ഷാരോണ്‍ അയാളുടെ നിശബ്ദതയെക്കുറിച്ച് സന്ദേഹിക്കുകയായിരുന്നു അപ്പോള്‍.
“പിറ്റേ മാസം സുമിത്രയ്ക്ക് ഒരു അവാര്‍ഡ് കട്ടിയത് ആഘോഷിക്കാന്‍ അവളെക്കൂടി വിളിക്കാന്‍ ഞാന്‍ പറഞ്ഞു. അവള്‍ വരില്ല നന്ദൂ, സുമ എന്നോട് പറഞ്ഞു. അതെന്താ? ലീവ് ഉണ്ടാവും എന്നല്ലേ മുമ്പ് പറഞ്ഞത്? ഞാന്‍ ചോദിച്ചു. അതല്ല കാര്യം, സുമ പറഞ്ഞു. അവള്‍ പുഞ്ചിരിക്കുകയും സങ്കടപ്പെടുകയും ചെയ്തത് കണ്ട് എനിക്ക് എന്തോ അരുതായ്ക തോന്നി. എന്താ? എന്താണെങ്കിലും എന്നോട് പറയൂ. ഞാന്‍ സുമയോട് ആവശ്യപ്പെട്ടു. നന്ദൂ അത്…അവള്‍ സംശയിച്ചു. ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ വലിയൊരു തമാശയായി എനിക്കപ്പോള്‍ തോന്നിയ ഒരു കാര്യം പറഞ്ഞു. നന്ദു, അവള്‍ ഇവിടെ വന്നപ്പോള്‍ നിന്നെ കണ്ടപ്പോള്‍ അവള്‍ക്ക് നിന്നെ കണ്ടമാത്രയില്‍, സ്വന്തം ചേച്ചിയുടെ ഭര്‍ത്താവാണ്, മോശമാണ് എന്നറിഞ്ഞിട്ട് കൂടി നിന്നോട് അവള്‍ക്ക് പ്രണയം തോന്നി. മറ്റൊരു പുരുഷനേയും ഇഷ്ട്ടപ്പെടാനാവാത്ത രീതിയില്‍ ചോരയില്‍ പടര്‍ന്ന പ്രണയം. ആ ഒരു വികാരവും വെച്ച് അവള്‍ക്ക് ഇനി നിന്നെ കാണുവാന്‍, അഭിമുഖീകരിക്കാന്‍ കഴിയില്ല…അത്കൊണ്ട് അവള്‍ ഇനി ഇങ്ങോട്ട് വരില്ല….”
ഷാരോണ്‍ അദ്ഭുതസ്തബ്ധയായി.
ഈശോയേ!
സുമിത്ര ചേച്ചിയുടെ സ്വന്തം അനുജത്തിക്ക് സാറിനോട്!
“ലാസ്റ്റ് അസൈന്‍മെന്‍റ് ചെയ്യാന്‍ ശ്രീനഗറിലേക്ക് പോയ പ്രഭാതത്തില്‍ അവള്‍ എന്നോട് പറഞ്ഞു…”
അയാളുടെ മിഴികള്‍ നിറഞ്ഞു.
ഷാരോണ്‍ കൈത്തലം അയാളുടെ കണ്‍തടത്തിലേക്ക് കൊണ്ടുപോകുവാന്‍ തുടങ്ങി.
തൊട്ടു.
അവളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ അവളെ തടഞ്ഞില്ല.
അവളുടെ ചൂടുള്ള മൃദുവായ കൈവിരലുകള്‍ അയാളുടെ കണ്ണുനീര്‍ തുടച്ചു.
“എന്താ…എന്താ സാര്‍..ചേച്ചി…പറഞ്ഞെ?”
“നന്ദൂ, സുമ പറഞ്ഞു, ഇന്നലെ ഞാന്‍ സ്വപ്നം കണ്ടു. സുലു അതായത് സുലോചനയെപ്പോലെ ഒരു പെണ്ണിന്‍റെ നെറ്റിയില്‍ നീ സിന്ദൂരം ചാര്‍ത്തിക്കൊടുക്കുന്നതായി…വെളുപ്പിനാ കണ്ടത്. കഥേലും സിനിമേലും റിയല്‍ ലൈഫിലും ഒക്കെ ആളുകള്‍ പറയാറില്ലേ, വെളുപ്പാന്‍ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കൂന്ന്‍…”
ഷാരോണിന്റെ അദ്ഭുതം അതിരില്ലാത്തതായി.
“അന്ന് അതും പറഞ്ഞ് സുമ അവളുടെ അവസാനത്തെ അസൈന്‍മെന്‍റ് ചെയ്യാന്‍ പോയി…..പിന്നെ സുമേനെ ഞാന്‍ കാണുന്നെ ചോരയില്‍ പുതഞ്ഞ് , പ്രാണന്‍ നഷ്ട്ടപ്പെട്ട് കേടക്കുന്നതായിട്ടാ. പിന്നെ ഞാന്‍ ആശുപത്രീലും റിഹാബിലിറ്റെഷന്‍ സെന്‍റ്ററുകളിലും…. പല ആശുപത്രികളിലും ചികിത്സയിലായിരുന്ന സമയത്ത് മിക്കവാറും എല്ലാവരും തന്നെ എന്നേ കാണുവാന്‍ വന്നിരുന്നു. സുലോചന ഒഴികെ…”