“ഫൈസൽ ..നിങ്ങളന്ത് അബദ്ധമാ കാണിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ?”
ഷഹാനയുടെ തോക്കിൻ മുനയിൽ ദാവൂദ് നിൽക്കുന്നത് ഒന്ന് പാളിനോക്കിയിട്ട് സിദ്ധാർത്ഥ് ഫൈസലിനോട് ചോദിച്ചു.
“അബദ്ധമല്ല സിദ്ധു…”
ഫൈസൽ പറഞ്ഞു.
“യുദ്ധം വിജയിക്കുന്നത് തോക്കിൻകുഴലിലൂടെ മാത്രമല്ല…തന്ത്രങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും കൂടിയാണ്…ഒരു തന്ത്രമാണ് നമ്മൾ പ്ലാൻ ചെയ്യുന്നത്!”
ഫൈസലിന്റെ സ്വരം മാറിയത് സിദ്ധാർത്ഥ് ശ്രദ്ധിച്ചു.
“ഇരുപതോളം പോയിന്റുകൾ ഇവിടെയുണ്ട് ഐ എസ് ഐയുടെ…”
ഫൈസൽ തുടർന്നു.
“നമ്മൾ എത്രയൊക്കെ സാഹസികമായി യാത്ര ചെയ്താലും എളുപ്പത്തിൽ അവർ നമ്മുടെ പിന്നാലെയെത്തുമെന്ന് ഞാൻ പറയാതെ സിദ്ധുവിനറിയാമല്ലോ…അതുകൊണ്ട്…”
സിദ്ധാർഥ് ഫൈസലിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു.
“ഐ എസ് ഐയ്ക്കും ഖറാമത്തിനും വേണ്ടത് അയാളെയാണ്.ദാവൂദിനെ…നമ്മൾ ഒരു കാറിൽ കയറിപ്പോകുന്നതാണ് അയാൾ കണ്ടത് .ഞാൻ ദാവൂദുമായി അവരുടെ ക്യാമ്പിലേക്ക് ചെല്ലുന്നു എന്നറിഞ്ഞാൽ നമ്മളെ ചേസ് ചെയ്യാൻ അവർ ശ്രമിക്കില്ല…സിദ്ധുവും ഷാഹിയും അർജുനും ഇവിടെ എവിടെയോ ഗതിയില്ലാതെ അലഞ്ഞു തിരിയുന്നുണ്ട് അല്ലെങ്കിൽ മുന്നൂറ് കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിക്കുന്നുണ്ട് എന്നവർ കരുതും…”
സിദ്ധാർത്ഥ് അയാളെ സന്ദേഹത്തോടെ നോക്കി.
“നമുക്ക് ആറുമണിക്കൂർ എങ്കിലും സഞ്ചരിക്കണം സിദ്ധു ഗ്രേറ്റ് റാൻ ഓഫ് കച്ചിലെത്താൻ…അവർ നമ്മളെ പിന്തുടരാൻ പാടില്ല…”
ഫൈസൽ തുടർന്നു.
“അവർ പിന്തുടരാതിരിക്കണമെങ്കിൽ ഞാൻ ക്യാമ്പിലേക്ക് പോകണം…”
സിദ്ധാർത്ഥ് എന്തോ പറയാൻ തുടങ്ങി.
“അയാളെ കൂടാതെ!”
“ഫൈസൽ!!!”
അയാളുടെ വാക്കുകൾക്ക് മുമ്പിൽ സിദ്ധാർത്ഥ് സംഭ്രമിച്ചു.
“വാട്ട് ഡൂ യൂ മീൻ?”
ഫൈസൽ പുഞ്ചിരിച്ചു.
“ഞാൻ പറഞ്ഞില്ലേ,യുദ്ധം ജയിക്കുന്നത് എപ്പോഴും ആയുധങ്ങൾ കൊണ്ട് മാത്രമല്ല…തന്ത്രം,ത്യാഗം ഇതുകൊണ്ടൊക്കെയുമാണ്…ഞാൻ ദാവൂദിനെ അവിടെക്കിടക്കുന്ന ചുവന്ന ഹോണ്ടയിലിടും.ഡിക്കിയിൽ..ദാവൂദ് കരുതും ഞാൻ ആ വണ്ടിയുമായി ക്യാമ്പിലേക്ക് പോകുന്നു എന്ന്.സിദ്ധുവും ഷാഹിയും ഉടനെ ആ വണ്ടിയുമെടുത്ത് റാൻ ഓഫ് കച്ചിന് നേരെ വിടണം..അപ്പോഴേക്കും ഗൗതം സാർ കോഡിനേറ്റ് ഒക്കെ ശരിയാക്കിവെച്ചിരിക്കും…”