ഇക്രമിന്റെ തോളിൽ പർവീണിന്റെ ചുനരി!
താൻ വാങ്ങിക്കൊടുത്ത പച്ചയും ചുവപ്പും ഇടകലർന്ന ഡിസൈനുള്ള ലാഹോർ ചുനരി!
ഈശ്വരാ…!
അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി.
അവൻ മുമ്പോട്ട് നടന്നു. ഇക്രമിന്റെ അടുത്തെത്തി.
അതെ!
അവന്റെ തോളിലേക്ക് സൂക്ഷിച്ച് നോക്കി സിദ്ധാർഥ് ഉറപ്പിച്ചു.
“എന്താടാ നോക്കുന്നെ? ചോര കണ്ടിട്ടില്ലേ?”
തന്റെ മുമ്പിൽ നിൽക്കുന്ന സിദ്ധാർഥിനോട് അവൻ ചോദിച്ചു.
അത് പറഞ്ഞിട്ട് അവൻ സിദ്ധാർത്ഥിന്റെ നെഞ്ചിൽ ചോരപ്പാട് പറ്റിയ കൈത്തലം അമർത്തി.
സിദ്ധാർത്ഥിന്റെ ഷർട്ട് ചോരയിൽ കുതിർന്നു.
അതേ മണം.
ആംബുലൻസിൽ ,ചോരയിൽ കുളിച്ച് പർവീണിനെ ആദ്യമായി കാണുമ്പോൾ തനിക്ക് അനുഭവപ്പെട്ട ഗന്ധം!
അവൻ പെട്ടെന്ന് പർവീണിന്റെ വീടിന്റെ ഭാഗത്തേക്ക് തിരിഞ്ഞു.
ധൃതഗതിയിൽ പടികൾ ഓടിക്കയറി.
വാതിൽ തുറന്നു കിടന്നിരുന്നു.
“പർവീൺ! പർവീൺ!!”
അവൻ ഉച്ചത്തിൽ വിളിച്ചു.
പ്രതികരണമുണ്ടായില്ല.
ചങ്ക് പിളരുന്നത് പോലെ അയാൾക്ക് തോന്നി.
പെട്ടെന്ന് ചോരയുടെ ചാൽ ഒരു നൂലുപോലെ അടുത്ത മുറിയിൽ നിന്നൊഴുകി വരുന്നു!
അവൻ അങ്ങോട്ടേക്ക് ഓടി.
അവിടെയെത്തി പിടിച്ചുകെട്ടിയത് പോലെ നിന്നു.
കിടക്കയിൽ കഴുത്ത് മുറിച്ചു മാറ്റിയ നിലയിൽ അനക്കമറ്റ ശരീരം!
“ഓഹ്ഹ്!!!”
ജീവിതത്തിൽ ആദ്യമായി അയാൾ കരഞ്ഞു.
സ്വയം പഴിച്ചു.