“ജോയല്‍ പറഞ്ഞത് ഞാന്‍ കേട്ടു!”
ഊര്‍മ്മിളയുടെ വാക്കുകള്‍ സാവിത്രിയില്‍ അല്‍പ്പം പരിഭ്രാന്തിയുണ്ടാക്കി.
“ഊര്‍മ്മിളെ അത്…”
സാവിത്രി വാക്കുകള്‍ തിരഞ്ഞു.
“നമ്മുടെ മോളും അവനും തമ്മില്‍ എന്താണ്?”
സാവിത്രിയുടെ മുഖം താഴ്ന്നു.
ഊര്‍മ്മിളയ്ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അത് മതിയായിരുന്നു.
എങ്കിലും സാവിത്രിയുടെ മുഖത്ത് ഉറഞ്ഞുകൂടിയ ദുഃഖം അവരുടെ മനസ്സലിയിച്ചു.
“ശ്യെ! ഞാന്‍ വിഷമിപ്പിക്കാന്‍ വേണ്ടി ചോദിച്ചതല്ല!”
ഊര്‍മ്മിള സാവിത്രിയുടെ തോളില്‍ പിടിച്ചു.
“നോക്കൂ, പഠിക്കുന്ന കാലത്ത് അഫയര്‍ ഇല്ലാത്ത ആരാ ഉള്ളത്? അല്ലെങ്കില്‍ ടീനേജില്‍ ഒക്കെ എല്ലാവര്‍ക്കും ഇന്‍ഫാച്ചുവേഷനോ റൊമാന്‍സോ ഈവന്‍ സീരിയസ് റിലേഷന്‍സോ എല്ലാവര്‍ക്കും നാച്ചുറല്‍ അല്ലെ? അത് അറിയാം എനിക്ക്… ഞാന്‍ റൂഡ് ഒന്നുമല്ല സാവിത്രി…പക്ഷെ…”
സാവിത്രി ഊര്‍മ്മിളയെ നോക്കി.
അവരുടെ കണ്ണുകളില്‍ ഈറന്‍ നിറഞ്ഞിരുന്നു.
“എന്‍റെ മോന്‍ ആദ്യമായിട്ട് ഇഷ്ട്ടപ്പെട്ട പെണ്ണാണ് ഗായത്രി…”
ഊര്‍മ്മിള തുടര്‍ന്നു.
“ഞാന്‍ രണ്ടു വര്‍ഷങ്ങളായി നിര്‍ബന്ധിക്കുന്നതാണ് അവനെ. ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടപ്പെടാന്‍. മക്കളെ പ്രേമിക്കാന്‍ അമ്മമാര്‍ സാധാരണ നിര്‍ബന്ധിക്കാറുണ്ടോ? ഞാന്‍ കേട്ടിട്ടില്ല. എന്നാല്‍ ഞാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്… “
അത് പറഞ്ഞ് ഊര്‍മ്മിള സാവിത്രിയെ നോക്കി.
“അത് മോനൊരു ഭാര്യയെ കണ്ടെത്താന്‍ സാധാരണ അമ്മമാര്‍ ആഗ്രഹിക്കാറുള്ളത് പോലെയുള്ളതൊന്നുമല്ല…”
അവര്‍ തുടര്‍ന്നു.
“അങ്ങയുള്ള ആഗ്രഹം മാത്രമായിരുന്നില്ല അത്…മോനുണ്ടായിക്കഴിഞ്ഞ് ..ഏകദേശം രണ്ട് വര്‍ഷം കഴിഞ്ഞ് എനിക്ക് ഒരു സര്‍ജറിയുണ്ടായി… ഹെവി ബ്ലീഡിങ്ങ്…എല്ലാ മാസം ഒരു ടു വീക്സ് എങ്കിലും …. അത് വല്ലാതെ ഒരു ഡേയ്ഞ്ചര്‍ സ്റ്റേജില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ ഡോക്റ്റര്‍ പറഞ്ഞു, യൂട്രസ് റിമൂവ് ചെയ്യണം… ഒരു പെണ്‍കുഞ്ഞിനെ എന്നും സ്വപ്നം കണ്ടു നടന്ന ഞാന്‍ സമ്മതിച്ചില്ല…ഒത്തിരി കരഞ്ഞു…ഒന്നൂടെ പ്രെഗ്നന്റ് ആയിട്ട് ഒരു പെണ്‍കുഞ്ഞിനെക്കൂടി കിട്ടിയിട്ട് എന്ത് വേണേലും ആകാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആരും അത് കേട്ടില്ല….”
ഊര്‍മ്മിളയുടെ കവിളിലൂടെ കണ്ണുനീര്‍ച്ചാലുകള്‍ ഒഴുകി.
“അതവര് ദുഷ്ടമനുഷ്യര്‍ ആയത് കൊണ്ടൊന്നുമല്ല…”
കണ്ണുകള്‍ തുടച്ച് ഊര്‍മ്മിള തുടര്‍ന്നു.