അവന്‍റെ വാക്കുകള്‍ മനസ്സിലാക്കാതെയെന്നോണം പോത്തന്‍ ജോസഫ് അവരെ ഇരുവരേയും മാറി മാറി നോക്കി.
“നീ വരച്ച കളത്തിലേക്ക് അറിയാതെ വന്ന് ചാടീത് ആണ് ഞാന്‍ എന്ന് നീ കരുതിയോ?”
ജോയല്‍ ചോദിച്ചു.
“അല്ല!”
അവന്‍ തുടര്‍ന്നു.
“എന്‍റെ ടെക്സ്റ്റ് ബുക്ക് ട്രാജക്റ്ററിയിലേക്ക് നിന്നെ ഞാന്‍ ക്ഷണിച്ചു വരുത്തുകയായിരുന്നു….അല്ലെങ്കില്‍ നീയും പദ്മനാഭന്‍ തമ്പിയും ഒരിമിക്കുന്ന ഇടം നോക്കി ഞാന്‍ കാത്തുനിക്കുവാരുന്നു!”
അത് പറഞ്ഞതും ജോയല്‍ കാലുമടക്കി മുമ്പില്‍ നിന്ന പോത്തന്‍ ജോസഫിനെ ആഞ്ഞു ചവിട്ടി.
അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ പിമ്പോട്ടു മലര്‍ന്നു വീണു.
ജോയല്‍ അയാളുടെ മേലേക്ക് കുതിച്ചു.
“എടീ!!”
നിലത്ത് നിന്ന് പോത്തന്‍ ജോസഫിനെ കോളറില്‍ പിടിച്ച് ഉയര്‍ത്തിക്കൊണ്ട് പിമ്പോട്ടു മുഖം തിരിച്ച് അവന്‍ ഗായത്രിയെ നോക്കി അലറി.
“നിക്കുന്നിടത്ത്ന്ന് ഒരിഞ്ചുപോലും അനങ്ങിയേക്കരുത്! നിന്‍റെ മുമ്പില്‍ ഇവനെ കിട്ടുന്ന ദിവസത്തിനു വേണ്ടിയാ ഞാനിത് വരെ വെയിറ്റ് ചെയ്തിരുന്നെ!”
ജോയലിന്റെ ശബ്ദം അത്രമേല്‍ ഭീഷണവും ക്രൌര്യം നിറഞ്ഞതുമായിരുന്നതിനാല്‍ ഗായത്രി ഭയന്ന് വിറച്ചു.
സൂര്യപ്രകാശം കടന്നുവരാത്ത കാടിന്‍റെ വന്യഗഹനതയില്‍, പച്ച നിറത്തിന്റെ ദൃശ്യസങ്കീര്‍ണ്ണതയില്‍, എന്ത് ചെയ്യണമെന്നറിയാതെ ഗായത്രി പരിഭ്രമിച്ചു.
അടുത്ത നിമിഷം ജോയലിന്റെ മുഷ്ടിചുരുട്ടിയ ഇടി പോത്തന്‍ ജോസഫിന്‍റെ മൂക്ക് തകര്‍ത്തു.
“ആഅഹ്!!”
അയാള്‍ അലറിക്കരഞ്ഞു.
പിന്നെ ജോയലിനെ ആഞ്ഞു ചവിട്ടാന്‍ കാലുയര്‍ത്തി.