“സബാഷ്!”
മേനോന്‍ അഭിനന്ദിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“ഇനി സ്റ്റയിലായി ഒരപ്പങ്ങ് ഇട്!”
ബഷീര്‍ അടിയില്‍ ഒപ്പുവച്ചു.
“വാ!”
മേനോന്‍ എഴുന്നേറ്റു. ബഷീറും.
“അതങ്ങ് മടക്കി പോക്കറ്റില്‍ ഇട്ടോ!”
“സാറ് വായിച്ചു നോക്കുന്നില്ലേ?”
“എന്നേത്തിന്? സ്പെല്ലിംഗ് മിസ്റ്റെക് കണ്ടുപിടിക്കാനോ? മിസ്റ്റെക് വരട്ടെ! നീ ഡ്രൈവര്‍ അല്ലേ? അല്ലാതെ എന്‍റെ മാഷൊന്നുമല്ലല്ലോ!”
വീണ്ടും വശ്യമായി ചിരിച്ചുകൊണ്ട് ബഷീര്‍ അയാളെ നോക്കി. പേപ്പര്‍ നാലായി മടക്കി പോക്കറ്റില്‍ വെച്ചു. അയാള്‍ കാര്‍ ഷെഡിനടുത്തുള്ള ബഷീറിന്റെ റൂമിലേക്ക് നടന്നു. അവിടെയെത്തി വാതില്‍ക്കല്‍ നിന്നു.
“ആ കയറ് എടുത്തോടാ!”
മുറ്റത്ത് മാവിന്‍ ചുവട്ടില്‍ കിടന്ന കട്ടിയുള്ള പ്ലാസ്റ്റിക് കയറിലെക്ക് വിരല്‍ ചൂണ്ടി മേനോന്‍ പറഞ്ഞു. ബഷീര്‍ കുനിഞ്ഞ് അതെടുത്തു. എന്നിട്ട് ഷെഡിലേക്ക് വന്നു. മേനോന്‍ അല്‍പ്പം മാറി നിന്നു.
“ഇനി കതക് അടച്ച് കുട്ടിയിട്ടെരെ!”
ബഷീര്‍ അകത്ത് കയറിയപ്പോള്‍ മേനോന്‍ പറഞ്ഞു. എന്നിട്ട് അയാള്‍ ജനാലയുടെ അടുത്തേക്ക് വന്നു നിന്നു. തൂവാല കൊണ്ട് കൈയുടെ മേല്‍ കയ്യുറ പോലെ പോതിഞ്ഞ്അയാള്‍ ജനല്‍ പതിയെ തുറന്നു. അകത്തേക്ക് നോക്കി.
“കുരുക്ക് ഉണ്ടാക്ക്”
അയാള്‍ ജനാലയിലൂടെ ബഷീറിനെ നോക്കി നിര്‍ദേശിച്ചു. ബഷീര്‍ പുഞ്ചിരിയോടെ കുരുക്ക് ഉണ്ടാക്കി അയാളുടെ അംഗീകാരത്തിന് വേണ്ടി ഉയര്‍ത്തി കാണിച്ചു.
“കൊള്ളാം!”
മേനോന്‍ അഭിനന്ദിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“ഇനി ഫാനില്‍ കെട്ട്…”
ശാന്തായ, പുഞ്ചിരിക്കുന്ന മുഖത്തോടെ ബഷീര്‍ മേശപ്പുറത്ത് കയറി നിന്ന് ഫാനില്‍ കയറു മുറുക്കി കെട്ടി. മേനോനെ നോക്കി. പുറത്ത് നേര്‍ക്കുന്ന ഇരുളിലേക്ക് നോക്കി. പുറത്ത് നിന്ന് കേള്‍ക്കുന്ന നേര്‍ത്ത ശബ്ദ ശകലങ്ങളിലെക്ക് കാതുകള്‍ നട്ടു. ദൂരെ നിന്ന് കേള്‍ക്കുന്ന ഒരു കുഞ്ഞിന്‍റെ കരച്ചില്‍ ശബ്ദത്തിലേക്ക് അയാള്‍ കാതുകള്‍ കൊടുക്കുന്നത് പോലെ തോന്നി.
“എന്താടാ?”
“എനിക്ക് മോനെ കാണണം എന്ന് തോന്നുന്നു, സാര്‍”
“അവനെ ഞാന്‍ നോക്കിക്കൊള്ളാം! നീ ധൈര്യമായി തൂങ്ങെടാ!”
ബഷീര്‍ വീണ്ടും പുഞ്ചിരിച്ചു. പിന്നെ കുരുക്ക് കഴുത്തിലിട്ട് മേനോനെ നോക്കി. മേനോന്‍ പുഞ്ചിരിച്ചു. ബഷീര്‍ മേശ കാലുകൊണ്ട് തട്ടി. കഴുത്തില്‍ കുരുക്കിട്ട് പിടഞ്ഞുകൊണ്ട് ബഷീര്‍ വീണ്ടും മേനോനെ നോക്കി. ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ട് അയാള്‍ ഉറക്കെ ചിരിച്ചു. കുരുക്ക് ശരിക്കും മുറുകിയപ്പോള്‍ ബഷീര്‍ ചിരി നിര്‍ത്തി. അയാള്‍ നോട്ടത്തിലൂടെ മേനോനെ നോക്കി ചിരിച്ചു. പിടച്ചില്‍ സാവധാനം തീവ്രമായി. അവസാനം അയാള്‍ടെ ശരീരം ഒന്ന് വെട്ടിയുലഞ്ഞു. പിന്നെ നിശ്ചലമായി. തൂവാലക്കയ്യുറയിട്ട കൈകൊണ്ട് മേനോന്‍ ജനല്‍ ചേര്‍ത്ത് അടച്ചു. പിന്നെ തിരിഞ്ഞ് നടന്നു.