മേനോന്‍ ചിരിച്ചു. അയാള്‍ അവനെ അലിവോടെ നോക്കി. സ്വന്തം ജീവന്‍ അപകടത്തില്‍ ആകും എന്നറിഞ്ഞിട്ടും സ്വന്തം യജമാനന്‍റെ സുരക്ഷയില്‍ ആണ് ബഷീറിന്റെ ആധി. അടിമ! പെര്‍ഫെക്റ്റ് സ്ളേവ്! അയാള്‍ മന്ദഹസിച്ചു.
“നിന്‍റെ ജലദോഷം മാറിയോടാ?”
മേനോന്‍ ചോദിച്ചു. ബഷീര്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.
“എന്നാ വാ!”
അയാള്‍ അകത്തേക്ക് തിരിഞ്ഞു.
“ഒരു ഗുളികകഴിച്ചോ! ജലദോഷം ഇങ്ങനെ നീണ്ടു പോയാ ശരിയാകുവേല. പണി ഒരുപാടുണ്ട്, ചെയ്ത് തീര്‍ക്കാന്‍!” ബാര്‍ റൂമിലേക്കാണ് അയാള്‍ കയറിയത്. നേരിയ ഇരുള്‍ നിറഞ്ഞിരുന്നു അതില്‍. ഇരുവരും അതിലേക്ക് കയറി. മേനോന്‍ ഷെല്‍ഫ് തുറന്ന്‍ ഒരു ടാബ്ലെറ്റ് സ്ട്രിപ് എടുത്തു. ഫോസ്പ്രോപ്പോഫോള്‍! തെര്‍ട്ടി ഫൈവ് എം ജി. സ്ട്രിപ് തുറന്നു രണ്ട് ഗുളികകള്‍ അയാളെടുത്തു.
“ഇന്നാ കഴിക്ക്! നല്ല സൂപ്പര്‍ ഗുളികയാ!”
ബഷീറിന്റെ നേരെ ഗുളികകള്‍ നീട്ടിക്കൊണ്ട് മേനോന്‍ പറഞ്ഞു. എന്നിട്ട് കാസ്ക്ക് തുറന്ന്‍ പോള്‍ ജോണ്‍ കാന്യ വിസ്ക്കിയുടെ ഒരു ബോട്ടില്‍ എടുത്തു.
“ഗോവേല്‍ ഏഴ് വര്‍ഷം മുമ്പ് ബ്രൂ ചെയ്ത മാള്‍ട്ട് വിസ്ക്കിയാ ഇത്,”
വിലപിടിച്ച ലഹരി ദ്രാവകം ഗ്ലാസുകളിലെക്ക് പകര്‍ത്തിക്കൊണ്ട് മേനോന്‍ പറഞ്ഞു.
“ഗുളിക ഈ വിസ്ക്കീടെ കൂടെയങ്ങ് പിടിപ്പിക്ക്!”
അയാള്‍ ഗ്ലാസ് അയാള്‍ക്ക് കൈ മാറിക്കൊണ്ട് മേനോന്‍ പറഞ്ഞു. ബഷീര്‍ ഗുളിക നാവിലെക്കിട്ടു. പിന്നെ വിസ്ക്കി ഗ്ലാസ് ചുണ്ടോടടുപ്പിച്ചു. മേനോന്‍ അപ്പോള്‍ ബാര്‍ റൂമിലെ സൈക്കഡലിക്ക് ലൈറ്റ് ഓണ്‍ ചെയ്തു. മുറി നിറയെ ചുവപ്പും നീലയും മഞ്ഞയും പച്ചയും കലര്‍ന്ന കടുത്ത നിറ ശകലങ്ങള്‍ തിരയിളക്കാന്‍ തുടങ്ങി. നിറങ്ങളുടെ ലംബരേഖകള്‍ ചുവരുകളിലും ഫ്ലോറിലും പാമ്പുകളെപ്പോലെ ഇഴഞ്ഞു. ഫോസ്പ്രോപ്പോഫോള്‍ ഗുളികയുടെ നീലപ്പല്ലുകള്‍ ബഷീറിന്റെ സിരകളിലേക്ക് തേളിന്റെ വിഷത്തുമ്പ് പോലെ ഇറുക്കി പിടിക്കാന്‍ തുടങ്ങി.
“ബഷീറെ…”
മുറിയല്‍ തിരയിളക്കുന്ന സൈക്കഡലിക്ക് നിറ രേഖകള്‍ക്ക് മേലെ ആനിമേറ്റഡ് ചെയ്തത് പോലെയുള്ള മേനോന്‍റെ ശബ്ദം ബഷീറിന്റെ ശിരസ്സിലേക്ക് തറഞ്ഞു കയറി.
“സാര്‍…”
വശ്യമായി ചിരിച്ചുകൊണ്ട് ബഷീര്‍ വിളികേട്ടു.
“ഞാന്‍ അപകടത്തില്‍ ആണല്ലോടാ!”
“ഞാന്‍ എന്താ ചെയ്യേണ്ടേ സാര്‍?”
ലഹരി നിറഞ്ഞ കണ്ണുകളോടെ, നോട്ടത്തില്‍ പതഞ്ഞു കയറുന്ന നിലാസ്പര്‍ശത്തോടെ ബഷീര്‍ ചോദിച്ചു.