അയാൾ എന്താണ് പറയാൻ പോകുന്നതെന്ന് മെഹ്‌നൂർ ഭയന്നു.
“…നിങ്ങളുടെ ഭർത്താവ് യൂസുഫ് ഖാനാണ്…”
തന്റെ കരൾ പിളരുന്ന അനുഭവമുണ്ടായി മെഹ്‌നൂറിന്. അവളുടെ കണ്ണുകൾ തുളുമ്പി.ചുണ്ടുകൾ വിറച്ചു. പക്ഷെ ക്രമേണ അവളുടെ മുഖത്ത് അഭിമാനക്ഷതമേറ്റവളുടെ ഭാവം ഏറ്റവും ക്രൗര്യത്തോടെ കടന്നു വന്നു.
“”പക്ഷെ പാക്കിസ്ഥാൻ പോലീസ് തോക്ക് കൊണ്ട് തന്നെ അതങ്ങ് തീർത്തു. ആദ്യം വെടികൊണ്ടത് ആർക്കെന്ന് അറിയില്ല.പക്ഷെ അവസാനത്തെ വെടിയേറ്റത്…”
അയാൾ ടി വിയിൽ കണ്ണുകൾ നട്ടിരിക്കുന്ന സുൾഫിക്കറെ നോക്കി.
മെഹ്‌നൂറ്‍ തന്റെ നെഞ്ചിടിപ്പ് ഉച്ചത്തിൽ കേട്ടു.
“..അവസാനത്തെ വെടി നിങ്ങളുടെ ഭർത്താവ് യൂസുഫ് ഖാന്റെ ദേഹം തുളച്ചിട്ടുണ്ട്. ഷുവർ! “
സുൾഫിക്കറിന് കേൾക്കാനാവാത്ത വിധത്തിൽ അയാൾ പറഞ്ഞു.
“…അതിൽപ്പിന്നെ നാലും ഒളിവിലാണ്. കറാച്ചിയിലെവിടെയോ!”
അവൾ ടി വിയിലേക്ക് കണ്ണുകൾ നട്ടിരിക്കുന്ന സുൾഫിക്കറെ നോക്കി.
“സുൾഫി..”
അവൾ അവന്റെ തോളിൽ പിടിച്ചു.
ടി വിയിൽ നിന്ന് കണ്ണുകൾ മാറ്റി അവൻ അമ്മയെ നോക്കി.
“എന്താ അമ്മി?”
“എഴുന്നേൽക്ക്!”
ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റുകൊണ്ട് അവൾ പറഞ്ഞു.
സുൾഫിക്കർ എഴുന്നേറ്റു.
“വാ! നമുക്ക് അബ്ബൂവിന്റെ അടുത്തേക്ക് പോകാം…”
കോപത്തോടെ അവൾ സുൾഫിക്കറെയും കൊണ്ട് വാതിൽക്കലേക്ക് നീങ്ങി.
പടിയിൽ ചവിട്ടാൻ തുടങ്ങിയതും കതക് അവർക്ക് മുമ്പിൽ അടഞ്ഞു.
“ഐ എസ് ഐ ഓഫീസാണിത്,”
അടഞ്ഞ കതകിന് മുമ്പിൽ പകച്ചു നിന്ന മെഹ്‌നൂറിനോട് റോഷൻ ദുറാനി പറഞ്ഞു.