പെട്ടെന്ന്, ഒരു ഉള്‍ത്തരിപ്പില്‍, അവള്‍ അയാളുടെ കൈയില്‍ പിടിച്ചു.
“എനിക്ക് പറ്റുന്നില്ല…സാറിനെ…സാറില്ലാതെ…..”
അയാളുടെ അവള്‍ അയാളുടെ കൈ തന്‍റെ നെഞ്ചോട് ചേര്‍ത്തു.
“എന്നെ സാര്‍….സ്നേഹി….അല്ല….കല്യാണം…കഴി….”
അവള്‍ക്ക് അക്ഷരങ്ങള്‍ ഉരുവിടാന്‍ കഴിഞ്ഞില്ല.
പെട്ടെന്ന് നിശ്ചയദാര്‍ഡ്യത്തോടെ അവള്‍ അയാളെ നോക്കി. പിന്നെ കാതരമായ സ്വരത്തില്‍ പറഞ്ഞു.
“ഐ ലവ് യൂ,”
യൌവ്വനത്തില്‍ ഒരു പെണ്ണ്‍ കാണുന്ന സകല സ്വപ്നങ്ങളുടെയും ഉറവ അവളുടെ മിഴികളില്‍ പൊട്ടിയുതിര്‍ന്നു.
ആകാശത്തെയും നീലമലകളെയും തഴുകിയുണര്‍ത്തിയ കാറ്റ് അവര്‍ക്കിടയില്‍ സുഗന്ധം നിറച്ച് നിന്നു.
നന്ദകുമാര്‍ അവളുടെ കണ്ണുകളില്‍ നോക്കി നിന്നു.
“സുമിത്ര ചേച്ചിയ്ക്ക് പകരമാവാന്‍ എനിക്ക് കഴിയില്ലായിരിക്കാം…”
വാക്കുകളില്‍ വിറയലിന്‍റെ തരിമ്പേതുമില്ലാതെ അവള്‍ തുടര്‍ന്നു.
“സാരമില്ല..ചേച്ചി ചിലപ്പോഴൊക്കെ എന്‍റെ സ്വപ്നങ്ങളില്‍ വരാറുണ്ട്. സാറിന് ഒരു നല്ല ഭാര്യയായി ഞാന്‍ എങ്ങനെയൊക്കെ മാറണമെന്ന് ചേച്ചി എനിക്ക് അപ്പോള്‍ പറഞ്ഞ് തരും…”
അപ്പോഴും നന്ദകുമാര്‍ ഒന്നും ഉരിയാടിയില്ല.
അവളുടെ കണ്ണുകളിലേക്ക് നോക്കുക മാത്രം ചെയ്തു.
“ഞാന്‍ പറഞ്ഞത്…. സാര്‍..ഒരിക്കലും ഒരു മൊമെന്‍റ്റില്‍ തോന്നിയ ആവേശം കൊണ്ട് പറഞ്ഞതല്ല…ശരിക്ക് ആലോചിച്ച്….ഏറ്റവും നല്ലതെന്ന്‍ മനസ്സില്‍ നിന്ന്‍ ഉറപ്പ് കിട്ടിയതിനു ശേഷം…ഐ വില്‍ പ്രൂവ് ഇറ്റ് സാര്‍…”
നന്ദകുമാര്‍ അപ്പോഴും മൌനമവലംബിച്ച് നിന്നു.
“ഞാന്‍ സാറിന്‍റെ നല്ല സ്റ്റുഡന്‍റ്റല്ലേ? നമ്മടെ മ്യൂസിക് പ്രോഗ്രാമില്‍ സാര്‍ പറയുന്നതൊക്കെ ഞാന്‍ ചെയ്യുന്നില്ലേ? അങ്ങനെയുള്ള എനിക്ക് നല്ല ഒരു ഭാര്യ ആകാനും കഴിയില്ലേ?”
നന്ദകുമാര്‍ ആകാശത്തിലേക്ക് നോക്കുന്നത് ഷാരോണ്‍ കണ്ടു. ചക്രവാളം ചുവക്കുന്നത് നോക്കുകയായിരുന്നു അയാള്‍. ചുവന്ന മേഘങ്ങള്‍ക്ക് നേരെ പക്ഷികള്‍ പറക്കുന്നത് അയാള്‍ നോക്കി നിന്നു. വെണ്‍പട്ടുനൂലിഴകള്‍ പോലെ ദൂരെ വേറെയും പക്ഷികളെ അവള്‍ കണ്ടു.
“സാര്‍…”
അവള്‍ വിളിച്ചു.
“സുമിത്ര മുമ്പ് പറഞ്ഞ ഒരു സ്വപ്നം ഓര്‍ക്കുകയായിരുന്നു, മോളെ ഞാന്‍,”
അവള്‍ കാതുകള്‍ കൂര്‍പ്പിച്ചു.
“സുമിത്രയ്ക്ക് ഒരനുജത്തിയുണ്ടായിരുന്നു. സുലോചന. സുലോചന സെന്‍. ഐ എസ് ആര്‍ ഓയില്‍ ജ്യൂനിയര്‍ സയന്‍റ്റിസ്റ്റ് ആയിരുന്നു അവള്‍. റൈറ്റേഴ്സ് ബില്‍ഡിങ്ങിനടുത്തുള്ള ഞങ്ങളുടെ അപ്പാര്‍ട്ട്മെന്‍റ്റില്‍ ഒരു തവണയെ അവള്‍ വന്നിട്ടുള്ളൂ….”
അയാള്‍ നിര്‍ത്തി ഷാരോണിനു അഭിമുഖമായി നിന്നു.
തങ്ങള്‍ക്കിടയില്‍ അദൃശ്യമായുള്ള അപരാഹ്നതിലെ കാറ്റിന്‍റെ സുഗന്ധമറിയാനുള്ളത് പോലെ.
ശിശിര പുഷ്പ്പം 13 [ smitha ]
Posted by