കണ്ണുകള്‍ മിഴിച്ച് പദ്മനാഭന്‍ തമ്പി രാകേഷിനെ നോക്കി.
“എന്താ കാരണം?”
ഗൌരവം കലര്‍ന്ന ശബ്ദത്തില്‍ രാകേഷ് ചോദിച്ചു.
പദ്മനാഭന്‍ തമ്പി ചുറ്റും നോക്കി.
“അവന്‍ മോളെ പ്രേമിക്കാന്‍ പിന്നാലെ നടന്ന കാര്യം ആ മൂന്ന്‍ പേര്‍ക്കും അറിയാമായിരുന്നു മോനെ!”
അയാള്‍ പറഞ്ഞു.
“അവരവനെ വിലക്കി എന്നോടുള്ള ഇഷ്ടം കൊണ്ട്! അതാ കാരണം!”
രാകേഷ് ചിരിച്ചു.
പരിഹാസം നിറഞ്ഞ ചിരി.
“ചോട്ടാ ഭീമും ഡോരേ മോനും ഒക്കെ മാത്രം കാണുന്നവരോട് ഇതാണ് കാരണം എന്ന് ദയവായി പറയരുതേ അങ്കിള്‍!”
അവന്‍ പറഞ്ഞു.
“വെറുതെ അങ്കിളിന്‍റെ പല്ലവന്മാര് അടിച്ചു പറിക്കും! എന്നോട് പറഞ്ഞാല്‍ മതി. ആ സെക്കന്‍ഡില്‍ തന്നെ വിശ്വസിക്കും ഞാന്‍!”
ഒരു നിമിഷം മുഖം കോപംകൊണ്ട് ചുവന്നെങ്കിലും അയാള്‍ ആത്മസംയമനം പാലിച്ചു.
“ആഹ്! അതെന്തെങ്കിലുമാകട്ടെ! ഇറ്റ്‌സ് നണ്‍ ഓഫ് മൈ ബിസിനെസ്സ്!”
രാകേഷിന്റെ ശബ്ദം മാറി.
“ഞാന്‍ വേറൊരു കാര്യം കൂടി പറയാന്‍ വന്നതാ ഇപ്പം!”
അവന്‍ ശബ്ദമുയര്‍ത്തിപ്പറഞ്ഞു.
ആവേശം കൂടിയത് കൊണ്ട് തന്‍റെ ശബ്ദം അസാമാന്യമായി ഉയര്‍ന്നത് അവനറിഞ്ഞില്ല.
പദ്മനാഭന്‍ തമ്പി ആകാംക്ഷയോടെ അവനെ നോക്കി.
“ഇന്ന് ഞങ്ങള്‍ അവനെപ്പൂട്ടും!”
അശോകമരങ്ങള്‍ക്കപ്പുറത്ത് ഗായത്രി അത് കേട്ടു.
അവള്‍ ഭയത്തോടെ കാതുകള്‍ കൂര്‍പ്പിച്ചു.
“ഇന്ന് കയ്യില്‍ നിന്നും വഴുതിപ്പോകില്ല അവന്‍. ജീവനോടെ! അല്ലെങ്കില്‍ ഡെഡ്! ഈ ക്യാറ്റ് ആന്‍ഡ് മൌസ് കളി എനിക്ക് ബോറായിത്തുടങ്ങി!”
“ഉറപ്പാണോ?”
ആവേശം നിറഞ്ഞ സ്വരത്തില്‍, ആഹ്ലാദം കുമിയുന്ന ശബ്ദത്തില്‍ പദ്മനാഭ ന്‍ തമ്പി ചോദിച്ചു.
“ഉറപ്പ്!”
ആത്മവിശ്വാസത്തോടെ രാകേഷ് തുടര്‍ന്നു.