ഫൈസൽ പറഞ്ഞു.
“റോയുടെ രീതിയനുസരിച്ച് കൺഫേംഡ് ആയ വിവരം രണ്ടുപ്രാവശ്യം അറിയിച്ചിരിക്കും. അൽപ്പ നിമിഷങ്ങൾക്കുള്ളിൽ വീണ്ടും വിളി വരും. അപ്പോൾ പോയാൽ മതി!”
************************************
വസീം കോട്ടാവാലയുടെ കണ്ണുകൾ ടി വിയിലായിരുന്നു.
തൊട്ടടുത്ത് അയാളുടെ അനുചരൻ നഫീസ് നഖ്‌വിയും അതീവശ്രദ്ധയോടെ വാർത്തയ്ക്ക് കണ്ണുകളും കാതുകളും കൊടുത്തുകൊണ്ടിരിക്കുന്നു.
“കാര്യങ്ങൾ ഏതാണ്ടൊക്കെ കൈവിട്ട് പോയി നഫീസ്,”
വസീം പറഞ്ഞു.
“നമ്മൾ അതോർത്ത് ബേജാറാവണ്ട, ഭായി,”
നഫീസ് പറഞ്ഞു.
“ചെയ്യുന്ന ജോലിക്ക് അകൗണ്ടിൽ പണമെത്തുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി,”
“അതൊക്കെ കിറു കൃത്യമാണ്. റോയും സി ഐ ഏയുമൊന്നും അക്കാര്യത്തിൽ വീഴ്ച്ച വരുത്തില്ല. നമ്മുടെ പാക്കിസ്ഥാൻ സർക്കാരിനെക്കാളും എത്രയോ ഭേദമാണ് അവരീകാര്യത്തിൽ!”
വസീമിന്റെ മൊബൈൽ റിങ്ങ് ചെയ്തു.
“പടച്ചോനെ! ഇന്ത്യയിൽ നിന്നാണല്ലോ! പട്ടൗഡി സാബാണ്!”
അയാൾ മൊബൈലെടുത്ത് കാതോട് ചേർത്തു.
“ആഹ് സാബ്..അസ്സലാമു അലൈക്കും !”
“വാ അലൈക്കും ഉസ്സലാം!”
അപ്പുറത്ത് നിന്ന് തിരികെ അഭിവാദ്യമെത്തി.
“വസീം..”
“പറയൂ സാബ്!”
“ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഫൈസലും കൂടെയുള്ള മൂന്ന് പേരും നിങ്ങളെ കാണാനെത്തും…’
“എന്നെ കാണാൻ..സാബ്! അത് ഞങ്ങൾക്ക് റിസ്‌ക്കാണ് , ഈ അവസ്ഥയിൽ!”
“നിങ്ങൾ മുഖാമുഖം അവരെ കാണേണ്ട!”