“എന്ത് പറ്റി?”
ഷഹാന അവനോട് ചോദിച്ചു.
“ഷിപ്പ്യാഡ് മുഴുവൻ പൊലീസാണ്..ഒരീച്ചയ്ക്ക് പോലും കടക്കാൻ കഴിയില്ല അവരറിയാതെ!”
“മറ്റു വഴിയൊന്നും കാണാതെ ഞാൻ തിരിച്ചു പൊന്നു. അവിടെ നിന്നാൽ പോലീസ് പിടിക്കും. ഇവിടെ നിന്നാലും പോലീസ് പിടിക്കും. ഇവിടെ ആണെങ്കിൽ പിടിക്കപ്പെടുന്നത് വരെ നീണ്ട് നിവർന്ന് കിടക്കുകയെങ്കിലും ചെയ്യാമല്ലോ. പതിനഞ്ച് ദിവസത്തെ വാടക മുൻകൂർ കൊടുത്തത് അല്ലെ?”
സിദ്ധാർത്ഥ് ഒന്നും മിണ്ടാതെ വെളിയിലേക്കിറങ്ങി.
പുറത്തേക്ക് നോക്കി.
അൽപ്പം കഴിഞ്ഞ് ഷഹാന തിടുക്കത്തിൽ ഇറങ്ങി വന്ന് അവന്റെ അടുത്ത് നിന്നു.
“സിദ്ധു!”
അവൾ വിളിച്ചു.
അവളുടെ വിളിയിലെ അപകടം തിരിച്ചറിഞ്ഞ് അവൻ അവളെ നോക്കി.
“വന്നേ!”
അവൾ അവന്റെ കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.
ടി വി ന്യൂസിലേക്ക് നോക്കി തരിച്ചിരിക്കയാണ് ഫൈസൽ.
“എയർപോർട്ടിൽ ഭീകരാക്രമണം…”
സിദ്ധാർഥ് ന്യൂസ് റീഡറുടെ വാക്കുകൾ കേട്ടു.
“ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. അവരുടെ യാത്രാ രേഖകളിൽ നിന്ന് മെഹ്‌നൂർ ഖാൻ എന്നാണ് പേര്. കറാച്ചി സ്വദേശിയാണ്. അവരോടൊപ്പമുണ്ടായിരുന്ന കുട്ടിയ്ക്ക് കുഴപ്പമൊന്നുമില്ല…”
സ്‌ക്രീനിൽ പുഞ്ചിരിയോടെ നിൽക്കുന്ന സുൽഫിക്കറിന്റെ ചിത്രം.
ഷഹാന പുറത്ത് കടന്നു.
സിദ്ധാർത്ഥിന്റെ കണ്ണിലൂടെ ആംഗ്യം കാണിച്ച് വിളിച്ചു.
സിദ്ധാർത്ഥ് പുറത്തിറങ്ങി.
“ഫൈസലിനെ തടയണം…”
അവൾ പറഞ്ഞു.
“ഫൈസൽ ഇപ്പോൾ എയർ പോർട്ടിലേക്ക് പോകും!”
പറഞ്ഞു തീർന്നതും തന്റെ ബാഗുമായി ഫൈസൽ പുറത്തേക്ക് വന്നു.
“ഫൈസൽ!”
അയാളെ വിലക്കിക്കൊണ്ട് ഷഹാന തോളിൽ പിടിച്ചു.
“അബദ്ധം കാണിക്കരുത്..ഇപ്പോൾ പോകരുത്…”