“ഞാൻ സ്റ്റോറിൽ നിൽക്കുമ്പോൾ നിങ്ങൾ എന്നെ നോക്കുന്നത് കണ്ടിരുന്നു…ചാഞ്ഞും ചരിഞ്ഞും എന്റെ പിമ്പിലും മുമ്പിലും ഒക്കെ നിങ്ങൾ കണ്ണോടിക്കുന്നത് കണ്ടിരുന്നു….”
അസ്‌ലം ഇത്തവണ ശരിക്കും അദ്‌ഭുതപ്പെട്ടു.
ഞാനായിരുന്നില്ല ഇവളെ നിരീക്ഷിച്ചു കൊണ്ടിരുന്നത്.
എന്നെ ഇവൾ നിരീക്ഷിക്കുകയായിരുന്നു.
അപ്പോൾ പാതയരികിൽ ഒരു തകർന്ന കെട്ടിടം കാണപ്പെട്ടു. അതിന് പിമ്പിൽ കൊയ്ത്ത് കഴിഞ്ഞ ഗോതമ്പ് പാടങ്ങളായിരുന്നു. കെട്ടിടത്തിന് പിമ്പിൽ കന്നുകാലികളെ പാർപ്പിക്കുന്ന തൊഴുത്തുണ്ട്. കിണറും. കിണറിനു ചുറ്റും വാഴകൾ വളർന്നു നിൽക്കുന്നു. കാറ്റിൽ നിർത്താതെയുലഞ്ഞുകൊണ്ട് കുറെ ഗുൽമോഹറുകൾ നിൽപ്പുണ്ട്.
കറാച്ചിയിൽ, എം എ ജിന്ന റോഡിൽ നേഴ്‌സിങ് ഹോം നടത്തുന്ന ഡോക്റ്റർ അൽത്താഫ് അലി അബ്ബാസിയുടെ ഫാമാണത്. അവിടെ ഓട് ചൗക്കിദാർ ഉണ്ടെന്നും അസ്‌ലം അറിഞ്ഞിരുന്നു.
ആ കെട്ടിടത്തിന് മുമ്പിൽ അയാൾ കാർ നിർത്തി.
“സാഹിബ…ഷാൾ കൊണ്ട് ഒന്ന് മുഖം മറച്ചോളൂ…”
കാറിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിനു മുമ്പ് അസ്‌ലം അവളോട് പറഞ്ഞു.
“കമ്രാൻ ഭായി…ഓ …. കമ്രാൻ ഭായി…”
അസ്‌ലം ഉച്ചത്തിൽ വിളിച്ചു.