“മൈ ഗോഡ്!”
ഷഹാന തലയിൽ കൈവെച്ചു.
“ഇത് ശരിക്കുള്ള ഇൻഫർമേഷൻ തന്നെയാണോ ഫൈസൽ? ലെഫ്റ്റനന്റ് ജനറൽ ഫറസ് യാസിറിനെപ്പോലെയുള്ള ഒരു റെപ്യൂട്ടഡ് മിലിട്ടറി ഓഫീസർ അയാളെ കാണാൻ പോകുന്നെന്നോ?”
“ഇത് നമ്മുടെ ഇന്ത്യയല്ല ഷഹാന,”
അയാൾ ഗൗരവം വിടാതെ പറഞ്ഞു.
“ഒരു തവണ..ഒരേയൊരു തവണ ഇവിടെ വന്നാൽ മതി ആ വ്യത്യാസം മനസിലാകാൻ! അപ്പോൾ വർഷങ്ങളായി ഇവിടെ കഴിയുന്ന എനിക്ക് അതെന്ത് മാത്രം മനസ്സിലായിട്ടുണ്ട്…”
അയാൾ അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് പറഞ്ഞു.
“അതുകൊണ്ട് ഇത്തരം വാർത്തകൾ എനിക്ക് ഒരു അദ്‌ഭുതവും തരുന്നില്ല,”
ഷഹാനയും അതുതന്നെയാണ് ആലോചിച്ചുകൊണ്ടിരുന്നത്. പാക്കിസ്ഥാൻ മിലിട്ടറിയിലെ ഫിഫ്ത്ത് കോർപ്പിലെ സിന്ധ് പ്രവിശ്യയുടെ കമാൻഡർ, ലെഫ്റ്റനന്റ് ജനറൽ പോലെയുള്ള പരമോന്നത പദവിയിലുള്ള ഒരാൾ, ഒരു അന്താരാഷ്ട്ര കുറ്റവാളിയെ കാണാൻ അയാളുടെ അടുത്തേക്ക് പോകുന്നു!
ഫൈസൽ ഒരു നമ്പർ ഡയൽ ചെയ്തു.
“അർജ്ജുൻ റെഡ്ഢിയ്ക്കാണ്,”
ഷഹാന ചോദ്യ രൂപത്തിൽ നോക്കിയപ്പോൾ ഫൈസൽ പറഞ്ഞു.
“അർജുൻ ജയ് ഹിന്ദ്…”
ഫൈസൽ പറഞ്ഞു.
“ജയ് ഹിന്ദ്, ഫൈസൽ,”
അർജ്ജുന്റെ സ്വരം അയാൾ കേട്ടു.
“ഗാഫർ ഖാൻ സ്ട്രീറ്റിൽ, ഹുമയൂൺ അസീസ് ടെക്നോ മാൻഷൻ…അറിയില്ലേ…? അവിടെ പോവുക. ഇപ്പോൾ തന്നെ. ..ദാവൂദിന്റെ ഗൺമാൻ ഖാസി മുഹമ്മദ് ഇക്രമിനെ കണ്ടിട്ട് ഏതെങ്കിലും വിധത്തിൽ അകത്ത് കയറിപ്പറ്റണം….അവിടെ ഇന്ന് ലഫ്റ്റനന്റ് ജനറസ് ഫറസ് യാസിർ വരുന്നു..”
“ഹേ!”
പരിഭ്രാന്തി നിറഞ്ഞ സ്വരത്തിലുള്ള അർജുന്റെ ശബ്ദം ഫൈസൽ കേട്ടു.
“എന്തിന്?”
“അതറിയാൻ ശ്രമിക്കാനാ നിന്നോട് പോകാൻ പറഞ്ഞത്!”
“ഓക്കേ ..ഓക്കേ ..ഡൺ…”
“ശരി, ജയ് ഹിന്ദ്…”
“ജയ് ഹിന്ദ്…”