“എന്‍റെ കണ്ണിലെ കനവുകള്‍ക്കും ചുണ്ടില്‍ വിടരുന്ന പുഞ്ചിരിക്കും ഇപ്പോള്‍ ഒരാള്‍ മാത്രമാണ് കാരണം, ഡെന്നീസ്”
ഋഷി അത് പറയുമ്പോള്‍ അവന്‍റെ വിടര്‍ന്ന കണ്ണുകളിലെ മുഴുവന്‍ താരുണ്യവും മലകള്‍ക്കപ്പുറത്ത് ആകാശത്ത് സിന്ദൂരം നിറയ്ക്കുന്ന അസ്തമയ വര്‍ണ്ണങ്ങളില്‍ തറഞ്ഞു.
“എന്‍റെ കവീ”
ഡെന്നീസ് ചിരിച്ചുകൊണ്ട് അവനെ നോക്കി.
“അല്ലെങ്കില്‍ എന്‍റെ സംഗീതജ്ഞാ, അല്ലെങ്കില്‍ എന്‍റെ ഫിലോസഫറെ! നീ കൊറേ നേരമായി ഒരാള്‍ ഒരാള്‍ എന്ന് ഇമ്പോസിഷന്‍ പോലെ പറയുന്നതല്ലാതെ അവള്‍ ആരാണ് എന്നോ എന്താണ് എന്നോ, അവളുടെ പേര് പോലും എന്താണ് എന്നോ ഒന്നും പറഞ്ഞിട്ടില്ല. നിനക്കൊട്ടു അറിയത്ത് പോലുമില്ല!”
ഡെന്നീസ് അല്‍പ്പം പരിഹാസം കലര്‍ന്ന ഭാവത്തോടെ ഋഷിയെ നോക്കി. പിന്നെ അവന്‍ ആ ഭാവം മാറ്റി. വികാര ജീവിയാണ്.തന്‍റെ മുഖഭാവം കണ്ട് ചിലപ്പോള്‍ വിഷമിച്ചേക്കാം.
“എടാ ഫ്രണ്ടേ! ഋഷിക്കുട്ടാ… ”
ഡെന്നീസ് വീണ്ടും അവനെ വിളിച്ചു.
“നമ്മടെ കോളേജിലെ ബ്യൂട്ടി ക്വീന്‍, നിന്‍റെ സാഹിത്യ ഭാഷേല്‍ പറഞ്ഞാല്‍ പണക്കടലില്‍ ഇരുപത്തി നാലുമണിക്കൂറും മുങ്ങിക്കുളിക്കുന്ന സര്‍പ്പ സുന്ദരി, നിന്നെ കിട്ടാന്‍ വേണ്ടി ഹിമാലയത്തില്‍ പോയി തപസ്സ് ചെയ്യാന്‍ പോലും ഒരുങ്ങി നില്‍ക്കുന്ന മീനാക്ഷി നമ്പ്യാര്‍, നിന്നെ കിട്ടിയില്ലെങ്കില്‍ ബര്‍മുഡ ട്രയാങ്കിളില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോലും ഒരുങ്ങി നില്‍ക്കുന്ന മറ്റൊരു മിസ്സ് വേള്‍ഡ് ജാസ്മിന്‍ മൂസ…ഈ സൂപ്പര്‍ ഡ്യൂപ്പര്‍ സുന്ദരി ചരക്കുകളുടെ ഒക്കെ പ്രേമം ഇത്ര നിഷ്ക്കരുണം തട്ടി തെറുപ്പിക്കണമെങ്കില്‍ അതിനേക്കാള്‍ സൌന്ദര്യോം അഭിജാത്യോം ഒക്കെ ഉണ്ടാവണമല്ലോ നീയീ പറയുന്ന പെണ്ണില്‍; അല്ലേ?”
ഋഷി ഡെന്നീസിന്‍റെ കണ്ണുകളിലേക്ക് ഉത്സാഹത്തോടെ നോക്കി.
“എടാ, ഞാന്‍ ഇഷ്ട്ടപ്പെട്ടത് ഒരു മനുഷ്യസ്ത്രീയെ അല്ല,”
സ്വപ്നം മയങ്ങുന്ന കണ്ണുകളോടെ ഋഷി പറഞ്ഞു.
“മാലാഖയാണ് അവള്‍. അവളുടെ സൌന്ദര്യം വര്‍ണ്ണിക്കാന്‍ എന്‍റെ കവിതയ്ക്ക് ശക്തിയില്ല. ഭൂമിയില്‍ യാതൊന്നുമില്ല അവളുടെ സൌന്ദര്യം എനിക്ക് താരതമ്യം ചെയ്യാന്‍. അവളുടെ സൌന്ദര്യത്തിനു പകരം നില്‍ക്കുന്ന ഒരു വസ്തു കണ്ടെത്താന്‍ എനിക്ക് ഭൂമി വിട്ട് മറ്റിടം തേടേണ്ടിവരും!”
ഋഷി വിവരണം തുടര്‍ന്നപ്പോള്‍ ഡെന്നീസ് അദ്ഭുതത്തോടെ അവനെ നോക്കി. ഇവനീ പറയുന്നപോലെ സൌന്ദര്യമുള്ള പെണ്ണോ? എങ്കില്‍ അവളെയൊന്ന് കാണണമല്ലോ. എവിടെയായിരിക്കും അവള്‍? ആരായിരിക്കും അവള്‍?