അപ്പോള്‍ തന്‍റെ ഹൃദയം മിടിച്ചു.
കണ്ണിണകള്‍ തുടിച്ചു.
ദേഹത്തുകൂടി ഒരു വിറയല്‍ പാഞ്ഞു.
“എല്ലാവര്‍ക്കും അങ്ങനെ കാണാന്‍ കഴിയുന്നതല്ല കുട്ടികളെ ഈ മഴവില്ല്…”
തന്‍റെ അടുതെത്തി, നെറുകയില്‍ തലോടി അദ്ദേഹം പറഞ്ഞു.
“നിര്‍മ്മലമായി സ്നേഹിക്കുന്നവര്‍ക്ക് മുമ്പില്‍ ആ മഴവില്ല് അങ്ങനെ തെളിഞ്ഞു കാണും… ജീവിതത്തില്‍, അന്ത്യത്തോളവും ആവേശത്തോടെ പ്രണയിക്കുന്നവര്‍ക്ക്….”
ആ രംഗമത്രയും വീണ്ടുമോര്‍ത്തപ്പോള്‍ ഗായത്രി ഒന്ന് നിശ്വസിച്ചു.
പുറത്ത് ആയുധധാരികളായ പുരുഷന്മാര്‍ കാവല്‍ നില്‍ക്കുന്നത് അവള്‍ കണ്ടു.
അവളുടെ അടുത്ത് റിയ ഇയര്‍ഫോണ്‍ കാതില്‍ വെച്ച് ആരോടോ സംസാരിക്കുകയും മുമ്പിലെ മോണിട്ടറിലേക്ക് നോക്കുകയും ചെയ്തുകൊണ്ടിരുന്നു.
“ജോയലിന്റെ കൂടെ കണ്ട ആ കുട്ടി അയാളുടെ ഭാര്യയാണോ?”
ഗായത്രി റിയയോട് ചോദിച്ചു.
അവള്‍ ഇയര്‍ഫോണ്‍ കാതില്‍ നിന്നുമെടുത്തു.
“എന്തേലും ചോദിച്ചോ?”
“എന്‍റെ കൂടെ മുകളില്‍ വന്ന ആ പെണ്ണില്ലേ? അവള്‍ ജോയലിന്റെ ഭാര്യ ആണോയെന്ന്?”
സ്വരം കടുപ്പിച്ച് ഗായത്രി ചോദിച്ചു.
റിയ പുച്ചവും പരിഹാസവും കലര്‍ത്തി ഗായത്രിയെ നോക്കി ചിരിച്ചു.
“അവള്‍ ജോയലിന്റെ ഭാര്യയല്ല, സഹോദരിയാണ്….പക്ഷെ…”
ഗായത്രി നെറ്റി ചുളിച്ചു.
“അവന്‍റെ ഭാര്യാകാനും കാമുകിയാകാനും ഇനി അതിനും പറ്റിയില്ലെങ്കില്‍ കുറഞ്ഞത് അവന്‍റെ കൂടെ ഒരു രാത്രിയെങ്കിലും പങ്കിടാന്‍ കൊതിച്ച കുറെ പെണ്ണുങ്ങളുണ്ട്, ഈ ഞാനടക്കം…”
റിയ ഗായത്രിയെ തറച്ചു നോക്കി.
“പക്ഷെ പൊട്ടനാ അവന്‍! തനി മരപ്പൊട്ടന്‍!”
“പ്രേമത്തിന്‍റെയും കാമത്തിന്‍റെയും കാര്യത്തില്‍ ഇപ്പഴും ശ്രീരാമന്‍റെ കാലത്ത് നിന്ന് ബസ്സ് കിട്ടാത്തവന്‍! ഇപ്പഴും തന്നെ പ്രേമിച്ച്, തന്നെ വിട്ടുപോയ, ന്യൂജന്‍ ഭാഷയില്‍ പറഞ്ഞാല്‍ തേച്ചിട്ടുപോയ പെണ്ണിനേം ഓര്‍ത്ത് കരയുന്നവന്‍..കാലിന്‍റെ എടേല്‍ കയ്യും ചുരുട്ടി കെടന്നുറങ്ങുന്നവന്‍!”
“ഇങ്ങനെയൊക്കെ പറയാന്‍ കോച്ചിങ്ങ് തന്നുകാണും!”
ഗായത്രി രൂക്ഷമായി റിയയെ നോക്കി.
“എന്തിന്?”
റിയ ചാടിയെഴുന്നേറ്റു.
ഗായത്രി അവളുടെ കുതിപ്പില്‍ ഭയന്ന് ഒരടി പിമ്പോട്ടു മാറി.