ഋഷികേശ് നാരായണന്‍ കോളേജിലെ അറിയപ്പെടുന്ന കവിയും ഗായകനുമൊക്കെയാണ്. സപ്നം നിറഞ്ഞ വലിയ കണ്ണുകളും നീണ്ട മുടിയും ആവശ്യത്തിന് ഉയരവും വണ്ണവും വശ്യമായ സൌന്ദര്യവുമുള്ള ഋഷിയുടെ പിന്നാലെ വളരെയേറെ പെണ്‍കുട്ടികള്‍ അവന്‍റെ പ്രണയം നേടുന്നതിന് മത്സരിച്ചിരുന്നു. പക്ഷെ ലജ്ജാശീലനും അധികം സംസാരിക്കുന്നതില്‍ വിമുഖനുമായിരുന്ന ഋഷി ആരുടേയും പ്രണയത്തില്‍ ഭ്രമിച്ചില്ല. അധികം സുഹൃത്തുക്കളുമുണ്ടായിരുന്നില്ല അവന്. പ്രസരിപ്പും ഉത്സാഹിയുമായിരുന്ന ഡെന്നീസ് സാമുവലിനോട് മാത്രമായിരുന്നു അവന് ഏറ്റവുമടുപ്പം. അവരുടെ സൌഹൃദമാകട്ടെ ഉപാധികളില്ലാത്ത്തുമായിരുന്നു. കോഴിക്കോടുള്ള ഋഷിയുടെ വീട്ടില്‍ ഒന്നിലേറെ തവണ ഡെന്നീസ് പോയിട്ടുണ്ട്.പക്ഷെ പല തവണ ഡെന്നീസ് ക്ഷണിച്ചിട്ടും ഋഷിയ്ക്ക് അവന്‍റെ തൃശൂരുള്ള വീട്ടില്‍ പോകുവാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ ക്രിസ്മസിന് എന്തായാലും ഡെന്നീസിന്‍റെ വീട്ടിലേക്ക് പോകുവാന്‍ ഋഷി തീരുമാനിച്ചിരുന്നു.
“എന്‍റെ പൊന്ന് മേനോനെ!”
ഋഷി പറഞ്ഞു.
“നീയാദ്യം ഒന്ന് അവളുടെ പേരെങ്കിലും ഒന്നറിയ്. അറിയാന്‍ ശ്രമിക്ക്! അല്ലാതെ അവള് സുന്ദരിയാ, അപ്സ്സരസ്സാ, രംഭയാ, നമിതയാ, നയന്‍ താരയാ മാടയാ കോടയാ എന്നൊക്കെ പറഞ്ഞിട്ട് എന്താടാ മൈക്കുണാ പ്രയോജനം? ഇതെങ്ങാനും എന്‍റെ മമ്മി അറിയണം! നീയേത് കൊത്താഴത്ത്കാരനാ എന്ന് ചോദിക്കും!”
ഋഷി അവനെ നോക്കി.
“എടാ നീയെന്നോട് സത്യം ചെയ്തതാ!”
ഋഷി പറഞ്ഞു.
“നമ്മള്‍ രണ്ടുപേരല്ലാതെ ഇക്കാര്യം മൂന്നാമത് ഒരാളും അറിയില്ലാന്ന്! എന്നിട്ട് നീ നിന്‍റെ അമ്മയോട് പറയാന്‍ പോകുവാണോ?”
“എന്‍റെ പൊന്നെ!”
ഡെന്നീസ് അവന്‍റെ നേരെ കയ്യോങ്ങി.
“ഞാന്‍ ഒരു താളത്തിന് പറഞ്ഞതാണേ!”
ഋഷി ചിരിച്ചു.
“ആട്ടെ! ഊരും പേരുമില്ലാത്ത, സൌന്ദര്യം മാത്രമുള്ള ഈ അന്യഗ്രഹജീവിയെ എവിടുന്നാ നീ കണ്ടത്?”
ഋഷിയുടെ കണ്ണുകളില്‍ വീണ്ടും മയക്കുന്ന ഒരു സ്വപ്നം വിടര്‍ന്നു. അവന്‍ പുറത്തേക്ക് അകാശത്തേക്ക്നോക്കി. ആകാശം നിറയെ പക്ഷികള്‍. ചുവന്ന മേഘങ്ങളില്‍ കറുത്ത പാടുകള്‍ വീഴ്ത്തി അവ ഒഴുകിപ്പറക്കുന്നു.
“കഴിഞ്ഞ വെക്കേഷന് വീട്ടില്‍ പോയപ്പോള്‍ ഗുരുവായൂര് പോയി. അമ്മയുടെ കൂടെ. ശംഖാഭിഷേകമുണ്ടായിരുന്നു. എതിരേറ്റ് പൂജ നടക്കുന്ന മണ്ഡപത്തിനടുത്ത് മലര്‍ നിവേദ്യത്തിന് വട്ടം കൂട്ടുന്ന ബഹളം ശ്രദ്ധിച്ച് നില്‍ക്കുമ്പോഴാണ് ദൈവത്തിരുമുഖവുമായി, ദൈവത്തിരുവുടലുമായി, ദൈവത്തിരുമുടിയുമായി സ്വര്‍ണ്ണവിഗ്രഹം പോലെ ഒരു ദേവി, ഒരു സ്വര്‍ണ്ണ ദേവത ചുറ്റുവിളക്കിന് നേരെ പോകുന്നത് കാണുന്നത്. കസവ് സാരിയുടുത്ത്…അപ്പോള്‍ തുടങ്ങിയ അമ്പരപ്പും നിശ്ചലാവസ്ഥയുമാണ് ഡെന്നീസ്. ദേഹമൊന്ന് ഇളകി തരിച്ചുണര്‍ന്നു…ആദ്യമാണ് ആ ഒരു അനുഭവം. എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി. അല്‍പ്പം കഴിഞ്ഞാണ് എനിക്ക് ബോധം ഉണ്ടാവുന്നത്. ഞാന്‍ അവളുടെ പിന്നാലെ ചെന്നു. ചുറ്റുവിളക്കിന് മുമ്പില്‍ കണ്ണുകളടച്ച് ധ്യാനലീനയായി…അവളുടെ മുമ്പില്‍ തന്നെ നിന്ന് ഞാനും കണ്ണുകള്‍ അടച്ചതായി ഭാവിച്ചു. ഒരു മൂന്ന്‍ മിനിറ്റ്…അത്കഴിഞ്ഞ് പുറത്ത് മണ്ഡപത്തിന് വെളിയില്‍ കാത്ത് നിന്ന ഒരു മുതിര്‍ന്ന സ്ത്രീയോടൊപ്പം പോയി…”