പോത്തന്‍ ജോസഫ് ദയനീയമായി ജോയലിനെ നോക്കി.
“പറയാം…”
ജോയലിന്റെ മുഖത്തെ ഭാവം നേരിടാനാകാതെ അയാള്‍ പരുങ്ങി.
“വീട്ടീന്ന് വിളിച്ചിറക്കിക്കൊണ്ട് പോയി….”
അയാള്‍ പറഞ്ഞു.
“എന്നിട്ട് ഷഗുന്‍ ഘാട്ടിലെത്തിയപ്പോള്‍ പോലീസ് ജീപ്പില്‍ നിന്നുമിറക്കി വെടി വെച്ച് ……”
ബാക്കി പറയാനാവാതെ അയാള്‍ തലകുനിച്ചു.
ഗായത്രി ഞെട്ടിത്തരിച്ച് ജോയലിനെ നോക്കി.
അപ്പോള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത!
ബെന്നറ്റ് ഫ്രാങ്ക് പോലീസിനെ വെടിവെച്ച് കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു, പോത്തന്‍ ജോസഫും സംഘവും പിന്തുടര്‍ന്നു, ബെന്നറ്റ് ഫ്രാങ്ക് കാറില്‍ നിന്നും പോലീസ് സംഘത്തിനു നേരെ വെടിയുതിര്‍ത്തു, അപ്പോള്‍ പോത്തന്‍ ജോസഫിന് അദ്ധേഹത്തെ വെടിവെച്ചുകൊല്ലേണ്ടി വന്നു…
എന്നിട്ട് അദ്ധേഹത്തിന്റെ കൊലയാളി തന്നെ ആ രംഗം വിവരിക്കുന്നു!
ഈശ്വരാ!!
ഗഗന കൂടാരത്തില്‍ നിന്നും ഭീമാകാരമായ ഒരു ശിലാഖണ്ഡം ശിരസ്സിലേക്ക് പതിച്ചതിന്റെ അസഹ്യതയിലെന്നോണം ഗായത്രി അവിശ്വസനീയതയും അമ്പരപ്പും വേദനയും നിറഞ്ഞ കണ്ണുകളോടെ ജോയലിനെ നോക്കി.
വിദൂരതയില്‍ നിന്നും ദുഖസാന്ദ്രമായ ഒരു വയലിന്‍ സംഗീതം കേക്കുന്നുണ്ടോ?
ജീവിതത്തില്‍ അവശേഷിക്കുന്ന മോഹവും വിരഹവും സ്വപ്ന നഷ്ട്ടവും കലര്‍ന്ന ഭാവത്തോടെ അവള്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.
മനം നൊന്തുള്ള അവളുടെ നോട്ടത്തെ അവന്‍ അലിവോടെ നേരിട്ടു.
“ജോ….”
അവളുടെ ചുണ്ടുകള്‍ വിറപൂണ്ടു.
വര്‍ഷങ്ങളുടെ താപ നൈരന്തര്യത്തെ അതിജീവിച്ച് പ്രണയത്തിന്‍റെ നീര്‍മാതളച്ചില്ലകള്‍ സുഖശൈത്യം നിറഞ്ഞ കാറ്റിനെ തലോടി സ്വീകരിക്കുന്നു….
ശരത്ക്കാല മുകിലുകള്‍ ഏകാന്തമായ ദ്വീപിനുമേല്‍ ആര്‍ദ്ര സാന്നിധ്യമാകുന്നു….
മനസ്സിന്‍റെ വികാരവിക്ഷോഭം നിയന്ത്രാണാതീതമായപ്പോള്‍ പിമ്പില്‍ നിന്ന മരത്തിലേക്ക് അവള്‍ ചാരിനിന്നു.
തന്‍റെ ഹൃദയം നുറുങ്ങിയുടയുന്നത് പോലെ അവള്‍ക്ക് തോന്നി.
“എന്തിനാ നിങ്ങള്‍ എന്‍റെ പപ്പയെ കൊന്നത്?”
ജോയല്‍ അയാളോട് ചോദിക്കുന്നത് ഗായത്രി കേട്ടു.
അവള്‍ പോത്തന്‍ ജോസഫിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.
“മാഡം മാഡം!!!”
അയാള്‍ തന്നെ നോക്കി നോക്കി കൈകള്‍ കൂപ്പുന്നത് അവള്‍ കണ്ടു.