ശബ്ദത്തിൽ വീണ്ടും ദൃഢത വരുത്തി സിദ്ധാർത്ഥ് അയാളെ വിളിച്ചു.
“ഈ മിഷൻ തുടങ്ങി വെച്ചത് നിങ്ങളാണ്…ഇപ്പോൾ ഇത് അവസാനിപ്പിക്കേണ്ടതും നിങ്ങളുടെ നേതൃത്വത്തിൽ ആയിരിക്കണം…”
അയാളുടെ സ്വരത്തിന്റെ ആവേശച്ചൂടിൽ ഷഹാനയും അർജ്ജുനും ഉത്സാഹത്തോടെ തലകുലുക്കി.
“കാരണം നമ്മൾ ഇപ്പോൾ എല്ലാം നഷ്ട്ടപ്പെട്ടവരാണ്…”
സിദ്ധാർത്ഥ് തുടർന്നു.
“നമുക്ക് രാജ്യം നഷ്ട്ടപ്പെട്ടു…അവർക്ക് വേണ്ടാത്തവരായി തീർന്നു നമ്മൾ…ഇവിടെ നമ്മൾ ഏത് നിമിഷവും കൊല്ലപ്പെടും…എനിക്കും നിങ്ങൾക്കും ഇനി എന്താണ്,ആരാണ് അവശേഷിക്കുന്നത്, സ്വന്തമായി?”
ഫൈസലിന്റെ കണ്ണുകളിൽ അഗ്നി എരിയുന്നത് അവർ കണ്ടു.
ക്രമേണ അവരുടെ കണ്ണുകളും അതേറ്റു വാങ്ങി.
**********************************************
കറാച്ചി ആർമി കൺറ്റോൺമെൻറ്.
“ഷെഹ്സാദിന്റെ കയ്യിലെ ഡോസിയർ നമുക്ക് ഒരു തലവേദനയാകും,”
ജനറൽ ജഹാംഗീർ ഖറാമത്ത് തന്റെ മുമ്പിലിരിക്കുന്നവരെ നോക്കി പറഞ്ഞു.
റോഷൻ ദുറാനിയും ആർമിയിലെയും ഐ എസ് ഐയിലേയും മുതിർന്ന ഉദ്യോഗസ്ഥരും അപ്പോൾ അവിടെ സന്നിഹിതരായിരുന്നു.
“ഇന്ത്യയിൽ നടന്ന ഏകദേശം നാൽപ്പതോളം ബ്ളാസ്റ്റുകളെ കുറിച്ചുള്ള സകല ഡീറ്റയിൽസും അതിൽ കാണണം. ഓഡിയോ വിഷ്വൽ ക്ലിപ്പുകളടക്കം…അത് പുറത്തായാൽ ഞാനോ റോഷനോ ഇവിടെയുള്ളവരോ ആർമിയോ ഐ എസ് ഐയ്യോ മാത്രമല്ല അപകടത്തിലാവുന്നത്…ഗവണ്മെന്റ് മുഴുവൻ വിഷമിക്കും ..രാജ്യാന്തര തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെടും….”
മാറുള്ളവർ പരിഭ്രമത്തോടെ പരസ്പ്പരം നോക്കി.
“ഇന്റലിജൻസ് വെളിപ്പെടുത്തിയതനുസരിച്ച് ആ ഡോസിയർ ഇക്രമിന്റെ കയ്യിലാണ്,”
ജനറൽ ഖറാമത്ത് തുടർന്നു.
“അവനെ അറിയൂ അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന്…നമുക്ക് അത് എങ്ങനെയും കണ്ടെത്തണം …അല്ലെങ്കിൽ …”
മുമ്പിലിരിക്കുന്നവർ അത്യാകാംക്ഷയോടെ ജനറലിനെ നോക്കി.
“അല്ലെങ്കിൽ?”
റോഷൻ ദുറാനി ചോദിച്ചു.