ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 13
SHAHANA IPS 13 ORU SERVICE STORY | AUTHOR : SMITHA
Previous Parts
ഹാമിൽട്ടൺ തെരുവിൽ എത്തുമ്പോൾ ഒരു ജനസമുദ്രത്തെയാണ് സിദ്ധാർഥ് കാണുന്നത്.
അയാൾ ക്ളീൻ ഷേവ് ചെയ്ത് തലമുടിയുടെ സ്റ്റൈൽ മാറ്റിയിരുന്നു.
ആളുകളുടെ സംസാരത്തിൽ നിന്ന് സിന്ധിൽ നിന്നുള്ളവരുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും അടിച്ചു തകർക്കപ്പെട്ടു എന്ന് മനസ്സിലായി.
സിന്ധിൽ നിന്നുള്ളവർക്ക് ഇന്ത്യയോടാണ് അടുപ്പമെന്ന് പൊതുവെ ആളുകൾക്ക് ഒരു വിശ്വാസമുണ്ട്.
അങ്ങനെയല്ല എന്ന് സിന്ധികൾ പരമാവധി പ്രകടിപ്പിക്കാൻ ശ്രമിച്ചാലും.
അൽ അമീൻ റെസ്റ്റോറൻറ്റിന്റെ മുമ്പിലാണ് ഏറ്റവും കൂടുതൽ ആൾക്കൂട്ടം. ആളുകളുടെ മദ്ധ്യത്തിലേക്ക് നോക്കിയ സിദ്ധാർത്ഥ് ഒരു നിമിഷം പകച്ചു നിന്നു.
ഇക്രം!
ഇവനെന്താണ് ഇവിടെ?
ആരോടോ വെല്ലുവിളി നടത്തുകയാണ്,അവൻ.
അവന്റെ വെളുത്ത കുർത്ത നിറയെ ചോര!
“ഷെഹ്സാദ് ഭായിയെ തൊട്ടിട്ട് അങ്ങനെ വലിയ ആളാകാമെന്ന് ഒരു ഹുന്ദുസ്ഥാനി പട്ടീം വിചാരിക്കണ്ട! തുണ്ടം ! തുണ്ടമായി ,അരിയും ഞാൻ,”
തന്നെ നോക്കി നിൽക്കുന്ന ജനക്കൂട്ടത്തോട് അവൻ പ്രഖ്യാപിച്ചു.
“പാക്കിസ്ഥാനിൽ എന്ത് നടക്കണം എന്ത് നടക്കരുത് എന്ന് ഷെഹ്സാദ് ഭായി തീരുമാനിക്കും. പോലീസിനോട് പറയും. അനുസരിക്കും. പട്ടാളത്തോട് പറയും അനുസരിക്കും.സർക്കാരിനോട് പറയും അനുസരിക്കും. എന്നിട്ടാണ് കുറെ ഹിന്ദുസ്ഥാൻ പട്ടികൾ ഒണ്ടാക്കാൻ നടക്കുന്നെ! ഫൂ!”
പെട്ടെന്ന് സിദ്ധാർത്ഥ് അത് കണ്ടു.