“മോന് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍…എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്…”
അദ്ദേഹം പറഞ്ഞു.
“ജനുവരി പതിനാറിന്…സിസിലി ബാങ്കില്‍ നിന്ന്‍ ഇറങ്ങി വരികയായിരുന്നു…ബാങ്കിന്‍റെ കോമ്പൌണ്ടീന്ന്‍ വെളിയിലേക്കിറങ്ങി മോന് ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങാന്‍ എതിരെയുള്ള ജനറല്‍ സ്റ്റോറിലേക്ക് റോഡ് മുറിച്ച് കടക്കാന്‍ തൊടങ്ങുവാരുന്നു…”
റഫീഖും നിഷയും ശ്രദ്ധയോടെ കേട്ടു.
“അന്നേരം ഒരു സ്ക്കോര്‍പ്പിയോ..കറുത്തത്…പിമ്പില്‍ നിന്ന്‍ വന്നു. സിസിലീടെ ഏകദേശം ഇരുപതടി പിമ്പിലായി നിര്‍ത്തി…അതീന്ന്‍ ഒരാള്‍ എറങ്ങി വെടിവെക്കുവാരുന്നു…”
അദ്ധേഹത്തിന്‍റെ കണ്ഠമിടറുകയും കണ്ണില്‍ നനവ് പടരുകയും ചെയ്തു.
“അന്നേരം ഡോര്‍ തൊറന്ന് വേറെ ഒരാള്‍ എറങ്ങി…റോക്കീ വേണ്ട വേണ്ട എന്ന്‍ പറഞ്ഞ് അയാളെ പിടിച്ച് അകത്ത് കയറ്റി…പെട്ടെന്ന് വണ്ടി വിട്ടുപോയി…”
റഫീഖ് ചോദ്യരൂപത്തില്‍ അദ്ധേഹത്തെ നോക്കി.
“പക്ഷെ…സിസിലിയെ അല്ല അവര് വെടി വെച്ചത്…”
അലക്സാണ്ടര്‍ തുടര്‍ന്നു.
റഫീഖും നിഷയും അവിശ്വസനീയതയോടെ പരസ്പ്പരം നോക്കി.
“പിന്നെ?”
അവരിരുവരും പെട്ടെന്ന് ചോദിച്ചു.
“…സിസിലിയുടെ മുമ്പില്‍ ഒരാള്‍ നില്‍പ്പുണ്ടായിരുന്നു…”
“ആര്?”
“ഒരു ഹിന്ദിക്കാരന്‍. അയാള്‍ക്കിട്ടാ അവമ്മാര് വെടിവെച്ചത്. ഭാഗ്യക്കേടിനു സിസിലിയ്ക്കാ വെടികൊണ്ടത്. എന്നായാലും എന്‍റെ കൊച്ചിന് അവന്‍റെ അമ്മേനെ നഷ്ടപ്പെട്ടു…”
പുതിയ വാര്‍ത്ത റഫീഖിനെയും നിഷയെയും അദ്ഭുതപ്പെടുത്തി.
“ഈ കാറില്‍ തോക്കുമായി വന്ന പാര്‍ട്ടി ഹിന്ദിക്കാരനെ ഉന്നം വെച്ച് വന്നതാണ് എന്ന്‍ സാറിന് എങ്ങനെ മനസ്സിലായി?”
റഫീഖ് ചോദിച്ചു.
“ജനുവരീലാ സിസിലി മരിക്കുന്നേ. കേയ്സ് അന്വേഷണം എങ്ങും എത്തീല്ല. മെയ് ആയപ്പം ഒരാള് എന്നെ കാണാന്‍ വന്നു. ഞാന്‍ ദാ ആ ചെമ്പകത്തിന്റെ ചോട്ടില്‍ ഒരു കട്ടില് എടുത്തിട്ട് കെടക്കുവാരുന്നു…അന്നേരം ഒച്ചേം അനക്കോം കേപ്പിക്കാതെ രണ്ട് മൂന്ന്‍ പേര് എന്നെ കാണാന്‍ വന്നു….”
റഫീഖ് നിവര്‍ന്നിരുന്നു.
ശിശിര പുഷ്പ്പം 14 [ smitha ]
Posted by