എവിടെപ്പോയി മഞ്ഞുപൂക്കൾ ചൂടിയ നൈനിത്താളിലെ പോപ്ലാർ മരങ്ങൾ? മെക്സിക്കൻ ക്രെയിനുകളുടെ ചിറകടികളാലുലയുന്ന നീല തടാകമെവിടെ?
ഋതുജയെവിടെ?
കറാച്ചിയിലെ ക്ലിഫോൺ ബീച്ചാണ് മുമ്പിൽ.
സമീപം ഋതുജയ്ക്ക് പകരം ഷഹാനയും.
“ഋതുജയ്ക്ക് എന്റെ മുഖമാണോ?”
അവൾ തിരക്കി.
അയാൾ അവളെ നിർന്നിമേഷമായി നോക്കിയതല്ലാതെ ഉത്തരം പറഞ്ഞില്ല.
പകരം ആർത്തലയ്ക്കുന്ന, പാൽനുര വർണ്ണത്തിലുള്ള തിരമാലകളിലേക്ക് അൽപ്പ സമയം നോക്കി നിന്നു.
“അതുകൊണ്ടാണോ എന്നെ കാണുമ്പോഴൊക്കെ റോമിയോ ജൂലിയറ്റിനെ നോക്കുന്നത് പോലെ എന്നെ നോക്കുന്നത്?”
ഉത്തരം പറയുന്നതിന് പകരം ഫൈസൽ പേഴ്സിൽ നിന്ന് ഒരു ഫോട്ടോയെടുത്തു.
ഷഹാന അതിലേക്ക് നോക്കി.
അല്ലാഹ്!
അവളുടെ മിഴികൾ അദ്‌ഭുതത്താൽ വിടർന്നു.
“എന്റെ ഫോട്ടോ…! അതെന്തിന് നിങ്ങൾ സൂക്ഷിക്കുന്നു?”
“ഫോട്ടോയിൽ നിങ്ങളുടെ ചുണ്ടിനടിയിലെ മറുക് എവിടെ?”
അയാൾ കുസൃതി നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു.
ഷഹാനയുടെ വിരൽ അറിയാതെ തൻറെ ചുണ്ടിലേക്ക് നീണ്ടു.
“അതെ…”
മറുകിൽ സ്പർശിച്ച് അവൾ പറഞ്ഞു.
“എന്റെ ഈ മറുക് ഈ ഫോട്ടോയിൽ ഇല്ല…”