“എന്താ കുഞ്ഞാ..?”
രാജി ചോദിച്ചു.
“കാലത്ത് മുതലായ് ഞാൻ ശ്രദ്ധിക്കുന്നു. നിനക്കെന്ത് പറ്റി?”
ജ്യോതി ഒന്ന് നിന്നു. പിന്നെ നനഞ്ഞ മതിലിലേക്ക് തോളുചാരി.
“ക്ലാസിൽ ഫൈസയുണ്ടാകും…. അവളെ ഞാന്‍ എങ്ങനെ ഫേസ് ചെയ്യും? എനിക്കെന്താ ചെയ്യണ്ടേന്നറിയില്ല.”
“മ്… എന്തായാലും പോയല്ലേ പറ്റൂ… എപ്പഴായാലും അവളെ കണാനുള്ളതല്ലേ. അപ്പൊ പിന്നെ ആലോചിച്ച് വിഷമിച്ചിട്ടെന്താ കാര്യം?”
ജ്യോതി ഒരു നെടുവീര്‍പ്പിട്ടു. എന്നിട്ട് പറഞ്ഞു,
” എനിക്കങ്ങനെ ഒരുപാട് കൂട്ടുകാരൊന്നൂല്ല. ഇവര് കുറച്ചുപേരേയുള്ളൂ. അന്നങ്ങനെയൊക്കെ പറ്റിപ്പോയതാണ്. അത് കൊണ്ട് ഞങ്ങടെ ഫ്രണ്ട്ഷിപ്പ് ഇല്ലാണ്ടായാൽ…. എനിക്കത് സഹിക്കാന്‍ പറ്റില്ല… ”
അവളുടെ കൺകോണിൽ ഒരു കണ്ണീർതുള്ളി തിളങ്ങുന്നത് രാജി കണ്ടു. അവൾ ജ്യോതിയുടെ തോളിൽ കൈവച്ച് പറഞ്ഞു,
” അങ്ങനൊന്നുമുണ്ടാവില്ല. വെറുതെ ചിന്തിച്ചു കൂട്ടണ്ട. പ്രിയപ്പെട്ട കൂട്ടുകാരിയല്ലേ… അവൾക്ക് നിന്നെ മനസ്സിലാകും. പേടിക്കണ്ട… വാ… ”
രാജി ജ്യോതിക്ക് ധൈര്യം കൊടുത്ത് കോളേജിലേക്ക് കൂട്ടി. കോളേജിന്റെ നടുമുറ്റത്തെ വലയമരത്തിന്റെ ചുവട്ടിൽ വച്ച് യാത്ര പറയുമ്പോഴും ധൈര്യമായിരിക്കാൻ രാജി അവൾക്ക് ഉപദേശം കൊടുത്തു. ജ്യോതി അവളുടെ ബ്ലോക്കിലേക്ക് നടന്നകലുന്നത് രാജി കുറച്ചുനേരം നോക്കിനിന്നു. ഏതോ ഒരു കാറ്റിൽ മരച്ചില്ലകൾ അവൾക്ക് നേരെ ജലശരങ്ങളെയ്തു….
***************************