കർമ്മഫലം [ഋഷി]

Posted by

കർമ്മഫലം

Karmabhalam | Author : Rishi


ചെറിയൊരു റക്ക്സാക്കും തൂക്കി എഗ്ഗ്മോർ സ്റ്റേഷൻ്റെ പടികൾ കയറുമ്പോൾ മനസ്സിനോട് ഒന്നുമാത്രം അപേക്ഷിച്ചു…. ഒന്നുമോർക്കല്ലേ! ഈ ക്ഷീണിച്ച ദേഹത്തിന് ഇനിയൊന്നും താങ്ങാനാവില്ല. വൈകുന്നേരം ആറുമണിയായി. എന്നാലും ഈ ചെന്നൈ മഹാനഗരത്തിനെന്തു പുഴുക്കമാണ്. മുടിഞ്ഞ ചൂടും. വാടിത്തളർന്നു പോയി.

നേരേ ചെന്ന് ടിക്കറ്റ് കൗണ്ടറിൻ്റെ മുന്നിലുള്ള ക്യൂവിലലിഞ്ഞു. അത്ര തിരക്കില്ല. നന്നായി. എവിടെയെങ്കിലും ഇരുന്നില്ലെങ്കിൽ വീണുപോകും.

രാമേശ്വരം. സെക്കൻ്റ്ക്ലാസ്. റിസർവേഷൻ കെടയ്ക്കുമാ? ഞാൻ കിളിവാതിലിലിൽക്കൂടി പൈസ നീട്ടിക്കൊണ്ടു ചോദിച്ചു.

ഉള്ളെ റ്റീറ്റി കിട്ടെ കേട്ടു പാരുങ്കെ. അങ്ങേരൊരു ജനറൽ കമ്പാർട്ട്മെൻ്റിൻ്റെ ടിക്കറ്റും ബാക്കി കാശും നീട്ടി.

ആറേകാലാവുന്നേ ഉള്ളൂ. ട്രെയിൻ വന്നിട്ടില്ല. ഞാൻ പ്ലാറ്റ്ഫോമിലെ സ്റ്റാളിൽ നിന്നുമൊരു ചായയും ചെറിയ ബോട്ടിൽ വെള്ളവും വാങ്ങി. അടുത്തുള്ള ബെഞ്ചിൽ നിന്നും ഒരു കുടുംബമെണീറ്റു പോവുന്നു. ഒഴിഞ്ഞ ബെഞ്ചിൻ്റെ ഒരറ്റത്തിരുന്നു.

ഭാണ്ഡക്കെട്ട് താഴെ വെച്ചു. കാലുകളിത്തിരി നീർത്തി. ഹാവൂ! എന്തൊരാശ്വാസം! ഒരിറക്കു ചായ മൊത്തി. ഓഹ്! എന്തെങ്കിലും തൊണ്ടവഴി ഇറങ്ങിയിട്ട് മണിക്കൂറുകളായി. ചായ കുടിച്ചു തീർത്തു. കണ്ണുകളടഞ്ഞുപോയി… കഴുത്തു കുഴഞ്ഞ് തല താഴോട്ടുപോയപ്പോൾ ഞെട്ടിയുണർന്നു.

അഹ്..ആഹ്..മം..മം… ഒരു കരച്ചിലല്ലേയത്! അടക്കിപ്പിടിച്ച തേങ്ങൽ? ഞാൻ ചുറ്റിലും നോക്കി. ഉറക്കച്ചടവിൽ ആദ്യമൊന്നും തിരിഞ്ഞില്ല. ഒരു മൂടൽ പോലെ.

കണ്ണുകൾ തിരുമ്മിയപ്പോൾ ക്ലിയറായി. ഞാനിരുന്ന ബെഞ്ചിൻ്റെ അങ്ങേയറ്റത്ത് ഒരു മൂടിപ്പുതച്ച രൂപം. സ്ത്രീയാണെന്നു തോന്നുന്നു. വെളുത്ത നിറമുള്ള ചേലത്തലപ്പിട്ട് തലയും മുഖവും മറച്ചിരിക്കുന്നു. തേങ്ങലിനൊപ്പം ചെറുതായി അനങ്ങുന്നുണ്ട്. ഇതാ വേറൊരു നോവുന്ന ആത്മാവ്!

പെട്ടെന്നവരെൻ്റെയടുത്തേക്കു നീങ്ങിയിരുന്നു! ഓ! അപ്പുറത്ത് ഒരണ്ണാച്ചിയും കണവിയും മൂടൊറപ്പിച്ചതാണ്! രണ്ടും സമൃദ്ധമായി മുറുക്കുന്നുണ്ട്.

ഞാൻ നോക്കിയപ്പോൾ ട്രെയിൻ വരാനുള്ള ഒരുക്കങ്ങൾ കണ്ടു. പോർട്ടർമ്മാരെല്ലാം ഉഷാറായി. കുനിഞ്ഞു ഭാണ്ഡമെടുത്തു. അപ്പോൾ! മോനേ! അമ്മയുടെ സ്വരം!

ഞാൻ ഞെട്ടിപ്പോയി. രോമങ്ങളെഴുന്നു! ഏഹ്! അല്ല! അല്ല! എൻ്റെയമ്മയുടെ ചാരവും എലക്ട്രിക്ക് ശ്മശാനം ബാക്കിവെച്ച അസ്ഥികളുടെ പൊട്ടുകളും പ്ലാസ്റ്റിക്കിലും തുണിയിലും പൊതിഞ്ഞ് ഞാൻ കരുതിയിട്ടുണ്ടല്ലോ! മോനേ! പിന്നെയുമാ വിറയ്ക്കുന്ന സ്വരം.

Leave a Reply

Your email address will not be published. Required fields are marked *