“‘ താൻ പേടിക്കണ്ട . ..പോയി അന്വേഷിക്ക് . ബെഡ്‌റൂമിൽ ആണ് കിടന്നതെങ്കിൽ ഒന്നും പേടിക്കണ്ട “”
കണാരന് ആശ്വാസത്തിനുള്ള വകയായിരുന്നു തോമാച്ചന്റെ വീട്ടിൽ ചെന്നപ്പോൾ കേട്ടത് . അത്കൊണ്ട് തന്നെ കണാരൻ സംസ്കാരം കഴിയുന്നത് വരെ എല്ലാറ്റിനും മുൻപന്തിയിലോടി നടന്നു.
“‘ ചേച്ചീ ..വല്ലതും കഴിക്ക് . പള്ളീൽ പോകാനുള്ളതാ .ഇന്നലെയൊരുതുള്ളി വെള്ളം കുടിച്ചിട്ടില്ല “”
“‘വേണ്ട ആനീ . നീ അന്നാമ്മക്കും കറിയാപ്പിക്കും കൊടുക്ക് “‘
“‘അവൻ കുടിച്ചു . അന്നമ്മക്ക് കൊടുത്തിട്ടാ ഞാൻ വന്നേ . ചേച്ചിയിതങ്ങു കുടിച്ചേ .എന്നിട്ടൊരുങ്ങ് . ഓട്ടോ ഇപ്പോവരും പള്ളീൽ പോകാൻ . “”
ആനി ചായ ഗ്ലാസ് എമിലിയുടെ ചുണ്ടിൽ മുട്ടിച്ചു .
തോമാച്ചന്റെ ഒരേയൊരു പെങ്ങളാണ് ആനി എന്ന് വിളിക്കുന്ന ആഗ്നസ് സ്കറിയ . ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ ജോലിയാണവൾക്ക് . ഹസ്ബൻഡുമായി പിരിഞ്ഞ ആനി ബാംഗ്ലൂരിൽ ഒറ്റക്കാണ് താമസം .
“‘നീ ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ല അന്നാമ്മേ . നാളത്തേന് ടിക്കറ്റ് നോക്കട്ടെ “”
“‘ഞാനിനി പോണില്ല ആന്റി . ””
ബെഡിൽ എമിലിയുടെ അടുത്തുകിടക്കുകയായിരുന്ന അന്നാമ്മയുടെ അടുത്തേക്ക് വന്ന ആനി പറഞ്ഞപ്പോൾ അന്നാമ്മ വിതുമ്പി .
”എന്റെ കൊച്ചെ ഇവിടെ നിന്നിട്ടെന്നാ ചെയ്യാനാ . ചേട്ടായീടെം നിന്റെം ആഗ്രഹമല്ലായിരുന്നോ ക്യാനഡയിൽ പോയി പഠിക്കുകാന്നുള്ളത് .അത് നീ സാധിച്ചു കൊടുക്കണം “‘ ആനി അവളുടെ മുടിയിൽ തഴുകി
”’ ഇനിയെങ്ങനെ പഠിക്കാനാ ആന്റി . ഫീസും ഒക്കെ നല്ല പൈസയാവും .അല്ലേലും മമ്മിയെ ഇട്ടിട്ട് ഞാനിനി എങ്ങോട്ടുമില്ല “” അന്നാമ്മ കട്ടായം പറഞ്ഞു .
“” ഫീസൊക്കെ ഉണ്ടാക്കാം . നിനക്ക് പാർട്ട് ടൈം ജോലിയും ഉണ്ടല്ലോ . ബില്ല് മാറിയാൽ എല്ലാ പ്രശനവും തീരും . ഒരു കാര്യം ചെയ്യ് . ഉടനെ ഞാൻ നിർബന്ധിക്കുന്നില്ല . രണ്ടാഴ്ച കഴിഞ്ഞു നീ പോണം .””
ആനി അവളോട് പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി .
എന്നാൽ ആനി ഉദ്ദേശിക്കുന്ന രീതിയിൽ അല്ലായിരുന്നു കാര്യങ്ങൾ . നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ വീട്ടിലേക്ക് ആളുകൾ വരൻ തുടങ്ങി .
“‘സാറെ ഇത്തിരി സാവകാശം കൂടി”” ആനി പ്രതീക്ഷയോടെ മാനേജരെ നോക്കി .
“‘ നിങ്ങൾ എജ്യൂക്കേറ്റഡ് അല്ലെ . ഇതെന്റെ കയ്യിൽ നിൽക്കുന്ന കാര്യം അല്ലെന്നറിയാമല്ലോ . നിങ്ങൾ ഇന്ററെസ്റ്റ് അടച്ചാൽ സാവകാശം കിട്ടുമല്ലോ . ഒരു കാര്യം ചെയ്യ് . പത്തുദിവസത്തിനുള്ളിൽ ഇന്ററസ്റ്റ് അടക്ക് . അതുവരെ ഞാൻ സാവകാശം തരാം “‘ മാനേജർ പറഞ്ഞിട്ട് ഫോണെടുത്തപ്പോൾ ആനി എമിലിയെയും കൂട്ടി ക്യാബിന് വെളിയിലിറങ്ങി .
“‘ ഇനിയെങ്ങോട്ടാ ?”
“‘നേരെ വീട്ടിലേക്ക് പോകാം രമേശേട്ടാ “”
ആനി പറഞ്ഞതും രമേശൻ ഓട്ടോ എടുത്തു .