ശിശിര പുഷ്പ്പം 15 [ smitha ]

Posted by

ചിത്ര ശലഭം പൂവില്‍ നിന്ന്‍ പറന്നുയരുന്നത് പോലെ അവള്‍ എഴുന്നേല്‍ക്കുന്നത് ഷെല്ലി കണ്ടു. സുഗന്ധിയായ കാറ്റിലും ഇളംവെയിലിലും അവള്‍ അവനെക്കണ്ട് മദഭരയായ ദേഹത്തില്‍ താപം നിറച്ചു.
കണ്ണുകള്‍ തുടിയ്ക്കുന്നു.
ദേഹം വിറകൊള്ളുന്നു.
അധരം വിതുമ്പുന്നു.
ഇതുവരെ അറിയാത്ത ഒരു ദാഹം മാറിടത്തില്‍ നിറയുന്നു.
നിന്നെ കണ്ടമാത്രയില്‍ എന്‍റെ പ്രിയനേ….
അവന്‍ അടുത്തെത്തിയപ്പോള്‍ അവള്‍ പുഞ്ചിരിച്ചു. ഷെല്ലിയും മറ്റൊന്നും ചെയ്യാതെ മിഴികളില്‍ പ്രണയത്തിന്‍റെ നനവ്‌ നിറച്ച് അവളെ നോക്കി.
“ഷെ ല്ലി-”
ജനിമൃതികളുടെ ചില്ലുജാലകങ്ങള്‍ക്കപ്പുറത്ത് നിന്നെന്നപോലെ അവളുടെ ശബ്ദത്തിന്‍റെ ചൂടുള്ള രശ്മികള്‍ അവനെ തൊട്ടു.
“മിനി-”
അവന്‍റെ ശബ്ദം കുളിര്‍മഞ്ഞിലൂടെ അരിച്ചെത്തുന്ന സൂര്യനാളമാകുന്നു.
“വന്നിട്ട് ഒരുപാടായോ?-”
“അഞ്ച് മിനിറ്റ്. പക്ഷെ അഞ്ച് വര്‍ഷം കടന്നുപോയത് പോലെ-”
കണ്ണുകള്‍ മാറ്റാതെ അവര്‍ പരസ്പ്പരം നോക്കി, അല്‍പ്പ സമയത്തോളം.
“എന്താ എന്നെ ആദ്യമായി കാണുകയാണ് മിനി?-”
അവന്‍ ചോദിച്ചു.
കണ്ണുകള്‍ അവന്‍റെ കണ്ണുകളില്‍ നിന്ന്‍ മാറ്റാതെ അവനെത്തന്നെ നോക്കിയതല്ലാതെ അവള്‍ ഉത്തരം പറഞ്ഞില്ല.
“കണ്ടിട്ടുണ്ട്, മുമ്പ്-”
സുഖമുള്ള അഗ്നിയില്‍ ചുട്ട്, പഴുപ്പിച്ച് മന്ത്രിക്കുന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു.
“വര്‍ഷങ്ങള്‍ക്ക് മുമ്പ്. ശബ്ദം കേട്ടിരുന്നു. ഗന്ധം അറിഞ്ഞിരുന്നു. രൂപം കണ്ടിരുന്നു. മുഖം കാണുന്നത് ഇപ്പോഴാണ്-”
ബ്യൂട്ടിസ്പ്പോട്ടിന് മുകളിലെ ആകാശത്ത് മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ നിറഞ്ഞു. അവള്‍ മുകളിലേക്ക് നോക്കി.
അവനും.
അവളുടെ നീള്‍മിഴികളുടെ കാന്തികത ആകാശനീലിമയെ ചൂടിനില്‍ക്കുന്ന മേഘങ്ങള്‍ക്ക് ഡിസൈന്‍ കൊടുക്കുന്ന ചിത്രശലഭങ്ങളില്‍ പതിഞ്ഞു.
“മമ്മി പറയുമാരുന്നു, ഷെല്ലി-”
അവള്‍ ചിത്രശലഭങ്ങള്‍ നൃത്തം ചെയ്യുന്നത് കണ്ട്‌ പറഞ്ഞു.
ഷെല്ലി അവളെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *