ഒരു നിമിഷം ഷഹാനയുടെ ഉള്ളിൽ ഒരു മിന്നൽപ്പിണർ കടന്നുപോയി!
റോഷൻ ദുറാനി!
ഇയാളാണോ ഈ ചടങ്ങിന്റെ സെക്യൂരിറ്റി ഓഫീസർ?
പക്ഷെ തനിക്ക് കിട്ടിയ വിവരമനുസരിച്ച് ഇഖ്ബാൽ ബവേജയായിരുന്നല്ലോ!
പിന്നെ ഇയാളെങ്ങനെ?
“ഷഹാന..”
മൊസ്സാദിന്റെ ഒരു ട്രെയിനിങ് ക്യാമ്പിൽ വെച്ചാണ് ഹെക്റ്റർ ലെവ്യൂസ് എന്ന ഗ്രീക്ക് യഹൂദൻ, മൊസ്സാദിന്റെ ചീഫ് ട്രെയിനർ പറഞ്ഞത്.
“അപകടകാരികളായ ട്രൂവന്റ ഏജന്റ്റ്മാരിൽ ഏറ്റവും പേടിക്കേണ്ട പേരാണ് റോഷൻ ദുറാനിയുടേത്. ഐ എസ് ഐയിൽ ആയിരുന്നു അയാൾ. ആദ്യം റഷ്യൻ ഓയിൽ മാഫിയ അയാളെ വിലക്ക് വാങ്ങി. അയാൾ ഐ എസ് ഐ വിട്ടു. ഐ എസ് ഐയിൽ നിന്നാൽ ജീവിതകാലം മുഴുവൻ കിട്ടുമായിരുന്ന ശമ്പളത്തിന്റെ പത്തിരട്ടി ഒരു അസൈൻമെൻറ്റിന് അയാൾക്ക് അവരിൽ നിന്നും കിട്ടി. പിന്നെ മെക്സിക്കൻ ഡ്രഗ് ലോഡ് അൽ പാച്ചേ, താലിബാൻ കമാണ്ടർ ബുർഹാൻ സാദിഖ് റസ്ദാൻ, ടുണീഷ്യയിലെ ആദിൽ അൽ സുഫൂണി ഹറായത്ത്…അങ്ങനെ ലോകത്തെ ഏറ്റവും ധനികരും ശക്തരുമായ ആളുകൾക്ക് വേണ്ടിയാണ് അയാളുടെ അസൈൻമെൻറ്റ്സ് മുഴുവൻ…””ഇയാളെയാണോ ദാവൂദ് ഇബ്രാഹിം തന്റെ മകൻറെ വിവാഹത്തിന് സെക്യൂരിറ്റി ഓഫീസറായി തിരഞ്ഞെടുത്തിരിക്കുന്നത്?
റോഷൻ ദുറാനിയെപ്പോലെ ഒരാൾ സെക്യൂരിറ്റിഓഫീസറായിരിക്കുന്ന ഒരിടത്ത് നിന്ന് ദാവൂദ് ഇബ്രാഹിമിനെപ്പോലെ ഒരതികായനെ കടത്തിക്കൊണ്ടു പോവുക !
സാധ്യമാണോ അത്?
മിഷൻ ഉപേക്ഷിക്കുന്നതാണ് നല്ലത്!
“എവിടെ ഇൻവിറ്റേഷൻ കാഡ്?”
അയാൾ ചോദിച്ചു.
ഫൈസൽ തന്റെ കയ്യിലിരുന്ന വിവാഹ ക്ഷണക്കത്ത് അയാളെ കാണിച്ചു.
റോഷൻ അത് മുകളിലേക്ക് നിവർത്തിപ്പിടിച്ച് നോക്കി.
നാലു നീല ബ്ലീഡ് ലൈനുകൾ. നീലയും പച്ചയും കലർന്ന സെക്യൂരിറ്റി ത്രെഡ്ഡുകൾ. പല ആങ്കിളുകളിൽ പിടിച്ച് അയാൾ ആ കാർഡ് നിരീക്ഷിച്ചു.
ഷഹാന മൊബൈലിൽ തിരക്കിട്ട രീതിയിൽ സംസാരിക്കുന്നത് പോലെ ഭാവിക്കുകയായിരുന്നു.
എങ്കിലും അവളുടെ കണ്ണുകൾ രഹസ്യമായി റോഷൻ ദുറാനിയുടെ മുഖത്തെ ഭാവപ്രകടനകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഫൈസൽ അടുത്ത് നിന്നയാളോട് സംസാരിച്ചുകൊണ്ടിരുന്നു.
അയാളുടെയും രഹസ്യമായ ശ്രദ്ധ പക്ഷെ ദുറാനിയിൽ ആയിരുന്നു.
അയാൾ കാർഡ് പരിശോധിക്കുമ്പോൾ ഭയം കാണിച്ചാൽ, തങ്ങൾക്ക് ടെൻഷൻ ഉണ്ടെന്നറിഞ്ഞാൽ അപകടമാണ്.
“ഓക്കേ ..ടേക് ഇറ്റ്…”
ദുറാനി കാഡ് ഫൈസലിന് നേരെ തിരികെ നീട്ടി .
“ഏഹ്?”
ഒന്നും മനസ്സിലാകാത്തതുപോലെ ഫൈസൽ ദുറാനിയെ നോക്കി.
“ഓ ..ഓക്കേ ..താങ്ക് യൂ സാർ…എനി പ്രോബ്ലം സാർ?”
“നോ!”
ഗൗരവം വിടാതെ ദുറാനി പറഞ്ഞു.
“റുട്ടീൻ ചെക്കിങ്. ഹാവ് എ നൈസ് ടൈം…”
ഒരു കോണിൽ സിദ്ധാർത്ഥ് സൂര്യവൻഷി നിന്നിരുന്നു. കറുത്ത കോട്ടിൽ. മറ്റാരും കാണാതെ ഫൈസൽ അയാൾക്ക് കണ്ണുകൾ കൊണ്ട് നിർദ്ദേശം നൽകി.