അവന്‍ പറഞ്ഞ പല കാര്യങ്ങളും ഡെന്നീസിന് മനസിലായില്ല.എങ്കിലും ഒരു കാര്യം ഉറപ്പായി. കവിയാണ് ഋഷി. ഗായകനും. സുന്ദരനായ അവനെ വശീകരിക്കാനുള്ള കോളേജിലെ ഒരു പെണ്‍കുട്ടിയുടെ ശ്രമവും ഇതുവരെ വിജയിച്ചിട്ടില്ല. അങ്ങനെയുള്ള അവന്‍റെ മനസ്സിലേക്ക് ഒരു പെണ്‍കുട്ടി സ്ഥിരവാസമാക്കിയെങ്കില്‍ അവളെന്ത് സുന്ദരിയായിരിക്കും!
“അവള്‍ എന്തിനാ പഠിക്കുന്നെ, എവിടെയാ പഠിക്കുന്നെ എന്നെകിലുമറിയാമോ ഋഷി നിനക്ക്?”
ഋഷി മൌനം പാലിച്ചതല്ലാതെ ഉത്തരം പറഞ്ഞില്ല.
“ഫസ്റ്റ് പാര്‍ട്ടിയോടാ ഞാന്‍ ചോദിക്കുന്നെ! പേരുപോലും അറിയില്ല!”
“ഒരിരുപത് ഇരുപത്തിരണ്ട് വയസ്സ് കാണും അവള്‍ക്ക്. എനിക്ക്തോന്നുന്നതാ! അതില്‍ക്കൂടുതല്‍ ഒന്നും എനിക്കറിയില്ല ഡെന്നീസ്.”
ഋഷി പറഞ്ഞു.
“ഇരുപത്തി രണ്ടോ? അപ്പോള്‍ നിന്നെക്കാള്‍ മൂത്തതാണോ? അത് കൊള്ളാം!”
“അതിനെന്താ?”
അവന്‍ പെട്ടെന്ന് ചോദിച്ചു.
“നീയൊക്കെ ഏത് നൂറ്റാണ്ടിലാടാ ജീവിക്കുന്നെ? ആണിനെക്കാള്‍ ഒന്നോ രണ്ടോ വയസ്സ് പെണ്ണിന് കൂടിയെന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നുണ്ടോ? എനിക്ക് അവളെ മറക്കാന്‍ കഴിയില്ല.എന്‍റെ മനസ്സില്‍നിന്ന് അവള്‍ പോവുകയുമില്ല…”
അവന്‍റെ വാക്കുകള്‍ ഡെന്നീസിനെ സ്പര്‍ശിച്ചു. താന്‍ കരുതിയത് പോലെയല്ല. ആ പെണ്ണ് ആരായാലും ഇവന്‍റെ അസ്ഥിക്കല്ല ചോരയില്‍ തന്നെ പിടിച്ചിട്ടുണ്ട്!
“എങ്ങനെ കണ്ടുപിടിക്കും നീ അവളെ എന്‍റെ ഋഷി? അവളെ കാണാന്‍ നീ ഗുരുവായൂര്‍ അമ്പലത്തില്‍ പോയാല്‍ അന്ന്‍ അവളവിടെ വരണമെന്നുണ്ടോ? അവളെ കാണാന്‍ വേണ്ടി ഒരു കൊല്ലം മൊത്തം നിനക്ക് ഗുരുവായൂര്‍ പോകേണ്ടിവരും!”
ആചോദ്യത്തിന് മുമ്പില്‍ ഋഷി ആദ്യം ഒന്ന് പകച്ചത് പോലെ തോന്നി. ഒന്നുരണ്ടു നിമിഷം ഉത്തരമൊന്നും പറയാതെ അവന്‍ ഡെന്നീസിനെ തന്നെ നോക്കി.
“അവളെനിക്കുള്ളതാ ഡെന്നീസെ! അതുകൊണ്ട് ഈശ്വരന്‍ ഒന്നുകില്‍ എന്‍റെ അടുത്തേക്ക് അവളെ കൊണ്ടുവരും. അല്ലെങ്കില്‍ അവളുടെ അടുത്തേക്ക് ഈശ്വരന്‍ എന്നെനടത്തും!”
അവന്‍റെ സ്വരത്തില്‍ വ്യക്തമായ ആത്മവിശ്വാസത്തിന്‍റെ മുഴക്കം ഡെന്നീസ് കേട്ടു.
“എന്തരോ എന്തോ!”
മനോജ് കെ ജയനെ ഓര്‍മ്മിച്ച് ഞാന്‍ പറഞ്ഞു.
“നീ സ്വപ്നം കാണല്‍ നിര്‍ത്തി ആ റെക്കോഡ് കമ്പ്ലീറ്റ് ചെയ്യാന്‍ നോക്ക്. അല്ലേല്‍ നാളെ ജോസഫ് മാഷിന്‍റെ വായിലിരിക്കുന്നത് മൊത്തം കേക്കേണ്ടി വരും!”
മൂന്ന്‍ ദിവസങ്ങള്‍ കഴിഞ്ഞാല്‍ ക്രിസ്മസ്സ് അവധി തുടങ്ങുകയാണ്. ഡെന്നീസ് പുഞ്ചിരിയോടെ ഓര്‍ത്തു. വീട്ടിലെത്താന്‍ കൊതിയാകുന്നു. കൊതിയാകാന്‍കാരണം സന്ധ്യയാണ് . അയല്‍ക്കാരിയാണ് അവള്‍. മമ്മിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും ബാങ്കില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സംഗീത ആന്റിയുടെ മകള്‍. തന്നെപ്പോലെ തന്നെ അവളുടെ അച്ഛനും ഒരുഅപകടത്തില്‍ കൊല്ലപ്പെട്ടു.