ഫോണ്‍ ചെയ്ത് കഴിഞ്ഞ് ഒന്നും മനസ്സിലകാതെ ശ്യാം എല്ലാവരെയും നോക്കി.
“നീയെന്തിനാ പേര് മാറ്റി പറഞ്ഞെ?”
ഡെന്നീസ് ചോദിച്ചു.
“അതും ഷാജി പണിക്കര്‍!”
“ശരിക്കൊള്ള പേരൊക്കെ പറഞ്ഞാ അത് പിന്നെ വള്ളിക്കെട്ടാകൂടാ!”
അവന്‍ ജാള്യതയോടെ അവരെ നോക്കി.
“ഒന്നും മനസ്സിലാകുന്നില്ല മമ്മി!’
ശ്യാം വീണ്ടും സംഗീതയെ നോക്കി പറഞ്ഞു.
“ഋഷിയുടെ അച്ഛന്‍ സേഫാ. ഋഷിടെ മമ്മീം രേണൂം ഒക്കെ ഗുരുവായൂര് സേഫായി ഉണ്ട്. അപ്പൊ മേനോന്‍ സാറിന്‍റെ ഡ്രൈവര്‍ എന്തിന് ഋഷിയെ ഷൂട്ട് ചെയ്യണം?”
ശ്യാമിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീണു.
“എന്താ ശ്യാമേ?”
അത് കണ്ട് ലീന ചോദിച്ചു.
അവന്‍ പിന്നെ പറയാം എന്ന അര്‍ത്ഥത്തില്‍ ആംഗ്യം കാണിച്ചു. ഡോക്റ്റര്‍ സുഹ്റയുടെ വീട്ടില്‍, ക്ലിനിക്കില്‍ ഋഷിയേ എത്തിച്ച് കഴിഞ്ഞ്, മറ്റുള്ളവര്‍ ആകാംക്ഷയോടെ ഡോക്റ്റര്‍ ട്രീറ്റ്മെന്‍റ് റൂമില്‍ നിന്ന് വരുന്നത് കാത്തിരിന്നു.
“നിങ്ങള്‍ ആരും ഒരു ടെന്‍ഷനുമടിക്കേണ്ട ആവശ്യമില്ല,”
ഋഷിയേ നോക്കാന്‍ പോകുന്നതിന് മുമ്പ് ഡോക്റ്റര്‍ സുഹ്റ ലീനയോടും മറ്റുള്ളവരോടും പറഞ്ഞിരുന്നു.
“ഇതൊരു നിസ്സാര കേസാ. കൈക്കല്ലേ ഭാഗ്യത്തിന് വെടി കൊണ്ടത്? അതുകൊണ്ട് നിങ്ങള് ടി വി ഓണ്‍ ചെയ്ത് ആ പൈനായിരം രൂപക്കാരന്റെ ടോപ് സിങ്ങറോ ഒരു സെക്കണ്ട് പോലും ബോറടിപ്പിക്കാത്ത ഉടന്‍ പണമോ ഏതിന്റെയേലും റീ ടെലെക്കാസ്റ്റ് ഉണ്ടാവും. അത് വെച്ച് കണ്ടോണ്ട് ഇരിക്ക്!”
“മമ്മി എനിക്ക് ഒരു സംശയം!”
ഡെന്നീസ് പറഞ്ഞു. എല്ലാവരും അവനെ നോക്കി.
“ഋഷി മമ്മീനെ പിടിച്ച് സൈഡിലേക്ക് ഉന്തീപ്പം അല്ലേ അവന് വെടി ഏറ്റത്?”
“അതെ മോനൂ, അതാ എനിക്ക് വിഷമം ആയെ!”
“എന്ന് വെച്ചാ ആ ബഷീര്‍ എന്നയാള്‍ വെടി വെച്ചത് മമ്മീനെയാ. അല്ലേ?”
എല്ലാവരും പരസ്പ്പരം നോക്കി.
“അയാളെന്തിനാ മമ്മീനെ ഷൂട്ട് ചെയ്യുന്നേ?”
ആരും ഒന്നും പറയാതെ വീണ്ടും പരസ്പ്പരം നോക്കി.
“മമ്മീ…!”
പെട്ടെന്ന് ഭയപ്പെട്ട് ഡെന്നീസ് വീണ്ടും വിളിച്ചു. ലീന അവനെ നോക്കി. മറ്റുള്ളവരും.
“പപ്പയും രാജീവ് അങ്കിളും ഒക്കെ വര്‍ക്ക് ചെയ്തിരുന്നത് ഏതോ ഒരു മേനോന്‍റെ കമ്പനീല്‍ അല്ലേ?”
ലീനയും സംഗീതയും പരസ്പ്പരം നോക്കി.