിറങ്ങി.
കൂട്ടുകാരുടെ മുമ്പില്‍ നേതാവിന്‍റെ ഭാവത്തില്‍ ജയകൃഷ്ണന്‍ അവരെ സമീപിച്ചു.
തന്നെ സമീപിച്ച ജയകൃഷ്ണനെ ലത്തീഫ് അക്ഷോഭ്യനായി അഭിമുഖീകരിച്ചു.
ജയകൃഷ്ണന്‍ അവന്‍റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി.
“നീയെന്താ വിചാരിച്ചെ, നായിന്‍റെ മോനേ?”
ജയകൃഷ്ണന്‍ തന്‍റെ ചൂണ്ടുവിരല്‍ ലത്തീഫിന്‍റെ കണ്ണുകള്‍ക്ക് മുമ്പില്‍ ഉയര്‍ത്തി.
“ഞാനിനി മേലാല്‍ നിന്‍റെ മുമ്പി വരില്ലെന്നോ? ഇതാ ഇപ്പൊ സര്‍വ്വ സന്നാഹോം കൂടെയുണ്ട്. നിന്നെ പച്ചക്ക് തിന്നാന്‍.”
“ഏതായാലും തിന്നുവല്ലേ, പച്ചയ്ക്ക് വേണ്ട. കുറച്ച് ഉപ്പും മൊളകും കൂടികൂട്ടെടാ.”
ലത്തീഫ് പറഞ്ഞു.
“നീ ഇത് കണ്ടോ?”
ലതീഫിന്‍റെ പരാമര്‍ശത്തെ അവഗണിച്ച്, ജയകൃഷ്ണന്‍ വായ തുറന്ന്, തന്‍റെ മുന്‍ഭാഗത്തെ മേല്‍വരിയിലെ പൊട്ടിയ ഒരു പല്ല് വിരല്‍ കൊണ്ട് തൊട്ടുകാണിച്ചു.
“അന്ന്‍ നീ അടിച്ചു പൊട്ടിച്ച പല്ലാണിത്. നാളെ ഞാന്‍ സിറ്റീലെ സകല തെരുവിലൂടെം ഒരു തലയോടു തട്ടിക്കളിക്കും. നായിന്‍റെ മോനേ, എന്നിട്ട് കളികാണുന്ന ഓരോരുത്തരോടും ഞാന്‍ പറയും ഇത് ലത്തീഫ് എന്ന പന്നീടെ മോന്‍റെ തലയാരുന്നൂന്ന്.”
“എന്താ ഡയലോഗ്!”
മനോജ്‌ പരിഹാസത്തോടെ പറഞ്ഞു.
“ഇന്നലെ കുത്തിയിരുന്ന്‍ കാണാതെ പഠിച്ചതാ? നീയെന്നാ രണ്‍ജിപണിക്കര്‍ക്ക് പഠിക്ക്യാണോ?”
“ജയകൃഷ്ണാ,”
ലത്തീഫ് ശബ്ദമുയര്‍ത്തി.
“അന്നത്തെ വഴക്കിന് കാരണമുണ്ടാരുന്നു. നീയന്ന്‍ ദിവ്യേടെ കൈയില്‍ കയറിപ്പിടിചില്ലേ?”
“അവളെ, നായിന്‍റെ മോനേ, ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണാ.”
“ഗൂഹ്ഹ്ഹ്ഹ”
മനോജ്‌ വായപൊത്തി ചിരിച്ചു.
“അതിനു അവള്‍ നിന്നെ പട്ടി ..അല്ല പട്ടിയല്ല …വെറും പട്ടിക്കാട്ടം ആയിട്ടാണല്ലോ കാണുന്നെ!”
“ഫ! ചെറ്റേ!”
ജയകൃഷ്ണന്‍ കുപിതനായി അലറി.
പിന്നെ പിമ്പില്‍ നില്‍ക്കുന്ന കൂട്ടുകാരെ നോക്കി.
“എന്താടാ നോക്കി നിക്കുന്നേ? അടിച്ചുപൊട്ടിക്കെടാ രണ്ടിന്‍റെയും തലമണ്ട!”
തങ്ങളുടെ നേരെ ഇരച്ചെത്തിയവരുടെ നേരെ ലത്തീഫ് ചുരുട്ടിയ മുഷ്ട്ടിയുയര്‍ത്തി.
“അടിച്ചുപൊട്ടിക്കാന്‍ ഇത് നിന്‍റെ തന്തക്കഴുവേറീടെ ഒണക്കത്തലയല്ല!”
തണുത്തതെങ്കിലും ദൃഡസ്വരത്തില്‍ ലത്തീഫ് പറഞ്ഞു.
അവരുടെ കൈയില്‍ കഠാരകളും സൈക്കിള്‍ ചെയിനുകളും പ്രത്യക്ഷപ്പെടുന്നത് മനോജും ലത്തീഫും കണ്ടു.
ആക്രമണോത്സുകമായ ഭാവത്തോടെ അവര്‍ വീണ്ടും ഇരുവര്‍ക്കും നേരെയടുത്തു.
“അടുത്തേക്ക് വരരുത്!”
ഭയപ്പെട്ടെങ്കിലും ഉച്ചത്തില്‍ മനോജ്‌ വിളിച്ചുപറഞ്ഞു.
“ഞങ്ങളുടെ കയിലുമുണ്ട് ആയുധങ്ങള്‍. നിന്‍റെ മാതിരി തീട്ടം പോലും മുറിക്കാന്‍ കൊള്ളൂലാത്ത തുരുമ്പിച്ച കൊച്ചുപിച്ചാത്തിയല്ല അത്..ങ്ങ്ഹാ…”
“നിന്‍റെ കൈയില്‍ എന്താടാ പന്നീടെ മോനേ ഉള്ളത്? ആറ്റംബോംബാ?”
ജയകൃഷ്ണന്‍ ചോദിച്ചു.
“എന്നെ വിഡ്ഢിയാക്കാന്‍ ശ്രമിക്ക്യാണോ?”
“ശ്രമിക്കേണ്ട ആവശ്യമില്ല.”
“അടിച്ച് തകര്‍ക്കെടാ,”
ജയകൃഷ്ണന്‍ കൂട്ടാളികളെ നോക്കി അലറി.
അവര്‍ വീണ്ടും ആയുധങ്ങളുമായി മുമ്പോട്ടടുത്തു.
“അടുക്കരുത്!”
രണ്ടു ചുവട് പിമ്പോട്ടുമാറിക്കൊണ്ട് മനോജ്‌ പറഞ്ഞു.
“എന്തു ചെയ്യും നീ?”
“നോക്കെടാ പട്ടീ, എന്നാ ചെയ്യാനാ പോകുന്നെന്ന്!”
പറഞ്ഞുതീര്‍ന്നതും ലത്തീഫിന്‍റെ കൈയില്‍പ്പിടിച്ച് മനോജ്‌ അതിവേഗത്തില്‍ തിരിഞ്ഞോടി.
മനോജിന്‍റെ തന്ത്രം മനസ്സിലാക്കിയിരുന്നതിനാല്‍ ലത്തീഫും അവന്‍റെയൊപ്പം ഓടി.
പെട്ടെന്നുള്ള ആ പ്രതികരണത്തില്‍ ഒരു നിമിഷം ജയകൃഷ്ണന്‍ ഇതികര്‍ത്തവ്യതാമൂഡനായി നിന്നു.
പക്ഷെ പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു.
“നോക്കി നില്‍ക്കാതെ രണ്ടിനേം പിടിക്കെടാ.”
അവന്‍ കൂട്ടുകാരോട് കല്‍പ്പിച്ചു.
അവര്‍ ലത്തീഫും മനോജും ഓടിയ വഴിയെ കുതിച്ചു.
അവര്‍ അല്‍പ്പദൂരം എത്തിക്കഴിഞ്ഞിരുന്നു.
കോബ്രാഹില്‍സിലേക്കുള്ള വഴിയിലൂടെ ഓടി അവര്‍ കാട്ടിനുള്ളിലെത്തി.
“വിടരുതെടാ!”
ലത്തീഫും മനോജും ദൂരെ മറഞ്ഞത് കണ്ട്, കൂട്ടുകാരോടൊപ്പം ഓടിക്കൊണ്ട് ജയകൃഷ്ണന്‍ വിളിച്ചു പറഞ്ഞു.
“കൊന്ന് കൊടല് കീറണം.”
കുറെ ഓടിയപ്പോള്‍ പ്രകാശം കുറഞ്ഞുവന്നു.
കാടിന്‍റെ ഗഹനതയേറുന്തോറും ഇരുട്ടുകൂടി.
മനോജിനും ലതീഫിനും ആ കാട്ടുപാത നല്ല നിശ്ചയമായിരുന്നു.
വളരെ ദൂരെത്തെത്തിയെങ്കിലും ജയകൃഷ്ണനും സംഘവും പിന്നാലെതന്നെയുണ്ടെന്ന്‍ അവര്‍ അറിഞ്ഞിരുന്നു.
മുമ്പിലുള്ള കാട്ടുവള്ളികളുടേയും പാറക്കൂട്ടങ്ങളുടെയും തടസ്സങ്ങള്‍ തരണം ചെയ്ത് കരിയിലകള്‍ നിറഞ്ഞ കാട്ടുപാതയിലൂടെ അവര്‍ അതിവേഗം ഓടി.
മനോജിന്‍റെ വേഗം കുറയുന്നത് ലത്തീഫ് കണ്ടു.
തടിമാടനാണ് മനോജ്‌.
വലിയ തുടുത്ത കവിളുകളുള്ള, ഓമനത്തമുള്ള മുഖമുള്ളവന്‍.
“റണ്‍ ഫാസ്റ്റ്!”
അവന്‍റെ കൈയില്‍ പിടിച്ചുവലിച്ച് ലത്തീഫ് പറഞ്ഞു.
“അവര് പിന്നാലെ തന്നെയുണ്ട്. ക്വിക്ക്! അല്ലേല്‍ വെച്ചേക്കില്ല നമ്മളെ!”
“എനിക്ക് വയ്യ,”
കിതച്ചുകൊണ്ട് മനോജ്‌ പറഞ്ഞു.
അവന്‍ പതിയെ നിന്നു.
“ഞാന്‍ മടുത്തു,”
അവന്‍ തലയില്‍ കൈവെച്ചു.
“എന്‍റെമ്മേ! ഞാനിപ്പം വീഴും! ഹാവൂ!”
“ഷട്ടപ്!”
ലത്തീഫ് അവന്‍റെ കൈയില്‍ പിടിച്ചുവലിച്ചു.
“വേഗം വാടാ തടിയാ! അല്ലേല്‍ നിന്നേ മാന്തിക്കീറും അവമ്മാര്!”
മനോജ്‌ ഓടാന്‍ കൂട്ടാക്കിയില്ല.
അവന്‍ ചുറ്റും നോക്കി.
“ലത്തീഫ് ദാദാ! ഒരു മിനിറ്റ്. ആന്‍ ഐഡിയാ! നോക്ക്!”
അവന്‍ നിലത്ത് സമൃദ്ധമായിക്കിടന്ന കരിയിലകള്‍ വാരിക്കൂട്ടുവാന്‍ തുടങ്ങി.
കാട്ടുപാത നിറയെ കനത്തില്‍ കരിയിലകള്‍ കൂടിക്കിടന്നിരുന്നു.
“ഈ കരിയിലകള്‍ കൊണ്ട് നമുക്ക് ഒരു കളി കളിക്കാം!’
കരിയിലകള്‍ വാരി കൂമ്പാരമാക്കുന്നതിനിടയില്‍ മനോജ്‌ പറഞ്ഞു.
“ഫ! വിഡ്ഢി!”
ലത്തീഫ് വീണ്ടും മനോജിന്‍റെ കൈയില്‍ പിടിച്ചു വലിച്ചു.
“അവരിതാ എത്തി! നമ്മളെ കാണും. അതിന് മുമ്പേ വിടണം. കമോണ്‍!”
“ഞാന്‍ പറയുന്നത് കേക്ക് ലത്തീഫ് ദാദാ,”
ലതീഫിന്‍റെ പിടിവിടുവിച്ചുകൊണ്ട് അവന്‍ പറഞ്ഞു.
അവന്‍ കരിയിലകള്‍ പിന്നെയും കൂട്ടി.
അരയാല്‍ ഉയരത്തില്‍ ഇപ്പോള്‍ കരിയില കൂമ്പാരമായി.
“നമുക്ക് ഇതിനകത്ത് ഒളിക്കാം.”
പിന്നെയും കരിയിലകള്‍ കൂട്ടുന്നതിനിടയില്‍ ലത്തീഫ് പറഞ്ഞു.
ലത്തീഫ് വേവലാതിയോടെ പാതയുടെ അങ്ങേയറ്റത്തേക്ക് നോക്കി.
ജയകൃഷ്ണനും കൂട്ടുകാരും അടുക്കുന്നത് അവന്‍ കണ്ടു.
“എടാ മൊണ്ണേ!”
ലത്തീഫ് വീണ്ടും മനോജിന്‍റെ കൈയില്‍ പിടിച്ച് ഓടാന്‍ ശ്രമിച്ചു.
“നിന്‍റെ മാതിരി അവമ്മാരുടെ തലക്കാത്ത് ഒണക്ക ചാണകവല്ല. അവര് കണ്ടുപിടിക്കും നമ്മളെ..വാ കമോണ്‍!”
മനോജ്‌ വീണ്ടും ലതീഫിന്‍റെ പിടി വിടുവിച്ചു.
കാട്ടുപാതയിലേക്ക് അവന്‍ സംഭ്രമത്തോടെ നോക്കി.
അടുത്തുകൊണ്ടിരിക്കുന്ന ശത്രുക്കളുടെ ആരവം അവന്‍ കേട്ടു.
“ലത്തീഫ് ദാദാ!”
അവന്‍ സംഭ്രമത്തോടെ വിളിച്ചു.
പിന്നെ ലത്തീഫിന്‍റെ കൈയില്‍ പിടിച്ച് ശക്തിയായി വലിച്ചു.
“കമോണ്‍!”
മനോജ്‌ അടക്കിയ സ്വരത്തില്‍ പറഞ്ഞു.
വലിയുടെ ആഘാതത്തില്‍ ലത്തീഫ് കരിയില കൂമ്പാരത്തിനകത്തേക്ക് വീണു.
മനോജ്‌ കരിയിലകൊണ്ട് ലത്തീഫിനെ മൂടി.
പിന്നീവനും കൂമ്പാരതിനകത്തെക്ക് കയറി.
കരിയിലകള്‍ കൊണ്ട് സ്വയം മൂടി.
“കരിയിലകള്‍ കൊണ്ടുള്ള ഈ പിരമിഡിന്‍റെയകത്ത് നമുക്ക് ജീവനുള്ള മമ്മികളാവാം.”
“മിണ്ടരുത്!”
ലത്തീഫ് മന്ത്രിച്ചു.
“ജയകൃഷ്ണന്‍റെ കത്തിമുനക്ക് നീയിപ്പം ശരിക്കും മമ്മിയാകും.”
അല്‍പ്പം കഴിഞ്ഞ് ജയകൃഷ്ണനും സംഘവും ഓടിയടുക്കുന്ന ശബ്ദം അവര്‍ കേട്ടു.
മിടിക്കുന്ന ഹൃദയത്തോടെ അവര്‍ കരിയിലക്കൂട്ടത്തിനകത്ത് ശ്വാസമടക്കിപ്പിടിച്ചിരുന്നു.
ചെറിയൊരു ചലനമുണ്ടായാല്‍, തുമ്മിപ്പോയാല്‍. ജയകൃഷ്ണന്‍റെയും കൂട്ടാളികളുടെയും കത്തിമുനകള്‍ തങ്ങളുടെ നെഞ്ചിലേക്ക് താഴ്ന്നുവരുമെന്ന അവര്‍ ഭയത്തോടെയറിഞ്ഞിരുന്നു.
അവര്‍ ഓടിയടുത്തെന്നുന്നത് മനോജും ലത്തീഫും അറിഞ്ഞു.
“ഈശ്വരാ!”
മനോജ്‌ കണ്ണുകള്‍ ഇറുക്കിയടച്ചു.
പതിയെ പാതയെ അവരുടെ പാദപതന ശബ്ദം അകന്നകന്ന് പോകുന്നത് ആശ്വാസത്തോടെ അവര്‍ കേട്ടു.
ജയകൃഷ്ണനും കൂട്ടരും കരിയിലക്കൂമ്പാരം പിന്നിട്ട് ഓടിപ്പോയി എന്ന്‍ അവര്‍ മനസ്സിലാക്കി.
“ഹാവൂ,”
അവര്‍ വളരെയേറെയകലെ എത്തിക്കഴിഞ്ഞു എന്ന്‍ ഉറപ്പായപ്പോള്‍ മനോജ്‌ മന്ത്രിച്ചു.
“ലത്തീഫ് ദാദാ, വാ ഇനി പുറത്ത് കടക്കാം. അവര് പോയീന്ന്‍ തോന്നുന്നു.”
“ആയില്ല,”
ലത്തീഫ് പതിയെപ്പറഞ്ഞു.
“അല്‍പ്പം കൂടിക്കഴിയട്ടെ. അവമ്മാര് അടുത്ത് എവിടെയേലും കാണും. ചെലപ്പം തിരിച്ച് ഇതിലേ തന്നെ വരും.”
അല്‍പ്പനിമിഷങ്ങള്‍ കൂടി കടന്നുപോയി.
തന്‍റെ ദേഹത്തുകൂടി എന്തൊക്കെയോ പരതിനടക്കുന്നതുപോലെ മനോജിന് തോന്നി.
ചെവിയിലൂടെയും മൂക്കിലൂടെയും പ്രാണികളോ പുഴുക്കളോ അരിച്ചു നടക്കുന്നത് അവന് അനുഭവപ്പെട്ടു.
“നമുക്ക് പുറത്ത് കടക്കാം,”
ചൊറിയാതിരിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ട് അവന്‍ മന്ത്രിച്ചു.
“അവര് പോയി,”
“ഒച്ചയുണ്ടാക്കല്ലേ,”
“ലത്തീഫ് അടക്കിയ സ്വരത്തില്‍ പറഞ്ഞു.
“ആരോ വരുന്നത് പോലെ,”
പാദപതനത്തില്‍ നിന്ന്‍ അത് ഒന്നിലേറെയാളുകള്‍ ആണെന്ന്‍ അവന്‍ അനുമാനിച്ചു.
ചിലപ്പോള്‍ ജയകൃഷ്ണനും കൂട്ടരും തിരിച്ചു വരുന്നതായിരിക്കാം.
എങ്കില്‍…!
തന്‍റെ കാല്‍പ്പാദത്തില്‍ പഴുതാരയോ തേളോ കടിച്ചതുപോലെ മനോജിന് തോന്നി.
“എനിക്ക് പുറത്ത് കടക്കണം ലത്തീഫ് ദാദാ,”
അസഹ്യമായി അവന്‍ മുരണ്ടു.
“എന്നെ എന്തോ കടിച്ചു.”
“ഒരക്ഷരം മിണ്ടരുത്!”
കര്‍ക്കശ സ്വരത്തില്‍ ലത്തീഫ് മന്ത്രിച്ചു.
“ആരാ നിര്‍ബന്ധിച്ചേ? എന്നാ ഒരു ഉത്സാഹവരുന്നു നെനക്ക്! ശ് ! അനങ്ങല്ലേ. ആരോ വരുന്നു!”
“ആ… വൂ,”
സഹിക്കാനാവാതെ മനോജ്‌ മുരണ്ടു.
വിനോദ് മേനോന്‍ ആയിരുന്നു അത്.
കൈയില്‍ തോക്കുണ്ട്.
ജാക്കറ്റ് ധരിച്ചിട്ടുണ്ട്.
വേട്ടയ്ക്കിറങ്ങിയതാണെന്ന്‍ വ്യക്തം.
“എന്തൊരു തണുപ്പ്!”
അയാള്‍ സ്വയം പറഞ്ഞു.
“എല്ല് തുളക്കുന്ന തണുപ്പ്! തീ കത്തിച്ചാലോ?”
വിനോദ് മേനോന്‍ ചുറ്റുപാടും സസൂക്ഷ്മം വീക്ഷിച്ചു.
പെട്ടന്നയാള്‍ താന്‍ നില്‍ക്കുന്നതിന് അല്‍പ്പം മുമ്പില്‍ ഒരു കരിയിലക്കൂമ്പാരം കണ്ടു.
അയാള്‍ അതിനടുത്തേക്ക് നടന്നു.
അടുത്തെത്തിക്കഴിഞ്ഞ് അയാള്‍ അല്‍പ്പം കൂടി കരിയിലകള്‍ വാരിക്കൂട്ടി.
പിന്നെ അയാള്‍ ലൈറ്റര്‍ തെളിച്ച് കരിയിലകള്‍ക്ക് തീ കൊടുത്തു.
തീ കത്താന്‍ തുടങ്ങി.
കത്തുന്ന കരിയിലകളിലേക്ക് അയാള്‍ വീണ്ടും കൂമ്പാരം കൂട്ടി.
“ഹാവൂ!”
അയാള്‍ ആശ്വാസത്തോടെ പറഞ്ഞു.
വിനോദ് മേനോന്‍ തീയ്ക്ക് മേലേ കൈകള്‍ വിടര്‍ത്തി ചൂട് സ്വീകരിച്ചു.
“എന്തൊരാശ്വാസം!’
തീയും പുകയും ഉയര്‍ന്നു.
പരിസരം വെളിച്ചത്തില്‍ നിറഞ്ഞു.
പെട്ടെന്ന്‍ കരിയിലക്കൂമ്പാരമനങ്ങി.
വിനോദ് മേനോന്‍ ഞെട്ടിത്തരിച്ചുപോയി.
കത്തിക്കൊണ്ടിരിക്കുന്ന കരിയിലക്കൂമ്പാരത്തിനകത്തുനിന്ന്‍ കരിയിലകള്‍ നിറഞ്ഞ രണ്ടു രൂപങ്ങള്‍ തീയ്ക്കും പുകയ്ക്കുമിടയിലൂടെ ഉയര്‍ന്നുവന്നു.
രക്തം കട്ടപിടിക്കുന്നതുപോലെ അയാള്‍ക്കു തോന്നി.
ഒരു ശ്മാശാന ഭൂമിയിലാണ് താന്‍ നില്‍ക്കുന്നതെന്ന്‍ അയാള്‍ നടുക്കത്തോടെ തിരിച്ചറിഞ്ഞു.
ഭയപ്പെട്ട്, അരണ്ട് നിലവിളിച്ച് അയാള്‍ പിന്തിരിഞ്ഞോടി.
അതേ സമയം നദീതീരത്തെ ക്ഷേത്ര പരിസരത്ത് ലതീഫിനെയും മനോജിനെയും കാത്തിരിക്കുകയായിരുന്നു ദിവ്യയും മറ്റുള്ളവരും.
അപ്പോഴാണ്‌ പേടിച്ച് നിലവിളിച്ച് വിനോദ് കാട്ടിനുള്ളില്‍ നിന്നും ഇറങ്ങിയോടി വരുന്നത് അവര്‍ കണ്ടത്.
“അയ്യോ..പ്രേതം …പിശാച് ..അവിടെ …കാട്ടില്‍ …!!”
ദിവ്യയെയും കൂട്ടുകാരെയും കണ്ട്‌ അവരുടെയടുത്തെക്ക് ഓടിവന്ന്‍ വിനോദ് പറഞ്ഞു.
“വട്ടടിച്ചോ?”
പ്രിയങ്ക ചോദിച്ചു.
“എന്താ അങ്കിള്‍, എന്താ ഉണ്ടായേ?”
ദിവ്യ വിനോദിനോട്‌ തിരക്കി.
വിനോദ് ഉണ്ടായ സംഭവം കിതപ്പിനിടയില്‍, ബുദ്ധിമുട്ടി, ഒരു വിധത്തില്‍ പറഞ്ഞു.
അതിനിടയില്‍ ജയകൃഷ്ണനും സംഘവും കാടിനുള്ളില്‍ നിന്ന്‍ ഓടിവരുന്നത് ദിവ്യ കണ്ടു.
“അങ്കിള്‍ പൊയ്ക്കോ,”
ജയകൃഷ്ണനെ കണ്ട്‌ മുഷ്ട്ടി ചുരുട്ടിക്കൊണ്ട് ദിവ്യ പറഞ്ഞു.
‘അങ്കിള്‍ കണ്ട പിശാചും പ്രേതവും ഒക്കെ ആരാണെന്ന്‍ ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങള്‍ അവരെ ആവാഹിച്ച് ഒഴിപ്പിക്കാന്‍ പോകാണ്.”
“ദിവ്യേ,”
അല്‍പ്പം പരിഭ്രമത്തോടെ വിനോദ് വിളിച്ചു.
“അവരുമായി വഴക്കൊണ്ടാക്കാന്‍ പോകാണോ?”
“നെവര്‍ മൈന്‍ഡ്!”
ഓടിവരുന്ന ജയകൃഷ്ണനെയും സംഘത്തെയും നോക്കി ദിവ്യ പറഞ്ഞു.
“വിനോദ് അങ്കിള്‍ പൊക്കോ,”
വിസമ്മതത്തോടെയാണെങ്കിലും വിനോദ് അവിടെ നിന്നും പോയി.
“നമ്മുടെ കൈയില്‍ വേണ്ടതൊക്കെയില്ലേ?”
ദിവ്യ കൂട്ടുകാരോട് ചോദിച്ചു.
“വേണ്ടതിലേറെയുണ്ട്. പഠിപ്പിച്ചുകൊടുക്കാം മൊത്തം സബ്ജക്റ്റും. കെമിസ്ട്രിയേത്തൊടങ്ങി, ഫിസിക്സും പിന്നെ ബയോളജീം. അവസാനം കണക്കാ.”
രാജു പറഞ്ഞു.
കുറെനേരം വ്യര്‍ത്ഥമായി ഓടിയതിന്‍റെ കിതപ്പും ക്ഷീണവും ജയകൃഷ്ണന്‍റെയും കൂട്ടരുടെയും നടപ്പിലും ഭാവത്തിലുമുണ്ട്.
അവന്‍ ദിവ്യയുടെ അടുത്തേക്ക് വന്നു.
“കാത്തിരുന്ന്‍ മടുത്തോ എന്‍റെ മോളേ?”
“പിന്നില്ലേ?”
ദിവ്യ അതെ ഈണത്തില്‍ മറുപടി പറഞ്ഞു.
“കാത്തിരുന്ന്‍ കാത്തിരുന്ന്‍ …എന്താ പറയ്യാ …ഇപ്പഴെങ്കിലും വന്നില്ലേല്‍ ഞാന്‍ കരഞ്ഞുബോധം കെട്ടേനെ.”
“ഓഹോ, അങ്ങനെയാണോ?”
പരിഹാസ സ്വരത്തില്‍ ജയകൃഷ്ണന്‍ ചോദിച്ചു.
“പിന്നില്ലേ, മൈക്കേല്‍ ജാക്സണും ജാക്കിചാനും ജാക്കി ഷ്രോഫും ലജ്ജിച്ചുപോകുന്ന അങ്ങയുടെ കോമള ശരീരം പച്ചയ്ക്ക് വെട്ടിനുറുക്കി ഉപ്പും മുളകും ചേര്‍ത്ത് ഫ്രൈ വെച്ചു തരാന്ന്‍ ഞാനീ പൊഴേലെ മീനുകളോട് പ്രോമിസ് ചെയ്താരുന്നു.”
“യൂ ബ്ലഡി..”
അവന്‍ ദിവ്യയുടെ നേര്‍ക്കടുത്തു.
പറഞ്ഞ തെറിവാക്കുമുഴുമിക്കുന്നതിന് മുമ്പ് ജയകൃഷ്ണന്‍ നിലം പൊത്തി.
എന്താണ് സംഭവിച്ചതെന്നറിയാന്‍ മുകളിലേക്ക് നോക്കിയ ജയകൃഷ്ണന്‍ കണ്ടത് ചുരുട്ടിയുയര്‍ത്തിയ മുഷ്ട്ടിയുമായി തന്നെ നോക്കുന്ന ഫെലിക്സിനെയാണ്.
“ഫ!”
അവന്‍ മുരണ്ടു.
“ഇംഗ്ലീഷില്‍ തെറി പറയാന്‍ നീയാര്? ഓക്സ്ഫോര്‍ഡിലെ വാധ്യാരോ?”
ജയകൃഷ്ണന്‍ പിടഞ്ഞെണീക്കാന്‍ ശ്രമിച്ചു.
അടുത്ത നിമിഷം വീണ്ടും ഫെലിക്സിന്‍റെ വലത് ബൂട്ട് അവന്‍റെ കീഴ്ത്താടിയില്‍ പതിച്ചു.
ഞരക്കത്തോടെ ജയകൃഷ്ണന്‍ പുഴയില്‍ വീണു.
നേതാവ് വെള്ളം കുടിക്കുന്ന രംഗം അനുയായികളില്‍ പരിഭ്രാന്തി സൃഷ്ട്ടിച്ചു.
ആ നിമിഷം ദിവ്യയും കൂട്ടുകാരും അവരുടെ മേല്‍ ചാടിവീണു.
സംഘട്ടനത്തിന്‍റെ വെടിക്കെട്ട്‌ കണ്ടാണ്‌ ലത്തീഫും മനോജും കാടിനുള്ളില്‍ നിന്നും ഇറങ്ങി വന്നത്.
അവരുടെ വരവില്‍ ജയകൃഷ്ണന്‍റെ കൂട്ടുകാര്‍ പിന്തിരിഞ്ഞോടി.
ഇതിനിടെ പുഴയില്‍ വീണ ജയകൃഷ്ണനെ സതീഷ്‌ കോളറില്‍ പിടിച്ച് വലിച്ചുകൊണ്ടു വന്നു.
ലത്തീഫിന്‍റെ മുമ്പിലേക്ക് സതീഷ്‌ ജയകൃഷ്ണനെ ആഞ്ഞ് തള്ളി.
അവന്‍ ലത്തീഫിന്‍റെ കാല്‍ച്ചുവട്ടില്‍ വീണു.
“നായിന്‍റെ മോനേ,”
ലത്തീഫ് ജയകൃഷ്ണനെ പിടിച്ചുയര്‍ത്തി.
“കൈയില്‍ കിട്ടുമ്പം വെറുതെ വിടുക വെറുതെ വിടുക എന്ന ഞങ്ങടെ ദാക്ഷിണ്യം നീ ശരിക്കും മൊതലാക്കുന്നുണ്ട്. മോനേ പരാജയകൃഷ്ണ, ദാക്ഷിണ്യത്തിന്‍റെ എക്സ്പയറി ഡേറ്റ് ഇന്നത്തോടെ കഴിഞ്ഞു. ഡയലോഗ് അല്ല, മുത്തേ. അത് നീ അറിയണമെങ്കില്‍ ഒന്നുകൂടി ഞങ്ങടെ കയ്ക്ക് നീ പണിയോണ്ടാക്ക്. അപ്പോ കാണാം.”
“മുത്തേ,”
ദിവ്യ മുമ്പോട്ട്‌ വന്ന്‍ കുനിഞ്ഞ അവന്‍റെ മുഖം പിടിച്ചുയര്‍ത്തി.
“ദിവ്യയാണ് ഞാന്‍. ദിവ്യാ വര്‍മ്മ. ഒത്തിരിയൊത്തിരി ദേവകുമാരന്മാര് ബിവറേജസിന്‍റെ മുമ്പില്‍ ക്യൂ നിക്കുന്നത് പോലെ, അതിനെക്കാള്‍ ശുഷ്ക്കാന്തിയോടെ ദിവ്യേടെ മുമ്പി ക്യൂ നിന്നിട്ടുണ്ട്. അന്നേരം പ്രസാദിക്കാത്ത എന്‍റെ മുഖം എങ്ങനെയാടാ തീട്ടപ്പന്നിപോലും അറയ്ക്കുന്ന നിന്നെപ്പോലെ ഒരു വൃത്തികെട്ടവന്‍റെ മുമ്പി തെളിയുന്നെ? മോനേ പോ. വെറുതെ എന്നെക്കൊണ്ട് ലാലേട്ടന്‍റെ ഡയലോഗ് പറയിപ്പിക്കല്ലേ.”
“അവനെ വിട്ടേര് ദിവ്യേ,”
ലത്തീഫ് പറഞ്ഞു.
ജയകൃഷ്ണന്‍ ആശ്വാസത്തോടെ എന്തി വലിഞ്ഞ് നടന്നു.

“ബൈ ദ വേ,”
ജയകൃഷ്ണന്‍ നടന്ന്‍ മറയുന്നത് നോക്കി ലത്തീഫ് പറഞ്ഞു.
“ആന്‍ ഇമ്പോര്‍ട്ടന്‍റ്റ് മാറ്റര്‍ ഈസ് റ്റു ബി ഡിസ്ക്കസ്ഡ്.”
എല്ലാവരും ലത്തീഫിനെ ആകാംക്ഷയോടെ നോക്കി.
നദീ തീരത്തെ ക്ഷേത്ര പരിസരത്ത് അടിയന്തിര മീറ്റിംഗ് വിളിച്ചുകൂട്ടിയപ്പോള്‍ തന്നെ എല്ലാവരും അനുമാനിച്ചിരുന്നു, ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന വിഷയം ഗുരുതരമായിരിക്കുമെന്ന്‍.
“കോബ്രാഹില്‍സിലെ നിധിയന്വേഷിച്ചു പുതുതായി ആരൊക്കെയോ എത്തിയിട്ടുണ്ട്.”
ക്ഷേത്രത്തറയില്‍ ഇരുന്ന്‍ മറ്റുള്ളവരോട് ഇരിക്കാന്‍ ആംഗ്യം കാണിച്ച് ലത്തീഫ് പറഞ്ഞു.
അവിശ്വസനീയതോടെയാണ് സംഘാംഗങ്ങള്‍ ആ വാര്‍ത്ത സ്വീകരിച്ചത്.
“ലത്തീഫ് ദാദാ … എങ്ങിനെയറിഞ്ഞു അത്?”
ഷെറിന്‍ ചോദിച്ചു.
ലത്തീഫ് മനോജിനെ നോക്കി.
പിന്നെ അവന്‍റെ തോളത്ത് കൈവെച്ചുകൊണ്ട് പറഞ്ഞു.
“ഇവന്‍, ഇവന്‍ കണ്ടു.”
കൂട്ടുകാര്‍ അദ്ഭുത വസ്തുവിനെയെന്നപോലെ മനോജിനെ നോക്കി.
“അതൊന്നു കൂടിപ്പറ,”
ലത്തീഫ് മനോജിനോട്‌ ആവശ്യപ്പെട്ടു.
ഒരു പ്രസംഗത്തിനുള്ള ഒരുക്കം പോലെ മനോജ്‌ കണ്‍ഠശുദ്ധി വരുത്തി.
ക്ഷേത്രപ്പടവില്‍ അവന്‍ എഴുന്നേറ്റ് നിന്നു.
“പറയാം,”
എല്ലാവരെയും നോക്കി ആംഗ്യവിക്ഷേപങ്ങളോടെ മനോജ്‌ പറഞ്ഞുതുടങ്ങി.
” പക്ഷിനിരീക്ഷണത്തില്‍ എന്‍റെ താല്‍പ്പര്യം കോബ്രാ ഗ്യാങ്ങിന് അറിവുള്ളതാണല്ലോ…ഇന്നലെ ഒരു യൂഹിനോ പക്ഷിയെ പിന്തുടര്‍ന്ന്‍ പിന്തുടര്‍ന്ന്‍ ചെന്നെത്തിയത് കോബ്രാ ഹില്‍സിന്‍റെ സെക്കന്‍ഡ് റേഞ്ചില്‍. ..”
“വാചകമടിക്കാതെ കാര്യം പറ പക്ഷിപിടുത്തക്കാരാ.”
ഷെറിന്‍ ഇടയ്ക്ക് കയറി.
“ഞാനെന്‍റെ റ്റെലസ്ക്കോപ്പുമായി നടക്കുമ്പോള്‍…”
“പുളുവടി തൊടങ്ങി,”
പ്രിയങ്ക ആബിദിന്‍റെ കാതില്‍ മന്ത്രിച്ചു.
“അപകടം പിടിച്ച യാത്ര ആ റേഞ്ചിന്‍റെ തുഞ്ചത്ത് വരെ തുടര്‍ന്നു …”
“എന്നിട്ട് എഴുത്തച്ചനെ കണ്ടുകാണും.’
പ്രിയങ്ക വീണ്ടും മന്ത്രിച്ചു.
“അന്തരീക്ഷം നിറയെ പൈശാചിക ഭാവം! കുറ്റാക്കുറ്റിരുട്ട്! കൊടുങ്കാറ്റിലുലയുന്ന വൃക്ഷശിഖരങ്ങള്‍! അപ്പോള്‍ ഞാന്‍ നിലാവിലൂടെ കണ്ടു…!”
“കുറ്റാക്കുറ്റിരുട്ടും നിലാവും..!! നല്ല കൊമ്പിനേഷന്‍!”
പ്രിയങ്ക കമന്‍റ്റ് തുടര്‍ന്നു.
“പെട്ടെന്ന്…”
മനോജ്‌ വിവരണം തുടന്നു.
“പെട്ടെന്നാണ് ഞാന്‍ നില്‍ക്കുന്നതിന്‍റെ ചരിവില്‍, താഴെ, രണ്ടാളുകള്‍ നില്‍ക്കുന്നു. അവര്‍ കറുത്ത തുണികൊണ്ട് മുഖം മറച്ചിരുന്നു. കറുത്ത വേഷമായിരുന്നു. ഞാന്‍ ഒരു മരത്തിന്‍റെ പിമ്പില്‍ മറഞ്ഞു.”
“എന്നിട്ട് മൂത്രമൊഴിച്ചുകാണും,”
പ്രിയങ്ക വീണ്ടും മന്ത്രിച്ചു.
സംഘാംഗങ്ങളുടെ മുഖത്ത് ആകാംക്ഷ നിറയുന്നത് ലത്തീഫ് കണ്ടു.
“എന്നിട്ട്?”
രാജേഷ് ഉദ്വേഗത്തോടെ ചോദിച്ചു.
“ഒരുത്തന്‍ പിക് ആക്സ് കൊണ്ട് നിലം കുഴിക്കുന്നു.”
“റിയലി?”
ദിവ്യ പെട്ടെന്ന്‍ ചോദിച്ചു.
“ങ്ങ്ഹാ,”
“മറ്റവനോ?”
രാജു തിരക്കി.
“അയാള്‍ നിലത്ത് ഇരിക്കുന്നു. ചുറ്റുപാടും നോക്കുന്നു. കൈയില്‍ ഗണ്‍ ഉണ്ട്. ഹണ്ടിംഗ്‌ ഗണ്‍ അല്ല. ഹൈലി സോഫിസ്റ്റിക്കേറ്റഡ് ആയ ഗണ്‍. പിന്നെ അയാള്‍ കൈയില്‍ എന്തോ വിടര്‍ത്തിപ്പിടിചിരിക്കുന്നു.”
“ലത്തീഫ് ദാദാ, അതാ മാപ്പ് ആയിരിക്കും,”
ആബിദ് അഭിപ്രായപ്പെട്ടു.
“നീ അവരെ ഇതിനു മുമ്പ് ഒരിടത്തും കണ്ടിട്ടില്ലേ?”
ഫെലിക്സ് ചോദിച്ചു.
“ഹ! അതെങ്ങനെയാ? ഞാനാദ്യം പറഞ്ഞില്ലേ, അവമ്മാര് കറുത്ത തുണികൊണ്ട് മൊഖം മറച്ചിരുന്നൂന്ന്‍?”
“അപ്പിയറന്‍സെങ്ങനെ?”
റോസ്‌ലിന്‍ ചോദിച്ചു.
‘രണ്ടാള്‍ക്കും നല്ല ഉയരമുണ്ട്. നെലത്തിരുന്നയാള്‍ക്ക് നല്ല തടിയും.”
കൂട്ടുകാര്‍ക്കിടയില്‍ ആഴമുള്ള ഒരു മൌനം വീണു.
ലത്തീഫ് ദൂരെ മലനിരകളിലേക്ക് നോക്കി.
അപരാഹ്നത്തിന്‍റെ തീവ്ര നിശബ്ദതയിലാണ് കോബ്രാഹില്‍സ്‌.
“അവര്‍ക്ക് എന്തോ സംശയം തോന്നിയതുപോലെ തോന്നി,”
മനോജ്‌ തുടര്‍ന്നു.
“പെട്ടെന്ന്‍ തന്നെ അവര്‍ പണി നിര്‍ത്തി. മുമ്പില്‍ കൊറേ പാറക്കൂട്ടങ്ങള്‍ ഉണ്ടാരുന്നു. അതിനിടെക്കൊടെ അവര് നടന്ന്‍ മറഞ്ഞു. വടക്കോട്ട്‌. അവര്‍ക്ക് മാത്രം അറിയാവുന്ന ഒരു മാര്‍ഗ്ഗത്തിക്കൊടെ. മറ്റു വഴിയൊന്നും ഇല്ലാത്ത കൊണ്ട് ഞാന്‍ തിരിച്ച് പോന്നു.”
സംഘാംഗങ്ങള്‍ ആകാംക്ഷയോടെ ലതീഫിനെ നോക്കി.
അവന്‍റെ കണ്ണുകള്‍ ഇപ്പോഴും കോബ്രാഹില്‍സിലാണ്.
“കഴിഞ്ഞ വര്‍ഷമാണ്‌ നമ്മള്‍ ഒരു ഉത്തരേന്ത്യക്കാരന്‍റെ കാലുകള്‍ തല്ലിയൊടിച്ചത്,”
ലത്തീഫിന്‍റെ ദൃഡതയുള്ള സ്വരം ഉയര്‍ന്നു.
“ഒരു ബീഹാറി. പത്രപ്രവര്‍ത്തകന്‍റെ വെഷം കെട്ടി അവന്‍ കൊറേ നാള്‍ ഇവിടെ താമസിച്ചു. നമ്മള്‍ അവനെ നിരീക്ഷിച്ചു. അവന്‍റെ ഓരോ നീക്കവും പിന്തുടര്‍ന്നു. പിന്നീട് ഒരു രാത്രിയില്‍ കാടിനുള്ളില്‍ വെച്ച് നമ്മള്‍ അവനെ പിടിച്ചു. കരഞ്ഞ് കാല് പിടിച്ചത്കൊണ്ട് നാം അവനെ കൊല്ലാതെ വിട്ടു.”
ലത്തീഫിന്‍റെ കണ്ണുകള്‍ കോബ്രാഹില്‍സിലേക്ക് വീണ്ടും നീണ്ടു.
കൂട്ടുകാര്‍ ആകാംക്ഷയോടെ അവന്‍റെ അടുത്ത വാക്കുകള്‍ക്ക് കാതോര്‍ത്തു.
“ഒരു വര്ഷത്തിന് ശേഷം ആ മഹത്തായ ഉത്തരവാദിത്തം നമ്മുടെ കൈകളിലേക്ക് വീണ്ടും വന്നിരിക്കുകയാണ്,”
കൂട്ടുകാര്‍ ലത്തീഫിന്‍റെ ആവേശം തുളുമ്പുന്ന വാക്കുകള്‍ വീണ്ടും കേട്ടു.
“ചരിത്ര പുസ്തകങ്ങള്‍ പറയുന്നത് സൂര്യ വംശത്തിലെ രാജാക്കന്മാര്‍ രാജ്യത്തിന്‍റെ സമ്പത്ത് ഒരിക്കലും ദുര്‍വിനിയോഗം ചെയ്തിരുനില്ല എന്നാണ്. മറിച്ച് അതിന്‍റെ വിശ്വസ്തരായ കാവല്‍ സേനയായി അവര്‍ നിലകൊണ്ടു എന്നാണ്. ആ സമ്പത്ത് സുരക്ഷിതമായി ശാന്തിപുരത് നിലനിര്‍ത്തുക എന്നതാണ് നമ്മുടെ സംഘത്തിന്‍റെ പ്രധാന ചുമതല.”
ലത്തീഫ് എഴുന്നേറ്റു.
അവന്‍ മുഷ്ട്ടിചുരുട്ടി.
“നാടിന്‍റെ സമ്പത്ത് കൊള്ളയടിക്കാന്‍ വരുന്ന ഏതൊരു ശത്രുവിനെയും നേരിടുക! വീ ഹാവ് ആന്‍ ആക്ഷന്‍! ആന്‍ ആക്ഷന്‍ ഓഫ് റെസിസ്റ്റന്‍സ്. റ്റു ആള്‍ ദ ഇന്വേഷന്‍സ് റ്റു ഔര്‍ അഫയേഴ്സ്!”‘
“യെസ്, യെസ്!!”
സംഘാംഗങ്ങള്‍ ആവേശഭരിതരായി മുഷ്ട്ടിചുരുട്ടി.
ലത്തീഫ് വീണ്ടും സംസാരിക്കാന്‍ തുടങ്ങുന്നത് കണ്ട്‌ അവര്‍ വീണ്ടും നിശബ്ദരായി.
“മനോജ്‌ ഇന്നലെ കണ്ടത് കൊട്ടാരത്തില്‍ നിന്ന്‍ മോഷ്ട്ടിക്കപ്പെട്ട മാപ്പുകളിലൊന്നാണ്.”
ലത്തീഫ് തുടര്‍ന്നു.
“ദിവ്യേ നീ ഇനിയെങ്കിലും വിശ്വസിക്കണം. നിന്‍റെ ഡാഡിയെ ചതിച്ചവനാണ് രോഹിത്.”
എല്ലാവരും ദിവ്യയെ നിശബ്ദരായി നോക്കി.
അവള്‍ക്ക് രോഹിതിനോടുള്ള ബന്ധത്തിന്‍റെ തീവ്രത എല്ലാവര്ക്കും അറിവുള്ളതാണ്.”
പൊതുജനങ്ങള്‍ പോലും അയാളെ ചതിയനായി കാണുന്നുണ്ടെങ്കിലും അവള്‍ അയാളെ അവിശ്വസിക്കുന്നില്ല എന്ന്‍ എല്ലാവരും അറിഞ്ഞിരുന്നു.
“നമ്മളെല്ലാവരും കണ്ടതല്ലേ, അയാള്‍ കോബ്രാഹില്‍സില്‍ മരിച്ചുകിടന്നത്,”
സതീഷ്‌ ഓര്‍മ്മപ്പെടുത്തി.
“ഞാനാ അയാടെ പോക്കറ്റില്‍ ആ മാപ്പ് ആദ്യം കണ്ടെ,”
ആബിദ് ദിവ്യയെ നോക്കി പറഞ്ഞു.
“അറിയോ നിനക്ക്, നിന്‍റെ ഡാഡിയുടെ ലൈബ്രറിയില്‍ നിന്ന്‍ മോഷ്ട്ടിക്കപ്പെട്ട മാപ്പുകള്‍,”
വിന്‍സെന്‍റ്റും തന്‍റെ അഭിപ്രായം മറച്ചുവെച്ചില്ല.
ദിവ്യ അവരുടെ അഭിപ്രായങ്ങള്‍ നിശബ്ദതയോടെ കേട്ടു.
“രോഹിത് അങ്കിള്‍ അങ്ങിനെ ചെയ്യൂന്നു ഞാന്‍ ഒരിക്കലും വിശ്വസിക്കില്ല,”
അല്പ്പനിമിഷങ്ങള്‍ക്ക് ദിവ്യ പറഞ്ഞു.
“പക്ഷെ ദിവ്യാ…”
“സമ്മതിച്ചു,”
സതീഷിനെ തുടരാന്‍ അനുവദിക്കാതെ ദിവ്യ ദിവ്യ തുടര്‍ന്നു.
“രോഹിത് അങ്കിള്‍ കോബ്രാഹില്‍സില്‍ മരിച്ചു കിടക്കുന്നത് നിങ്ങള്‍ കണ്ടതാണ്. ഞാനും കണ്ടതാ. പക്ഷെ എന്‍റെ ഉള്ളിന്റെയുള്ളില്‍ എനിക്കിപ്പോഴും വിശ്വാസമാ. എനിക്കങ്കിളിനെ നന്നായി അറിയാം. അദ്ദേഹം എന്‍റെ ഡാഡിയെ ഒരിക്കലും ചതിക്കില്ല.”
അവളുടെ സ്വരത്തിലെ വിശ്വാസതീവ്രത അവരെ നിശബ്ദരാക്കി.
അവരെ സംബന്ധിച്ച് ദിവ്യയുടെ വാദങ്ങള്‍ അസ്വീകാര്യമായിരുന്നെങ്കിലും.
“അത് പോട്ടെ,”
ഷെറിന്‍ ലത്തീഫിനെ നോക്കി.
“നമ്മുടെ പ്ലാന്‍ എന്താ?”
“വെയിറ്റ് ആന്‍ഡ് ഒബ്സേര്‍വ്,”
ലത്തീഫ് പറഞ്ഞു.
“മനോജ്‌ ഇന്നലെ രാത്രിയില്‍ കണ്ടില്ലേ, അവരെ നമ്മള്‍ നിരീക്ഷിക്കും. അവരെക്കുറിച്ചുള്ള എല്ലാ ഡീറ്റയില്‍സും കളക്റ്റ് ചെയ്യും. ദെന്‍ വീ വില്‍ ബിഗിന്‍ ദ ആക്ഷന്‍!”

Leave a Reply

Your email address will not be published. Required fields are marked *