സൂര്യനെ പ്രണയിച്ചവൾ 14
Sooryane Pranayichaval Part 14 | Author : Smitha | Previous Parts
പ്രണയം പുതുമഴപോലെ ഓരോ ജീവകോശത്തേയും നനച്ചു കുതിര്‍ക്കുകയായിരുന്നു ഗായത്രിയെ. ഓരോ നിമിഷവും നിറവും സുഗന്ധവും പെരുകി വര്‍ഷിക്കുന്ന ഉദ്യാനമാവുകയാണ് മനസ്സ്…
കാതില്‍ എപ്പോഴും ജോയല്‍ മന്ത്രിയ്ക്കുന്നു… കണ്ണുകളില്‍ എപ്പോഴും അവന്‍ നിലാവെളിച്ചം പോലെ കടന്നുവരുന്നു… ചുണ്ടുകളില്‍ എപ്പോഴുമവന്‍ ഇളം ചൂടായി നൃത്തം ചെയ്യുന്നു… മാറില്‍ എപ്പോഴും അവന്‍റെ നെഞ്ചോരത്തിന്‍റെ ദൃഡസ്പര്‍ശമമരുന്നു… ഏഴ് സ്വരങ്ങളുടെ താളലയങ്ങള്‍ മുഴുവന്‍, ജോയല്‍ നീയായി പരിണമിക്കുന്നു…. എനിക്കിപ്പോള്‍ നിദ്രകളില്ല. സ്വപ്നങ്ങളും. പകരം നിന്‍റെ നിശ്വാസവും ഗന്ധവുമാണ്…
അവള്‍ കിടക്കയില്‍ നിന്നുമെഴുന്നേറ്റു. ടെറസ്സിലേക്ക് പോയി. പുറത്ത് നിലാവുണ്ട്. താരാഗണങ്ങളാണ് ആകാശം നിറയെ. ഉദ്യാനത്തിലെ ക്രിസാന്തിമങ്ങളും ഹയാസിന്തുകളും ഡെയ്സിപ്പൂക്കളും ഡഫോഡില്‍സ് പൂക്കളും ഇളം കാറ്റിന്‍റെ പ്രണയോന്‍മത്തതയില്‍ ഉലഞ്ഞുയരുന്നു… അത് കണ്ട് തന്‍റെ മാറിടം ഇത്രമേല്‍ തുടിയ്ക്കുന്നത് എന്തിനാണ്? മട്ടുപ്പാവില്‍ നിന്നും പൂക്കളെ നോക്കവേ അവള്‍ ചിന്തിച്ചു. അവള്‍ പടികള്‍ വേഗത്തിലിറങ്ങി ഉദ്യാനത്തിലേക്ക് ചെന്നു. ഉള്‍ത്തുടിപ്പുകള്‍ക്ക് നിറം നല്‍കുന്ന രാത്രി… കാമുകന്‍റെ മദഗന്ധം കൊണ്ടുവരുന്ന കാറ്റ്… പുരുഷന്‍റെ കരുത്തില്‍ ഞെരിഞ്ഞുപൊടിയാന്‍ ക്ഷണിക്കുന്ന സുതാര്യ നിലാവ്… ഓ… എവിടെയും പ്രണയഹിന്ദോള സംഗീതം…
“എന്താ രാത്രിയില്‍ പതിവില്ലാതെ പൂന്തോട്ടത്തില്‍, ചോട്ടി സാഹിബാ?”
വീര്‍ ബഹാദൂര്‍ സിംഗ്, നേപ്പാളി, സ്വപ്നം മയങ്ങുന്ന വെള്ളാരം കണ്ണുകളുള്ളവന്‍, സുന്ദരന്‍, അവളോട് ചോദിച്ചു. തലാങ്ങ് പര്‍വ്വതച്ചരിവില്‍, തന്നെ മാത്രം ധ്യാനിച്ചിരിക്കുന്ന സുന്ദരിയായ കാമുകിയെക്കുറിച്ച് അവന്‍ തന്നോട് പറഞ്ഞിട്ടുണ്ട്…
“ഒന്നുമില്ല, ഭയ്യാ…”
അവള്‍ ചിരിച്ചു. എന്നിട്ടും അവളുടെ വശ്യമായ നാണം ആ ചിരിയില്‍ മറഞ്ഞില്ല.
“ഇന്നെന്തോ മുകളില്‍ നിന്നും നോക്കിയപ്പോള്‍ പൂന്തോട്ടത്തിന് ഒരു പ്രത്യേക ഭംഗി…അപ്പോള്‍ അടുത്ത് നിന്നു നോക്കണം എന്ന് തോന്നി…”
“അത് വെറുതെ…”
അവന്‍ ചിരിച്ചു. അവന്‍റെ നോട്ടം തന്‍റെ കണ്ണുകളില്‍ തറഞ്ഞിരിക്കുകയാണ്. അപ്പോള്‍ ഒന്നും ഒളിക്കാന്‍ തനിക്ക് കഴിയില്ല.
“ചോട്ടി സാഹിബാ…”
അവന്‍ പറഞ്ഞു.
“പൂന്തോട്ടം ഇന്ന് കൂടുതല്‍ സുന്ദരമായി തോന്നുന്നു എങ്കില്‍, അത്അടുത്ത നിന്നു കാണണം എന്ന് തോന്നുന്നു എങ്കില്‍, അതിന് ഒരു കാരണമേയുള്ളൂ…”
അത് പറഞ്ഞ് അവന്‍ വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി. ഗായത്രിയുടെ കണ്ണുകളില്‍, ചുണ്ടുകളില്‍, ദേഹം മുഴുവന്‍, പ്രണയം നല്‍കിയ ഉന്മത്തതയുടെ സ്വര്‍ണ്ണ വെളിച്ചം നിറഞ്ഞു. അവള്‍ നാണിച്ച് അവനെ നോക്കി. പ്രണയലാവണ്യത്തിന്‍റെ കടും നിറങ്ങള്‍ അവളുടെ നാണത്തില്‍ അലിഞ്ഞുനിറഞ്ഞു.