ഷഹാന നാണത്തോടെ അവരെ നോക്കി. മിഴികളിലും ചുണ്ടുകളിലും വിടർന്ന ലജ്‌ജാ പുഷ്പ്പങ്ങളിലെ ഭംഗിയിലേക്ക് കുട്ടികൾ കണ്ണുകൾ മാറ്റാതെ നോക്കി.
ഷഹാന നോക്കുമ്പോൾ ഫൈസലും അവളുടെ നാണത്തിന്റെ ഗോപുരഭംഗി ആസ്വദിക്കുകയാണ്.
“ഇൻസിയാ വരൂ,”
ഫൈസൽ ഷഹാനയെ വിളിച്ചു.
നാണത്തിൽ നിന്നും അവളുണർന്ന് ഗൗരവത്തോടെ ഫൈസലിനെ നോക്കി.
“ഓ, യെസ് …”
അവൾ പെട്ടെന്ന് പറഞ്ഞു.
ആഘോഷത്തിന്റെ പര്യായം പോലെ അവർക്ക് മുമ്പിൽ കിടന്ന ക്ലിഫോൺ ബീച്ചിനെയും കുട്ടികളെയും വിട്ട് അൽപ്പം ദൂരെ പനമരങ്ങൾക്ക് താഴെ പാർക്ക് ചെയ്തിരുന്ന ഹോണ്ടാ അറ്റ്ലസ്സിന് നേരെ അവർ നടന്നു.
“ഫൈസൽ…”
അയാൾ കാർ തിരിക്കുമ്പോൾ അവൾ വിളിച്ചു.
ഒരു നിമിഷം അയാൾ അവളെ നോക്കി.
“നിങ്ങൾ വിവാഹിതനാണ്..അച്ഛനാണ്…എന്നിട്ടും ഞാൻ നിങ്ങളെ…”
എന്താണ് പറയേണ്ടതെന്ന് ഫൈസൽ സന്ദേഹിച്ചു.
“മെഹ്‌നൂർ എനിക്കെല്ലാമാണ് …. അവൾക്ക് എല്ലാം ഞാനും…”
അയാൾ പറഞ്ഞു.
“പക്ഷെ ഋതുജ എന്റെ ജീവന്റെ ഭാഗം തന്നെയാണ്. എന്റെ പകലിൽ നിന്നും ഉറക്കത്തിൽ നിന്നും അവൾ ഇതുവരെ കടന്നുപോയിട്ടില്ല. മഹ്‌നൂരിന്റെ സ്നേഹമോ എന്റെ മോന്റെ ജീവിതമോ .ഒന്നിനും അവളെ എന്റെ ഓർമ്മയിൽ നിന്ന് പറിച്ചുകളഞ്ഞിട്ടില്ല….അപ്പോൾ അവളുടെ രൂപവും അവളുടെ ശബ്ദവും അവളുടെ മണവുമുള്ള ഒരു പെണ്ണ് നിന്റെ രൂപത്തിൽ എന്റെ ജീവിതതിന് നേരെ നേർ രേഖ വരച്ചുകൊണ്ട് മുമ്പിൽ വന്നുനിന്നാൽ…”
അവൾ അയാളുടെ വാക്കുകൾക്ക് കാതോർത്തു.
“അത് കൊണ്ട് ..മുമ്പ് നടന്നതിന്റെ മുഴുവൻ ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമല്ല..ഞാനും ..ഞാനും അതിൽ ഉത്തരവാദിയാണ്…”