സൂര്യനെ പ്രണയിച്ചവൾ 23 [Smitha]

Posted by

അവള്‍ സാവധാനം, അല്‍പ്പം ഭയത്തോടെ പോത്തന്‍ ജോസഫിനോട് ചോദിച്ചു.

“നിങ്ങള്‍ എന്താ പറഞ്ഞെ?”

“നിന്‍റെ തന്ത പദ്മനാഭന്‍ തമ്പി, കേന്ദ്ര മന്ത്രി, അയാള് പറഞ്ഞിട്ടാ…അയാള് കാരണവാ ഞങ്ങള് ഈ ജോയലിന്റെ പപ്പയെ കൊന്നത്!”

ഗായത്രിയുടെ ശ്വാസഗതി ഉയര്‍ന്നു.
കണ്ണുകള്‍ വിടര്‍ന്നു.
തന്‍റെ ദേഹം ദുര്‍ബലമാകുന്നതും താന്‍ ഏതു നിമിഷവും നിലത്തേക്ക് കുഴഞ്ഞു വീഴുമെന്നും അവള്‍ക്ക് തോന്നി.

“ജോ….”

വേദനയും പശ്ച്ച്ചാത്താപവും കുറ്റബോധവും നിറഞ്ഞ സ്വരത്തില്‍ ഗായത്രി അവനെ വിളിച്ചു.

“അയാടെ കള്ളത്തരം ….. ബില്ല്യന്‍ ഡോളര്‍ അഴിമതി ജോയലിന്റെ പപ്പാ കണ്ടുപിടിച്ചു…അത് പബ്ലിഷ് ചെയ്യാതിരിക്കാന്‍ ഭീഷണിപ്പെടുത്തി, കാലുപിടിച്ചു, അയാള് സമ്മതിച്ചില്ല…അതുകൊണ്ട് കൊന്നു….അതിനു കൈനിറച്ച് ചോദിച്ച പൈസേം തന്നു അയാള്…”

പോത്തന്‍ ജോസഫ് തുടര്‍ന്നു.
അയാള്‍ ഉരുവിട്ട ഓരോ വാക്കും ഗായത്രിയുടെ ഹൃദയത്തെ ഇടിച്ചു നുറുക്കി.
തലയ്ക്ക് മുകളില്‍ കാറ്റിലിളകുന്ന ഇലച്ചാര്‍ത്ത് ശിഥിലമായ അസ്ഥികളെപ്പോലെ തന്നെ നോക്കുന്നത് അവള്‍ കണ്ടു.
തന്‍റെ ഹൃദയമിടിപ്പ്‌ ഒഴുകിയുറയുന്ന രക്തത്തിലേക്ക് അലിഞ്ഞു കയറുന്നതും.
ഒരു വേനല്‍ക്കുതിരമേലേറി എന്നിലേക്ക് പറന്നു വരുന്ന സൂര്യനായി നിന്നെ സ്വപ്നം കണ്ടവളാണ് ഞാന്‍, എന്‍റെ ജോ…
വെണ്മുകിലുകള്‍ക്കിടയില്‍ നിന്ന് നീ പ്രണയനോട്ടമെറിയുന്നതും ആ നോട്ടത്തിലെരിഞ്ഞു തപിക്കുന്ന ദീപനാളമാകാനും എത്ര തീവ്രമായാണ് ഞാന്‍ കൊതിച്ചത്!
പച്ചമരത്തഴപ്പുകള്‍ക്ക് താഴെ, ആനക്കറുപ്പന്‍ മേഘങ്ങള്‍ മിന്നല്‍പ്പിണരായി ജ്വലിക്കുമ്പോള്‍ നിന്‍റെ ജീവരേതസ്സില്‍ കുതിരാന്‍ എത്രമേല്‍ കൊതിച്ചു ഞാന്‍….

പക്ഷെ….
ഞാന്‍ ക്ഷമ കാണിച്ചില്ല.
എനിക്ക് കാത്തിരിക്കമായിരുന്നു.
എതിര്‍ദിശയിലേക്ക് ചിന്തിക്കാമായിരുന്നു.
നിന്‍റെ കരളെന്ത് മാത്രം പിളര്‍ന്നിട്ടുണ്ടായിരിക്കണം, എന്‍റെ ക്രൂരമായ തിരസ്ക്കാരം നിന്‍റെ മേല്‍ പര്‍വ്വത നിഴലുകള്‍ പോലെ പെരുകി വളര്‍ന്നപ്പോള്‍….!
നിയന്ത്രിക്കാനാവാതെ ഗായത്രി പൊട്ടിക്കരഞ്ഞു.

“പക്ഷെ ജോയലിന്റെ പപ്പയെ അയാള് കൊന്നതിന്‍റെ ശരിക്കുള്ള കാരണം നീയാ….”

പോത്തന്‍ ജോസഫിന്റെ ശബ്ദം ഗായത്രി കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *