“ഒരു പുന്നാര ഏട്ടനും അതിലും പുന്നാര അനീത്തീം!”
റിയ ചിരിച്ചു.
“എന്‍റെ പൊന്നെ, ഞാന്‍ ആദ്യം ഈ സാധനത്തിനെ പ്രൊപ്പോസ് ചെയ്തതാ…കാണാന്‍ അത്ര വലിയ കുഴപ്പമില്ല അതുകൊണ്ട് ഐ ലവ് യൂ പറഞ്ഞാല്‍ എന്നെ കയ്യും നീട്ടി സ്വീകരിക്കും പിന്നത്തെ സീന്‍ സ്വിറ്റ്സര്‍ലന്‍ഡ് അല്ലേല്‍ ന്യൂസിലാന്‍ഡിലെ ഏതേലും തടാകക്കരയില്‍ ചാം ച്ച ചോം ചച്ച ചുമര് ച ച്ച ചാ എന്നൊക്കെ ഡ്യൂവറ്റ് പാടി കുറച്ചൊക്കെ മരം ചുറ്റി പ്രേമം ഒക്കെ ആസ്വദിക്കാം എന്നൊക്കെ ഞാന്‍ വിചാരിച്ചു എന്‍റെ പെണ്ണേ…പക്ഷെ…”
റിയയുടെയും ശബ്ദം അപ്പോള്‍ ഇടറി.
“അല്ലെങ്കിലും ഇതുപോലെ ആണൊരുത്തന്‍ നമ്മുടെ കണ്ണുകള്‍ക്ക് മുമ്പില്‍ ഉള്ളപ്പോള്‍ എങ്ങനെയാടി ഞാനും നീയുമൊക്കെ കണ്ട്രോള്‍ ചെയ്ത് നിക്കുന്നെ!”
ശബ്ദം ഇടറിയെങ്കിലും റിയ തുടര്‍ന്നു.
“പക്ഷെ…”
നിറകണ്ണുകളോടെ അവള്‍ തുടര്‍ന്നു.
“…പക്ഷെ എന്‍റെ മനസ്സിലിരിപ്പ് മനസ്സിലാക്കി സന്തോഷ് ചേട്ടന്‍ ജോയലിന്റെ കഥ മൊത്തം എന്നോട് പറഞ്ഞു…അത് കേട്ട് എന്‍റെ ചങ്ക് മരച്ചു പോയെടീ… നിന്നെപ്പോലെ ഞാനും കരഞ്ഞെടീ ഒരുപാട്…ഞാനും പഠിപ്പിച്ചു എന്‍റെ മനസ്സിനെ…അതെ ജോയല്‍ എന്‍റെ ഫ്രണ്ട് ആണ് ..നല്ല ഫ്രണ്ട് …ഗായത്രിയാണ് ..അവള്‍ മാത്രമാണ് ജോയലിന്റെ പെണ്ണ് … ഒരുമിച്ചാലും ഇല്ലെങ്കിലും … സിനിമാ എഴുത്തുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുമിക്കാനുള്ള ഒരു വിദൂര സാധ്യതപോലും ഇല്ലെങ്കിലും മനസ്സില്‍ എന്നും ഗായത്രി മതി ജോയലിന് ….”
റിയ കണ്ണുകള്‍ തുടച്ചു.
“നിങ്ങക്ക് വേറെ പണിയൊന്നുമില്ലേ പെണ്ണുങ്ങളെ?”
ജോയല്‍ ശബ്ദമുയര്‍ത്തി.
“ടീമിലുള്ള ആര്‍ക്കും പാടില്ലാത്തത് ആണ് ഈ കരച്ചിലും പിഴിച്ചിലും സങ്കടം പറച്ചിലും…എന്നിട്ട്…”
ബാക്കി പറയാന്‍ ജോയലിനായില്ല. അവനും ഒരു നിമിഷം വിതുമ്പി. അത് കണ്ടുനില്‍ക്കാന്‍ ശക്തിയില്ലാതെയെന്നോണം രണ്ടു പെണ്‍കുട്ടികളും അവന്‍റെ നേരെ അടുത്തു. അവനെ ഇരുവരും കെട്ടിപ്പുണര്‍ന്നു.
“എന്‍റെ ജോയല്‍…എനിക്ക് …”
അവന്‍റെ കവിളില്‍ ചുണ്ടുകള്‍ അമര്‍ത്തി റിയ പറഞ്ഞു.
“ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല..എങ്കിലും പ്രാര്‍ഥിയ്ക്കാറുണ്ട് ഞാന്‍ നിനക്കും ഗായത്രിയ്ക്കും വേണ്ടി…”
ജോയലിന്റെ കൈ അവളുടെ ചുമലില്‍ അമര്‍ന്നു.
“വേണ്ടെടീ…”
അവന്‍ പറഞ്ഞു.
“പ്രാര്‍ത്ഥനയുടെ വിഷയം ഒന്ന് മാറ്റിപ്പിടിച്ചേരെ! പ്രാര്‍ത്ഥന വേണ്ടെന്നു വെയ്ക്കേണ്ട…അത് തുടര്‍ന്നോ…നമുക്ക് വേണ്ടി …നമ്മുടെ ഗ്രൂപ്പിന് വേണ്ടി… നെഞ്ചും ശിരസ്സും തുളയ്ക്കാനെത്തുന്ന വെടിയുണ്ടകള്‍ക്ക് കാലതാമസം വരാന്‍….അതിന് വേണ്ടി പ്രാര്‍ഥിച്ചോ… പ്രതികാരചിന്തയുടെ അടിമത്തം നമ്മള്‍ ആസ്വദിയ്ക്കുന്നത് അവസാനിക്കാതിരിക്കാനും …”