ലേക്കിന്റെ തീരത്ത് ഫൗണ്ടന്റെയരികിൽ, ദാവൂദ് ഇബ്രാഹിമിന്റെ വാഹനങ്ങൾക്കടുത്ത് ജാഗ്വർ ഒരുക്കി കാത്തിരുന്ന അർജ്ജുൻ റെഡ്ഢിയുടെ നെറ്റിയിലൂടെ വിയർപ്പ് ചാലുകൾ ഒഴുകിപ്പരന്നു.
അവസാനം ദാവൂദിന്റെ ലിമോയുടെ വാതിൽ തുറക്കപ്പെട്ടു.
അഫ്ഘാൻ പത്താൻ സ്യൂട്ടിൽ, തുർക്കിത്തൊപ്പി വെച്ച് തന്റെ
പിങ്ക് നിറമുള്ള സൺ ഗ്ളാസ് വെച്ച് ദാവൂദ് ഇബ്രാഹിം ഇറങ്ങി.
ഷാഹാനയുടെ നെഞ്ചിടിക്കാൻ തുടങ്ങി.
അവൾ ഫൈസലിനെ നോക്കി.
അയാളിൽ നിന്ന് പ്രതികരണമൊന്നുമില്ല. സിദ്ധാർത്ഥിന്റെയും കണ്ണുകൾ വിടർന്നു. അൽപ്പമകലെ അർജ്ജുൻ റെഡ്ഢിയുടെ കൈകൾ സ്റ്റിയറിങ് വീലിലമർന്നു.
ഷഹാന ഫൈസലിൽ നിന്ന് കണ്ണുകൾ മാറ്റിയില്ല.
തന്റെ ഹൃദയമിടിപ്പ് ഷഹാന കൃത്യമായി കേട്ടു.
ദീർഘശ്വാസമെടുത്ത് അത് നിയന്ത്രിക്കാൻ അവൾ ശ്രമിച്ചു.
പെട്ടെന്ന് ഫൈസലിന്റെ ചൂണ്ടുവിരലുയർന്നു.
ദാവൂദ് ഇബ്രാഹിം ലോബിയിലേക്ക് കയറി.
ഫൈസൽ പെരുവിരലുയർത്തി.
ആ നിമിഷം ഷഹാന ബ്ളാക്ക്ബെറിയുടെ “ഏഴ് ” എന്ന ഡിജിറ്റ് ബട്ടണിൽ വിരലമർത്തി.
എന്നിട്ട് സിദ്ധാർഥിനെയും ഫൈസലിനെയും മാറി മാറി നോക്കി.
ചുറ്റും നിത്യനിശ്ശബ്ദതയിലേക്ക് കൂപ്പ് കുത്തുന്നത് പോലെ അവൾക്ക് തോന്നി.
അടുത്ത നിമിഷം ഹോട്ടൽ ഷെറാട്ടന്റെ ആയിരത്തി രണ്ടാമത്തെ മുറിയും ചുറ്റുമുള്ള മുറികളും ഉഗ്രമായ സ്ഫോടനത്താൽ തകർന്നടിഞ്ഞു താഴേക്ക് വീണു.
പ്രപഞ്ചം തങ്ങളുടെ മുമ്പിൽ പൊട്ടിത്തകർന്നത് പോലെ എല്ലാവരും പകച്ചു.
ലോബി നിറയെ പുകയും പൊടി പടലങ്ങളും നിറഞ്ഞു.
ചുറ്റും ഇരുട്ട്പരന്നു.
ഫിയോഗിയുടെ ചിത്രത്തിനടിയിൽ നിന്ന് സ്മിത്ത് ആൻഡ് വെസ്റ്റൺ കമ്പനിയുടെ ഗൺ ആ നിമിഷം സിദ്ധാർത്ഥ് കരസ്ഥമാക്കി.
പാതി പെണ്ണും പാതി ആണുമായി നിൽക്കുന്ന ചിത്രത്തിനടിയിലെ പൂച്ചട്ടിയിൽ നിന്ന് റെമിങ്ടൺ ഔട്ട് ഡോർ കമ്പനിയുടെ ഗൺ എടുത്ത് അതിദ്രുതം ഷഹാന ഉയർന്നു.
പുകയിലും പൊടിയിലും കുഴങ്ങി ദാവൂദ് ചുമച്ചു.
ചെവിക്കുള്ളിൽ കുടുങ്ങിയ പൊടി ചെറു വിരലിൽ അമർത്തിയെടുത്ത് തിരിഞ്ഞപ്പോൾ തന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്നവരെ കണ്ട് അയാൾ അമ്പരന്നു.
സുന്ദരിയായ ഒരു പെണ്ണാണ് മുമ്പിൽ!