ഷഹാന IPS : ഒരു സര്വീസ് സ്റ്റോറി 12
SHAHANA IPS 12 ORU SERVICE STORY | AUTHOR : SMITHA
Previous Parts
ജിന്നാ ഇന്റർനാഷണൽ എയർപോർട്ട്, കറാച്ചി.
എയർപോർട്ട് കൺട്രോൾ റൂമിന്റെ വലത് വശത്ത് കോർണറിൽ ആണ് സെക്യൂരിറ്റി വിങ്.
പാക്കിസ്ഥാനിലെ എല്ലാ എയർപോർട്ടിലും അത്തരം ഒരു ഓഫീസ് കാണുവാൻ സാധിക്കും.
അതാത് പ്രവിശ്യകളിലെ പോലീസ് മേധാവിയുടെ ഒരു പ്രതിനിധി, ഇന്ത്യയിലെ സി ബി ഐക്ക് സമാനമായ എഫ് ഐ ഏയുടെ ഉദ്യോഗസ്ഥർ, ഐ എസ് ഐ ഓഫീസർ, സൈബർ വിങ്ങിന്റെ ചുമതലയുള്ളയാൾ എന്നിവരടങ്ങിയ സംഘമാണ് ഓഫീസിൽ.
അവിടേക്കാണ് മെഹ്നൂറിനെയും സുൽഫിക്കറേയും സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കൊണ്ടുപോയത്.
ആ വലിയ ഓഫീസ് മുറിയിലെ അത്യന്താധുനികമായ യന്ത്ര സംവിധാനങ്ങളും ഡെസ്ക്കുകൾക്ക് പിമ്പിൽ ഗൗരവത്തോടെയിരിക്കുന്ന ഉദ്യോഗസ്ഥരെയും കണ്ടപ്പോൾ അവൾ ശരിക്കും അമ്പരന്നു.
“ഇരിക്കൂ…”
സുമുഖനായ, ഉയർന്ന ഉദ്യോഗസ്ഥനെന്ന് തോന്നിച്ച ഒരു ചെറുപ്പക്കാരൻ പറഞ്ഞു.
മെഹ്നൂറും സുൾഫിക്കറും അടുത്തടുത്തായി അയാൾക്ക് അഭിമുഖമിരുന്നു.
“എന്റെ പേര് റോഷൻ ദുറാനി,”
അയാൾ പറഞ്ഞു.
“അസ്സലാമു അലൈക്കും…”
അവൾ കൈ നെറ്റിയിൽ മുട്ടിച്ച് പറഞ്ഞു.
“വാ അലൈക്കും ഉസ്സലാം…”
അയാൾ പ്രത്യഭിവാദ്യം ചെയ്തു.പിന്നെ അവളെ ഗൗരവത്തിൽ,കണ്ണുകളിലേക്ക് നോക്കി.
“നിങ്ങളുടെ ഭർത്താവ് യൂസുഫ് ഖാൻ ഒരു ചെറിയ കാന്റീൻ നടത്തുന്നയാളാണ്…”
അയാൾ അവളുടെ കണ്ണുകളിൽ നിന്നും നോട്ടം മാറ്റാതെ പറഞ്ഞു.
പിന്നെ ഒരു ഫയൽ തുറന്ന് കുറച്ച് പേപ്പറുകൾ എടുത്ത് അയാൾ മെഹ്നൂറിനെ കാണിച്ചു.
“ഇത് നിങ്ങളുടെ ഭർത്താവിന്റെ ബാങ്ക് ഡീറ്റയിൽസ് ആണ്…”
“ഈ രേഖകൾ കാണിക്കുന്നത് അയാളുടെ പക്കൽ ബാങ്കിലുള്ളത് വെറും പതിനാലായിരം രൂപ മാത്രമാണ് എന്നാണ്,”
“ലണ്ടനിലേക്ക് പോകാനുള്ള ടിക്കറ്റിനുള്ള പണം എവിടുന്നാണ്…”