“എന്താ മമ്മി?”
അവള്‍ ടെലിവിഷന്‍ സ്ക്രീനിലേക്ക് നോക്കാതെ സാവിത്രിയോട് ചോദിച്ചു.
“മോളെ, ഇത്…”
സാവിത്രി സ്ക്രീനിലേക്ക് വിരല്‍ ചൂണ്ടി.
“ഈ കുട്ടി മോള്‍ടെ കോളേജിലെ അല്ലെ? ….നോക്കിക്കേ …അല്ലെ ….? കോളേജിന്റെ പേരൊക്കെ പറയുന്നു….”
ഗായത്രി പെട്ടെന്ന് ടെലിവിഷന്‍ സ്ക്രീനിലേക്ക് മുഖം തിരിച്ചു. ഹൃദയം നുറുങ്ങിപ്പൊടിയുന്ന ശബ്ദമവള്‍ കേട്ടു.
“പുതിയ ഒരു ടെററിസ്റ്റുകൂടി ഉദയം കൊണ്ടിരിക്കുന്നു….”
ആജ് തക്കിലെ ന്യൂസ് അനലിസ്റ്റ്, അഗ്രസീവ് ജേണലിസ്റ്റ് എന്ന് പേരെടുത്ത അജിത് സഹസ്രബുദ്ധെയുടെ ഉറച്ച, കനത്ത സ്വരം.
“ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ജോയല്‍ ബെന്നറ്റ് മാധ്യമ പ്രവര്‍ത്തകരുടെ മുമ്പില്‍, പൊതുജനങ്ങളുടെ മുമ്പില്‍ രണ്ടു പോലീസുകാരെ വെടിവച്ച് കൊലപ്പെടുത്തുന്ന ഭീദിതമായ രംഗങ്ങളാണ് ഈ ഫൂട്ടേജില്‍ പ്രേക്ഷകര്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്….”
തുടര്‍ന്നു പല ആംഗിളുകളില്‍ നിന്നും പോലീസുകാരെ വെടിവെച്ചു വീഴ്ത്തുന്ന ജോയല്‍ ബെന്നറ്റിന്‍റെ ദൃശ്യങ്ങളും….
“പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജോയല്‍ ബെന്നറ്റിന്റെ അച്ഛന്‍ ബെന്നറ്റ് ഫ്രാങ്ക് മാവോയിസ്റ്റ് ബന്ധമുള്ള കൊടുംഭീകരന്‍ ആണെന്ന് ഇപ്പോള്‍ പൂര്‍ണ്ണമായും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്…”
അജിത് സഹസ്രബുദ്ധെ തുടര്‍ന്നു.
“മാത്രമല്ല കുപ്രസിദ്ധ ചൈനീസ് ആയുധമാഫിയ തലവന്‍ ഷുണ്യാന്‍ പെങ്ങുമായും ബെന്നറ്റ് ഫ്രാങ്ക് അടുത്ത് ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും ലഭ്യമായിട്ടുണ്ട്.
ഗായത്രി ബോധരഹിതയായി നിലം പതിച്ചു. സാവിത്രിയ്ക്ക് ഒന്നും മനസ്സിലായില്ല. അവരുടനെ പരിചാരകരെ വിളിച്ചു. മുഖത്ത് വെള്ളം തളിച്ചുവെങ്കിലും ഗായത്രി ബോധത്തിലേക്ക് വന്നില്ല. അവളെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. **************************************************************************
കഥ പറഞ്ഞ് കഴിഞ്ഞ് റിയ നോക്കുമ്പോള്‍ ഷബ്നത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്…. അടക്കാനാവാത്ത വികാരത്തള്ളലില്‍ അവള്‍ റിയയെ കെട്ടിപ്പിടിച്ചു. റിയ അവളുടെ പുറത്തും തലമുടിയിലും സ്നേഹത്തോടെ വാത്സല്യത്തോടെ തലോടി.
“ഞാനറിഞ്ഞില്ല എന്‍റെ റിയേ…”
വിതുമ്പലിനിടയില്‍ അവള്‍ പറഞ്ഞു.
“ഇതുപോലെ ഒരു കഥയും പേറി നടക്കുന്നയാളാണ് ജോയല്‍ എന്ന്! ജോയലിന്റെ കഥയ്ക്ക് മുമ്പില്‍ നമ്മുടെ കഥകളൊക്കെ എത്ര നിസ്സാരം!!”
റിയക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
“ഞാനിപ്പോള്‍ വരാം!”
ആലിംഗനത്തില്‍ നിന്നുമകന്നുകൊണ്ട് ഷബ്നം പറഞ്ഞു. അത് പറഞ്ഞ് അവള്‍ പുറത്ത് കടന്നു. ഹാളില്‍ അവള്‍ ആരെയും കണ്ടില്ല. അവള്‍ മുറ്റത്തേക്ക് ഇറങ്ങി. അവിടെ വീരപ്പന്‍ സന്തോഷിനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു ജോയല്‍.